പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്... ടെന്നീസിനെ മത്തുപിടിപ്പിക്കുന്ന ഫെഡറര്‍

Written By:

മെല്‍ബണ്‍: പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെയാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടെന്നീസ് ലോകത്തെ മത്തുപിടിപ്പിച്ച് അദ്ദേഹം മുന്നോട്ടുള്ള പ്രയാണം തുടരുമ്പോള്‍ ചരിത്രങ്ങള്‍ പലതും വഴിമാറുകയാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഞായറാഴ്ച കിരീടം നേടിയതോടെ സ്വിസ് ഇതിഹാസത്തിന്റെ ഗ്രാന്റ്സ്ലാം സമ്പാദ്യം 20 ആയി മാറി. ആധുനിക ടെന്നീസിലെ മാത്രമല്ല ടെന്നീസ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത താരമായി മാറിയിരിക്കുകയാണ് ഫെഡറര്‍.

തന്റെ സമകാലികരായ ഒട്ടുമിക്ക പേരും കളി മതിയാക്കി വിശ്രമജീവിതം നയിക്കുമ്പോള്‍ 36ാം വയസ്സിലും ചുറുചുറുക്കോടെ ഫെഡററുടെ കുതിപ്പ് തുടരുകയാണ്. ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു മറികടന്നാണ് ഫെഡറര്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത്.

ഗംഭീര തിരിച്ചുവരവ്

ഗംഭീര തിരിച്ചുവരവ്

തന്നെ എഴുതിത്തള്ളിയവരെ ഞെട്ടിച്ചാണ് ഫെഡറര്‍ വീണ്ടുമൊരിക്കല്‍ കൂടി ലോക ടെന്നീസിന്റെ തലപ്പത്തേക്കു കയറിയത്. 2012ലെ വിംബള്‍ഡണ്‍ കിരീടവിജയത്തിനു ശേഷം നാലര വര്‍ഷത്തോളം ഒരു ഗ്രാന്റ്സ്ലാം പോലും നേടാന്‍ സ്വിസ് താരത്തിനായില്ല. ഇതോടെ ടെന്നീസിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഫെഡറര്‍ക്ക് ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതി.
എന്നാല്‍ 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായ ഫെഡറര്‍ തന്റെ കാലം കഴിഞ്ഞില്ലെന്നതിന്റെ സൂചന നല്‍കി. പിന്നീട് ഇതേ വര്‍ഷം തന്നെ വിംബിള്‍ഡണിലും അദ്ദേഹം കിരീടമുയര്‍ത്തി. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ചാംപ്യനായ അദ്ദേഹം തന്നില്‍ ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

അവിശ്വസനീയമെന്നു ഫെഡറര്‍

അവിശ്വസനീയമെന്നു ഫെഡറര്‍

തന്റെ 20ാം ഗ്രാന്റ്സ്ലാം കിരീടനേട്ടത്തെ അവിശ്വസീനയമെന്നാണ് ഫെഡറര്‍ വിശേഷിപ്പിച്ചത്. ഗ്രാന്റ്സ്ലാം കിരീടം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങിയപ്പോള്‍ വികാരധീനനനായ സ്വിസ് ഇതിഹാസം വിങ്ങിപ്പൊട്ടി. കിരീടവിജയത്തിനു ശേഷമുള്ള പ്രതികരണത്തിനിടെ അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും മുറിയുന്നുണ്ടായിരുന്നു. വളരെയേറേ സന്തോഷമുണ്ട്. ഇത് അവിശ്വസനീയമെന്നായിരുന്നു ഫെഡററുടെ ആദ്യ പ്രതികരണം. ഒരു വര്‍ഷത്തിനിടെ മൂന്നു ഗ്രാന്റ്സ്ലാമുകളാണ് എനിക്കു നേടാനായത്. ഇപ്പോഴും ഇക്കാര്യം തനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമയം കാത്തുനില്‍ക്കും, ഒരാള്‍ക്കുവേണ്ടി മാത്രം

സമയം കാത്തുനില്‍ക്കും, ഒരാള്‍ക്കുവേണ്ടി മാത്രം

സമയം ഒരാള്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ലെന്നതാണ് യാഥാര്‍ഥ്യമെങ്കിലും ഫെഡററുടെ കാര്യത്തില്‍ ഇതു വ്യത്യസ്തമാണ്. ഫെഡറര്‍ക്കു വേണ്ടി സമയവും കാത്തുനില്‍ക്കുമെന്നാണ് ഇപ്പോഴത്തെ കിരീടവിജയം ചൂണ്ടിക്കാട്ടുന്നത്.
ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുമ്പോഴും ഫെഡറര്‍ മനസ്സുകൊണ്ട് പഴയ തുടക്കക്കാരന്‍ തന്നെയാണ്. തോല്‍വിയില്‍ കണ്ണുനീര്‍ വാര്‍ക്കുകയും ജയത്തില്‍ ആനന്ദാശ്രു പൊഴിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ ഇപ്പോഴും കാണാം. ടെന്നീസെന്ന ഗെയിമിന്റെ അംബാഡസറായി ഫെഡററര്‍ മാറിയിരിക്കുകയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

 കരിയറിന് ഭീഷണിയായ പരിക്ക്

കരിയറിന് ഭീഷണിയായ പരിക്ക്

2016ലേറ്റ പരിക്ക് ഫെഡററുടെ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് ആരാധകരും ടെന്നീസ് പ്രേമികളും ഭയപ്പെട്ടിരുന്നു. കാല്‍മുട്ടിനേറ്റല പരിക്കുമൂലം ദീര്‍ഘകാലം പുറത്തിരിക്കേണ്ടിവന്ന അദ്ദേഹത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പലരും വിലയിരുത്തിയെങ്കിലും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച സ്വിസ് ഇതിഹാസം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
17 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കി ടെന്നീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത ശേഷമായിരുന്നു അദ്ദേഹം പരിക്കിന്റെ പിടിയിലായത്. എന്നാല്‍ തിരിച്ചുവരവില്‍ മൂന്നു ഗ്രാന്റ്സ്ലാമുകള്‍ കൂടി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഉടനൊന്നും ഇതു നിര്‍ത്തില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

വിജയത്തിനു പിന്നില്‍ ഭാര്യ

വിജയത്തിനു പിന്നില്‍ ഭാര്യ

തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നത് ഭാര്യ മിര്‍ക്കയോടെയാണെന്ന് ഫെഡറര്‍ പറയുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാന്‍ തനിക്കു പ്രചോദനമേകുന്നത് മിര്‍ക്കയാണെന്ന് മല്‍സരശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭര്‍ത്താവിന്റെ പ്രധാനപ്പെട്ട മല്‍സരങ്ങള്‍ക്കെല്ലാം സാക്ഷിയാവാന്‍ മിര്‍ക്കയെത്താറുണ്ട്. വിവാഹത്തിനു മുമ്പും വിവാഹശേഷവുമെല്ലാം മിര്‍ക്ക കോര്‍ട്ടിലെ സ്ഥിരസാന്നിധ്യമാണ്. ദമ്പതികള്‍ക്കു ഇപ്പോള്‍ നാലു കുട്ടികളുണ്ടെങ്കിലും ഇവരൈയെല്ലാം ഒപ്പം കൂടി മിര്‍ക്ക ഫെഡറര്‍ക്ക് എല്ലാ വിധി പിന്തുണയുമായി മല്‍സരവേദികളില്‍ എത്താറുണ്ട്.

Story first published: Monday, January 29, 2018, 11:46 [IST]
Other articles published on Jan 29, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍