കോമണ്‍വെല്‍ത്തില്‍ 'ദംഗല്‍' ആവര്‍ത്തിച്ചു; ബബിതയുടെ പ്രകടനം കാണാന്‍ മഹാവീര്‍ ഫോഗട്ടിന് കഴിഞ്ഞില്ല

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ആമിര്‍ ഖാന്‍ ചിത്രമായ ദംഗല്‍ അങ്ങ് ചൈനയില്‍ വരെ ഹിറ്റായിരുന്നു. മഹാവീര്‍ ഫോഗട്ട് എന്ന ഫയല്‍വാന്റെയും മക്കളുടെയും കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഫൈനല്‍ മത്സരം കാണാന്‍ കഴിയാത്ത ഒരു അവസ്ഥ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ആവര്‍ത്തനമെന്ന പോലെ യഥാര്‍ത്ഥ ജീവിതത്തിലെ മഹാവീറിന്റെയും, ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ ജേതാവായ മകള്‍ ബബിത കുമാരി ഫോഗട്ടിന്റെയും കാര്യത്തിലും ഇത് തുടര്‍ന്നു.

ഗോള്‍ഡ് കോസ്റ്റിലെ കരാര സ്‌പോര്‍ട്‌സ് അരീനയില്‍ കാനഡയുടെ ഡയാന വിക്കറിനെതിരെയുള്ള ഫൈനല്‍ മത്സരത്തിലാണ് മഹാവീറിന്റെയും, ബബിതയുടെയും ജീവിതത്തില്‍ ഈ അവസ്ഥ നേരിട്ടത്. എന്നാല്‍ സിനിമ പോലെ ആരുടെയെങ്കിലും കളി കൊണ്ടല്ല ഇത് നേരിട്ടത്. ടിക്കറ്റില്ലാതെയാണ് മഹാവീര്‍ കളി കാണാനെത്തിയത്. വിദേശത്ത് ആദ്യമായി മത്സരം വീക്ഷിക്കാനെത്തിയ പിതാവിന് കൊടുക്കാനായി അത്‌ലറ്റിന് കൊടുക്കുന്ന രണ്ട് കസ്റ്റമറി ടിക്കറ്റുകള്‍ പോലും കിട്ടിയില്ലെന്നാണ് ബബിത പരാതിപ്പെടുന്നത്.

babitha

ഈ ടിക്കറ്റ് കിട്ടാനായി താന്‍ ഏറെ ശ്രമിച്ചെങ്കിലും സംഗതി നടന്നില്ല. ടിവിയില്‍ പോലും ഇത് കാണാന്‍ അവസരം ലഭിച്ചില്ല, ബബിത പറയുന്നു. ഇന്ത്യയുടെ ചെഫ്-ഡി-മിഷന്‍ വിക്രം സിസോദിയയോട് ആവശ്യപ്പെട്ടിട്ടും ടിക്കറ്റ് ലഭിച്ചില്ല. എന്നാല്‍ ഗുസ്തി താരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ കോച്ച് രാജീവ് തോമറിന്റെ പക്കല്‍ നല്‍കിയിരുന്നുവെന്നാണ് സിസോദിയ അവകാശപ്പെടുന്നത്. എന്നാല്‍ ബബിതയ്ക്ക് എന്ത് കൊണ്ടാണ് ടിക്കറ്റ് ലഭിക്കാതിരുന്നതെന്ന് തനിക്കറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

ഫൈനല്‍ കാണാന്‍ പിതാവിന് അവസരം നല്‍കാന്‍ അവസാനം വരെ കാത്തിരുന്നതാണ് ബബിതയെ സങ്കടപ്പെടുത്തുന്നത്. ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീമാണ് താരത്തിന്റെ സഹായത്തിനെത്തിയത്. ഇതുവഴി അരീനയില്‍ കടക്കാന്‍ സാധിച്ചെങ്കിലും മത്സരം കാണാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ ബബിതയ്ക്ക് വെള്ളി മെഡലാണ് ലഭിച്ചത്.

Story first published: Friday, April 13, 2018, 8:28 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍