എങ്ങനെ സാധിക്കുന്നു?; 35-ാം വയസ്സിലും സ്വര്‍ണ്ണം ഇടിച്ചിട്ട മേരി കോം ആ രഹസ്യം പറയുന്നു

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: സ്‌പോര്‍ട്‌സ് താരങ്ങളെ പ്രായം വെച്ച് അളക്കുന്നത് പൊതുവെയുള്ള രീതിയാണ്. ഇനി ഇത് വനിതാ താരമാണെങ്കില്‍ വിവാഹവും, പ്രസവവുമെല്ലാം അളവുകോലുകളാകും. എന്നാല്‍ ഇതൊന്നും ഒരു പ്രശ്‌നമല്ലെന്ന് ഇടിക്കൂട്ടിലെ മികവ് കൊണ്ട് തെളിയിച്ച ഇന്ത്യന്‍ ബോക്‌സര്‍ മേരി കോം ഈ 35-ാം വയസ്സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണ്ണം കൂടി ഇടിച്ചിട്ട് കൊണ്ട് പറയുന്നു പരിശീലനമാണ് എല്ലാമെന്ന്.

മൂന്ന് മക്കളുടെ അമ്മയായ മേരി കോമിന് അഞ്ച് ലോക ചാമ്പ്യന്‍ പട്ടങ്ങളും, ഒരു ഒളിംപിക് വെങ്കല മെഡലുമാണുള്ളത്. 'എന്റെ വിജയത്തിന് പിന്നിലെ രഹസ്യം ഫിറ്റ്‌നസും, വേഗതയുമാണ്. മത്സരങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ ഏറെ ശ്രദ്ധിക്കും. എതിരാളികളുടെ നീക്കങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിയുന്നത് ഭാഗ്യമാണ്. അവരെ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ എനിക്ക് കഴിയാറുണ്ട്', കോമണ്‍വെല്‍ത്ത് വിജയത്തിന് ശേഷം മേരി കോം വ്യക്തമാക്കുന്നു.

marykom

ഒരു ദിവസം പോലും മുടക്കാതെയുള്ള പരിശീലനമാണ് ഫിറ്റ്‌നസിന് കാരണമെന്ന് മേരി കോം ഉറപ്പിച്ച് പറയുന്നു. ശാന്തമായി ഇരിക്കാന്‍ പരിശീലനമാണ് ആശ്രയം. അതൊരു ശീലമാണ്. പരിശീലനം എന്നെ സന്തോഷിപ്പിക്കും. പരിശീലനം നടത്തിയില്ലെങ്കില്‍ അസുഖം വന്ന പോലെയാണ്, താരം കൂട്ടിച്ചേര്‍ത്തു.

2020 ഒളിംപിക്‌സ് മനസ്സിലുണ്ടോയെന്ന ചോദ്യത്തിന് ഫിറ്റ്‌നസ് തന്നെയാണ് ആവശ്യമെന്ന് ഇവര്‍ മറുപടി നല്‍കി. തന്റെ 48 കിലോഗ്രാം മത്സരം ഒളിംപിക്‌സിലില്ല, 51 കിലോയില്‍ മത്സരിക്കാന്‍ ഭാരം കൂട്ടണം. ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ ഉറപ്പായും മത്സരിക്കും, മേരി കോം വ്യക്തമാക്കി. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരി കോം. എല്ലാ സുപ്രധാന ടൂര്‍ണമെന്റിലും മെഡല്‍ നേടാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് താരം അഭിപ്രായപ്പെട്ടു.

Story first published: Sunday, April 15, 2018, 8:51 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍