ബുക്കിനും തോക്കിനും ഇടയില്‍ 15-കാരന്‍ ഷൂട്ടര്‍ അനീഷ് ഭന്‍വാല; സ്വര്‍ണ ജേതാവിനെ അറിയാം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ചരിത്രത്തിലെ താളുകള്‍ അത് തിരുത്തുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്. ഏതോ മഹാന്‍ പറഞ്ഞുവെച്ച ആ വാക്കുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്ന ഗോള്‍ഡ് കോസ്റ്റില്‍ അനീഷ് ഭന്‍വാല അരക്കിട്ടുറപ്പിച്ചത്. അഭിനവ് ബിന്ദ്രയും, ഗഗന്‍ നാരംഗും, ഹിന സിദ്ദുവിനുമൊപ്പം തന്റെ പേര് കൂടി അനീഷ് എഴുതിച്ചേര്‍ത്തത് 15-ാം വയസ്സിലെന്നതാണ് പ്രത്യേകത. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും അനീഷിന് സ്വന്തം.

ബെല്‍മോണ്ട് ഷൂട്ടിംഗ് സെന്ററില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അനീഷ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. മത്സരാര്‍ത്ഥികളില്‍ ഇളയവനാണെങ്കിലും പരിചയസമ്പന്നരായ താരങ്ങളെ കടത്തിവെട്ടുന്ന മികവ് പ്രകടിപ്പിച്ച് കൊണ്ടാണ് ഈ ഹരിയാനക്കാരന്‍ വിജയിച്ച് കയറിയത്. കോമണ്‍വെല്‍ത്തില്‍ ഇതിന് മുന്‍പ് പ്രായം കുറഞ്ഞ സ്വര്‍ണ്ണമെഡല്‍ ജേതാവ് മനു ഭാകറാണ്. ഈ ആഴ്ച ആദ്യം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഈ 16-കാരി സ്വര്‍ണ്ണം കൊയ്തത്.

cmg

കര്‍ണാല്‍ സ്വദേശികളായ അനീഷിന്റെ കുടുംബം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയിലെത്തുന്നത്. അനീഷിനും, സഹോദരി മുസ്‌കാനും അവരുടെ സ്വപ്‌നങ്ങള്‍ക്ക് അനുസരിച്ച് പരിശീലനം ലഭ്യമാക്കാനാണ് അഡ്വക്കേറ്റായ പിതാവ് ജഗ്പാല്‍ ഇത് ചെയ്തത്. തന്റെ പ്രാക്ടീസ് പോലും ഉപേക്ഷിച്ചാണ് ജഗ്പാല്‍ മക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് ചേക്കേറിയത്. പിതാവിന്റെ ആ ത്യാഗത്തിന്റെ വിലയറിഞ്ഞ അനീഷ് അതിന്റെ ഫലം കാണിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണില്‍ ജര്‍മ്മനിയില്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്‌പോര്‍ട്ട് ഫെഡറേഷന്‍ ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റൈഫിള്‍/പിസ്റ്റളില്‍ അനീഷ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. കൂടാതെ ജൂനിയര്‍ ലോക റെക്കോര്‍ഡും താരത്തിന്റെ പേരിലാണ്. ഒടുവില്‍ ഇതാ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണവും.

Story first published: Saturday, April 14, 2018, 8:53 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍