സുനില്‍ ഛെത്രി മാജിക്ക് വീണ്ടും; ബെംഗളൂരു സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍

Posted By: Mohammed shafeeq ap
Sunil Chethri

ഭുവനേശ്വര്‍: ഹാട്രിക്ക് ഗോളുകളുമായി സുനില്‍ ഛെത്രി കസറിയപ്പോള്‍ ബെംഗളൂരു എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ നെറോക്ക എഫ്‌സിയെ തകര്‍ത്തായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. നെറോക്കയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബംഗളൂരു തകര്‍ത്തുവിട്ടത്.

ഹാട്രിക്ക് ഗോള്‍ നേടിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഛെത്രിയാണ് ബംഗളൂരുവിന്റെ ഹീറോ. മല്‍സരത്തിലെ 13, 55, 94 (ഇഞ്ചുറിടൈം) മിനിറ്റുകളിലായിരുന്നു ഛെത്രിയുടെ ഗോള്‍ നേട്ടം. കളിയുടെ ആദ്യപകുതിയിലെ ഇഞ്ചുറിടൈമില്‍ പ്രിതാം സിങാണ് ബെംഗളൂരുവിനെതിരേ നെറോക്കയുടെ ആശ്വാസ ഗോള്‍ മടക്കിയത്. സെമിയില്‍ മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ മോഹന്‍ ബഗാനാണ് ബംഗളൂരുവിന്റെ എതിരാളികള്‍. ചൊവ്വാഴ്ചയാണ് ബെംഗളൂരുവും ബഗാനും തമ്മിലുള്ള ടൂര്‍ണമെന്റിലെ രണ്ടാം സെമി ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ തിങ്കളാഴ്ച എഫ്‌സി ഗോവ ഈസ്റ്റ് ബംഗാളിനെ എതിരിടും.

ആക്രമണ ശൈലിക്ക് പ്രധാന്യം നല്‍കിയാണ് ബെംഗളൂരു കോച്ച് ആര്‍ബെര്‍ട്ട് റോക്ക നെറോക്കയ്‌ക്കെതിരേ ടീമിനെ കളത്തിലിറക്കിയത്. മല്‍സരത്തിലെ തുടക്കം മുതല്‍ പന്ത് നിയന്ത്രിച്ച ബംഗളൂരു 13ാം മിനിറ്റില്‍ ഛെത്രിയിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ഉഡാന്‍ഡ സിങിന്റെ താഴ്ന്നുവന്ന ക്രോസ് ഷോട്ട് നെറോക്ക ഗോള്‍കീപ്പര്‍ ലാലിത് താപ തട്ടിയകറ്റി. പക്ഷേ, റീബൗണ്ടായി വന്ന പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ഛെത്രി ഗോളാക്കി മാറ്റുകയായിരുന്നു.

20ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ആസ്‌ത്രേലിയന്‍ താരം എറിക് പാര്‍തലുവിന് ഗോളിനുള്ള അവസരം ലഭിച്ചു. എന്നാല്‍, താരത്തിന്റെ ഹെഡ്ഡറില്‍ പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോവുകയായിരുന്നു. ഒന്നാംപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പ്രിതാമിലൂടെ നെറോക്ക തിരിച്ചടിച്ചു. ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദുവിന്റെ പിഴവ് മുതലെടുത്ത പ്രിതാം വീണുകിട്ടിയ അവസരം ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാംപകുതിയിലെ 55ാം മിനിറ്റില്‍ നെറോക്ക പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ ഛെത്രി ഗോള്‍കീപ്പര്‍ താപയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീട് നെറോക്കയ്ക്ക് ഗോള്‍ മടക്കാനും ബെംഗളൂരുവിന് ലീഡുയര്‍ത്താനും അവസരം ലഭിച്ചെങ്കിലും 90 മിനിറ്റുവരെ ഇരു ടീമിനും മുതലാക്കാനായില്ല. ഇഞ്ചുറിടൈമില്‍ കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ ഛെത്രി തന്റെ മൂന്നാം ഗോളും ലക്ഷ്യത്തിലെത്തിച്ച് ബെംഗളൂരുവിന് വിജയവും സെമി ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.

Story first published: Friday, April 13, 2018, 19:59 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍