കൊച്ചിയില്‍ ഫുട്‌ബോള്‍ മതി, ക്രിക്കറ്റ് വേണ്ട; ഒടുവില്‍ സച്ചിനും പറഞ്ഞു

Posted By: rajesh mc

കൊച്ചി: ഫുട്‌ബോളിനായി ലോക നിലവാരത്തില്‍ ഒരുക്കിയ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കര്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകൂടിയായ സച്ചിന്‍ ട്വിറ്ററിലൂടെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്ക് പ്രതികരിച്ചത്.

ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും ആരാധകരെ നിരാശപ്പെടുത്തരുതെന്ന് സച്ചിന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഫിഫ അംഗീകരിച്ച ലോക നിലവാരത്തിലുള്ള പുല്‍ത്തകിടിയാണു കൊച്ചിയിലേത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് ക്രിക്കറ്റും കൊച്ചിയില്‍ ഫുട്‌ബോളും സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കുന്ന തരത്തില്‍ ശരിയായ തീരുമാനമെടുക്കാന്‍ കെസിഎയ്ക്കു കഴിയണം. വിഷയത്തില്‍ ഇടപെടാമെന്നു വിനോദ് റായി ഉറപ്പു തന്നിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

sachin

കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനായി ഗ്രൗണ്ട് വീണ്ടും ഉഴുതുമറിക്കേണ്ടിവരും. ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സി.കെ.വിനീതും ഇയാന്‍ ഹ്യൂമും മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയനുമൊക്കെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. വിഷയത്തില്‍ കെസിഎ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. സച്ചിന്‍ ഇടപെട്ടതോടെ കൊച്ചിയില്‍ നിന്നും ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Story first published: Wednesday, March 21, 2018, 9:08 [IST]
Other articles published on Mar 21, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍