ആദ്യം ബ്രസീല്‍... ദാ ഇപ്പോള്‍ ഇറാഖും, ചിലിക്ക്‌ കഷ്ടകാലം തുടരുന്നു, ഹോണ്ടുറസ്‌ മിന്നി!

Posted By:

കൊല്‍ക്കത്ത: 2018ലെ റഷ്യന്‍ ലോകകപ്പ്‌ ഫുട്‌ബോളിനുള്ള യോഗ്യതാറൗണ്ടില്‍ ബ്രസീലിനോട്‌ 0-3ന്‌ തോറ്റ്‌ ലോകകപ്പ്‌ നഷ്ടമായ ചിലിക്ക്‌ കൗമാര ലോകകപ്പിലും കഷ്ടകാലം. അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഗ്രൂപ്പ്‌ മല്‍സരത്തിലും ചിലി പരാജയപ്പെട്ടു. ഗ്രൂപ്പ്‌ എഫില്‍ ഇറാഖാണ്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ചിലിയെ ഞെട്ടിച്ചത്‌.

അതേസമയം, ഗ്രൂപ്പ്‌ ഇയില്‍ ഹോണ്ടുറസ്‌ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ന്യൂ കാലെഡോണിയയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ്‌ ഹോണ്ടുറസ്‌ കെട്ടുകെട്ടിച്ചത്‌. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചിലിക്കെതിരേ ഇറാഖിന്റെ രണ്ടു ഗോള്‍ മുഹമ്മദ്‌ ദാവൂദിന്റെ വകയായിരുന്നു. മൂന്നാം ഗോള്‍ ചിലി താരം ലൂക്കാസ്‌ അല്‍കറോണിന്റെ സംഭാവനയായിരുന്നു.

honduras

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇറാഖ്‌ അര്‍ഹിച്ച ഗോള്‍ കൂടിയായിരുന്നു ഇത്‌. മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ ദാവൂദ്‌ ഇറാഖിനായി വലകുലുക്കിയിരുന്നു. ദുഷ്‌കരമായ ആംഗിളില്‍ നിന്നും ദാവൂദ്‌ തൊടുത്ത വലംകാല്‍ ഷോട്ട്‌ ചിലി ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു. 68ാം മിനിറ്റില്‍ ഇറാറഖിനു ജയവും വിലപ്പെട്ട മൂന്നു പോയിന്റും ഉറപ്പാക്കി ദാവൂദ്‌ വീണ്ടും നിറയൊഴിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍.

ഈ തോല്‍വിയോടെ ലോകകപ്പിന്റെ നോക്കൗട്ട്‌റൗണ്ടിലെത്താമെന്ന ചിലിയുടെ മോഹം പൊലിഞ്ഞു. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട്‌ 0-4ന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയതിനാല്‍ ചിലിക്ക്‌ ഈ മല്‍സരം ഏറെ നിര്‍ണായകമായിരുന്നു. അതേസമയം, ചാംപ്യന്‍ഷിപ്പിലെ ആദ്യജയമാണ്‌ ഇറാഖ്‌ സ്വന്തമാക്കിയത്‌. ആദ്യ മല്‍സരത്തില്‍ അവര്‍ മെക്‌സിക്കോയുമായി 1-1നു സമനിലയില്‍ പിരിയുകയായിരുന്നു.

എന്നാല്‍ ഗ്രൂപ്പ്‌ ഇയില്‍ ഉജ്ജ്വല തിരിച്ചുവരവാണ്‌ ഹോണ്ടുറസ്‌ നടത്തിയത്‌. ആദ്യ കളിയില്‍ ജപ്പാനു മുന്നില്‍ 1-6നു നാണംകെട്ട ഹോണ്ടുറസ്‌ അതിന്റെ ക്ഷീണമെല്ലാം കാലെഡോണിയക്കെതിരേ തീര്‍ത്തു. ഇരട്ടഗോള്‍ നേടിയ കാര്‍ലോസ്‌ മെജിയയും പാട്രിക്‌ പലാസിയോസുമാണ്‌ ഹോണ്ടുറസിന്റെ വിജയശില്‍പ്പികള്‍. ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍.

Story first published: Wednesday, October 11, 2017, 22:00 [IST]
Other articles published on Oct 11, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍