പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞശേഷം തിരിച്ചയച്ചു

Posted By: rajesh mc

ദുബായ്: പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ മുന്‍താരം മുഹമ്മദ് ആസിഫിനെ ദുബായ് വിമാനത്താവളത്തില്‍വെച്ച് അധികൃതര്‍ തടഞ്ഞു. പാക് താരത്തിന്റെ കൈയ്യില്‍ മതിയായ രേഖകളില്ലെന്നുകാട്ടിയാണ് അധികൃതര്‍ തടഞ്ഞത്. ഇതോടെ സ്വന്തം നാട്ടിലേക്ക് ആസിഫ് മടക്കടിക്കറ്റെടുത്തു.

ദുബായ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും തനിക്ക് യാതൊരു മുന്നറിയിപ്പ് രേഖയും ലഭിച്ചിട്ടില്ലെന്ന് ആസിഫ് പ്രതികരിച്ചു. 2008ല്‍ ദുബായില്‍വെച്ച് ആസിഫ് പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തിരുന്നു. താരത്തിന്റെ കീശയില്‍നിന്നും ചെറിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്നാണിത്.

mohammadasif

ഇതിനുശേഷം പ്രത്യേക രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ ആസിഫിന് ദുബായില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഈ രേഖകള്‍ ഹാജരാക്കിയില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറയുന്നു. ഷാര്‍ജയില്‍ നടക്കുന്ന ഒരു ടി20 ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായാണ് ആസിഫ് ദുബായിലെത്തിയത്.

വിസ ഏര്‍പ്പാടാക്കിയ ടൂര്‍ണമെന്റ് സംഘാടകര്‍ തനിക്ക് പ്രത്യേക രേഖകള്‍ തയ്യാറാക്കി തന്നില്ലെന്ന് ആസിഫ് പറഞ്ഞു. ഈ രേഖകള്‍ ലഭിച്ചശേഷം താരം ക്രിക്കറ്റ് കളിക്കായി വീണ്ടും ദുബായിലെത്തും. ഒത്തുകളിയുടെ പേരില്‍ അഞ്ചുവര്‍ഷം വിലക്കപ്പെട്ട ആസിഫിനെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിലും ടീമില്‍ നിന്നും തഴയപ്പെട്ടിരുന്നു. പ്രതിഭാധനനായ ഈ ക്രിക്കറ്റര്‍ അച്ചടക്കമില്ലാത്ത ജീവിതംകൊണ്ട് കരിയര്‍ സ്വയം നശിപ്പിക്കുകയായിരുന്നു.

Story first published: Friday, March 30, 2018, 8:27 [IST]
Other articles published on Mar 30, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍