മറഡോണയോടും സംഘത്തോടും മധുരപ്രതികാരം വീട്ടി വെസ്റ്റ് ജര്‍മനി...

Posted By: Mohammed shafeeq ap

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

1990ല്‍ ഇറ്റലിയില്‍ അരങ്ങേറിയ 14ാമത് ഫിഫ ലോകകപ്പ് വെസ്റ്റ് ജര്‍മനിക്ക് മധുരപ്രതികാരം വീട്ടലായിരുന്നു. 1986ല്‍ മെക്‌സിക്കോയില്‍ വച്ച് ഡീഗോ മറഡോണയുടെ അര്‍ജന്റീനയ്ക്കു മുമ്പില്‍ കിരീടം അടിയറവ് വച്ചതിന്റെ കണക്കുതീര്‍ക്കല്‍ അസൂറികോട്ടയില്‍ വച്ച് വെസ്റ്റ് ജര്‍മനി വീട്ടി. കൂടാതെ തുടര്‍ച്ചയായ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോക ചാംപ്യന്‍പട്ടം അസൂറികോട്ടയില്‍ ഉയര്‍ത്താനും ജര്‍മന്‍ പടയാളികള്‍ക്കായി. ഫിഫ ലോകകപ്പില്‍ വെസ്റ്റ് ജര്‍മനിയുടെ മൂന്നാം കിരീട നേട്ടം കൂടിയായിരുന്നു ഇറ്റലിയിലേത്. 24 ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഇറ്റലി ഗ്രൂപ്പ് എയില്‍ ചെക്കോസ്ലൊവാക്യ, ഓസ്ട്രിയ, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് (അമേരിക്ക) എന്നിവരോടൊപ്പമാണ് ഇടംപിടിച്ചത്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന, കാമറൂണ്‍, റൊമാനിയ, സോവിയേറ്റ് യൂണിയന്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലും മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍, കോസ്റ്ററിക്ക, സ്‌കോട്ട്‌ലന്‍ഡ്, സ്വീഡന്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലും വെസ്റ്റ് ജര്‍മനി, യുഗോസ്ലാവാക്യ, കൊളംബിയ, യുഎഇ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലും ഇടംപിടിച്ചു. ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ, സ്‌പെയിന്‍, ബെല്‍ജിയം, ദക്ഷിണ കൊറിയ എന്നിവരും ഗ്രൂപ്പ് എഫില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഹോളണ്ട്, ഈജിപ്ത് എന്നീ ടീമുകളും പോരടിച്ചു.

24ല്‍ നിന്ന് 16ലേക്ക്...

24ല്‍ നിന്ന് 16ലേക്ക്...

ആറ് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടുന്നതോടൊപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരായ ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ഇടംപിടിക്കും. ഈ ഘടനയിലായിലായിരുന്നു ടൂര്‍ണമെന്റ്. ഈ രീതിയിലല്ലായിരുന്നെങ്കില്‍ മറഡോണയുള്‍പ്പെടുന്ന നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ ഇറ്റാലിയന്‍ ലോകകപ്പില്‍ നിന്ന് പുറത്തുപോവുമായിരുന്നു. ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരായ അര്‍ജന്റീന മികച്ച ഗോള്‍ ശരാശരിയില്‍ ബെസ്റ്റ് ഓഫ് ത്രീകളിലൊന്നായി പ്രീക്വാര്‍ട്ടറിലേക്ക് തടിതപ്പുകയായിരുന്നു. കാമറൂണും റൊമാനിയയുമാണ് ഗ്രൂപ്പ് ബിയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. ആദ്യ മല്‍സരത്തില്‍ കാമറൂണിനോട് 1-0ന് തോറ്റ് കൊണ്ടായിരുന്നു ഇറ്റലി ലോകകപ്പില്‍ അര്‍ജന്റീനയുടെ തുടക്കം. രണ്ടാം മല്‍സരത്തില്‍ സോവിയേറ്റ് യൂണിയനെ 0-2ന് തോല്‍പ്പിച്ച അര്‍ജന്റീന മൂന്നാം മല്‍സരത്തില്‍ റൊമാനിയയോട് 1-1ന് സമനില വഴങ്ങുകയായിരുന്നു.

ആതിഥേയരായ ഇറ്റലി കളിച്ച മൂന്നിലും ജയിച്ച് ഗ്രൂപ്പ് എ ചാംപ്യന്‍മാരായപ്പോള്‍ ചെക്കോസ്ലൊവാക്യയക്കായിരുന്നു രണ്ടാം സ്ഥാനം. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്നിലും വിജയിച്ച് ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍ കോസ്റ്ററിക്ക രണ്ടാം സ്ഥാനക്കാരായി മുന്നേറി. ഗ്രൂപ്പ് ഡിയില്‍ ജര്‍മനി അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ രണ്ടാം സ്ഥാനക്കാരായി യുഗോസ്ലാവാക്യയും ബെസ്റ്റ് ഓഫ് ത്രീകളിലൊന്നായി കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, ബെല്‍ജിയം, ഉറുഗ്വേ (ബെസ്റ്റ് ഓഫ് ത്രീ), ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഹോളണ്ട് (ബെസ്റ്റ് ഓഫ് ത്രീ) എന്നിങ്ങനെ യഥാക്രമം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന...

പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന...

പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൊണ്ട് ശ്രദ്ധേയമായി. ബ്രസീലും അര്‍ജന്റീനയും തമ്മിലാണ് ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ കൊമ്പുകോര്‍ത്തത്. എന്നാല്‍, കളിയുടെ 80ാം മിനിറ്റില്‍ ക്ലൗഡിയോ പോള്‍ കാനിഗ്ഗിയ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന മഞ്ഞപ്പടയെ മറികടന്ന് ക്വാര്‍ട്ടറിലേക്ക് കുതിക്കുകയായിരുന്നു. ഹോളണ്ടിനെ 1-2ന് തോല്‍പ്പിച്ചായിരുന്നു വെസ്റ്റ് ജര്‍മനിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കൂടാതെ കാമറൂണ്‍ 2-1ന് കൊളംബിയയെയും ചെക്കോസ്ലാവാക്യ 4-1ന് കോസ്റ്ററിക്കയെയും അയര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ 5-4ന് റൊമാനിയയെയും ഇറ്റലി 2-0ന് ഉറുഗ്വേയെയും യുഗോസ്ലാവാക്യ 2-1ന് സ്‌പെയിനിനെയും ഇംഗ്ലണ്ട് 1-0ന് ബെല്‍ജിയത്തെയും തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.

എട്ടില്‍ നിന്ന് അവസാന നാലിലേക്ക്...

എട്ടില്‍ നിന്ന് അവസാന നാലിലേക്ക്...

ക്വാര്‍ട്ടറില്‍ അര്‍ജന്റീന യുഗോസ്ലാവാക്യയെയും ഇറ്റലി അയര്‍ലന്‍ഡിനെയും വെസ്റ്റ് ജര്‍മനി ചെക്കോസ്ലാവാക്യയെയും ഇംഗ്ലണ്ട് കാമറൂണിനെയുമാണ് നേരിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത പാലിച്ചപ്പോള്‍ അര്‍ജന്റീന-യുഗോസ്ലാവാക്യ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നിങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് അര്‍ജന്റീന വിജയിക്കുകയും ചെയ്തു. ഷൂട്ടൗട്ടില്‍ ഇതിഹാസ താരം മറഡോണയ്ക്ക് ലക്ഷ്യം പിഴച്ചിരുന്നു. വെസ്റ്റ് ജര്‍മനി 1-0ന് ചെക്കോസ്ലാവാക്യയെ മറികടന്നപ്പോള്‍ ഇതേ സ്‌കോറിന് ഇറ്റലി അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു. അധികസമയത്ത് മെക്‌സിക്കോ ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന ഗാരി ലിനേക്കര്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് 3-2ന് കാമറൂണിനെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറി.

അസൂറികോട്ട തകര്‍ത്ത് അര്‍ജന്റീന... ഇംഗ്ലണ്ട് കടന്ന് വെസ്റ്റ് ജര്‍മനി...

അസൂറികോട്ട തകര്‍ത്ത് അര്‍ജന്റീന... ഇംഗ്ലണ്ട് കടന്ന് വെസ്റ്റ് ജര്‍മനി...

വാശിയേറിയ സെമി ഫൈനലില്‍ രണ്ടിലും വിജയികളെ തീരുമാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ക്വാര്‍ട്ടറിന് പിന്നാലെ സെമിയിലും ഷൂട്ടൗട്ടില്‍ അര്‍ജന്റീന വെന്നിക്കൊടി നാട്ടുകയും ചെയ്തു. ആതിഥേയരായ അസൂറിപ്പടയായിരുന്നു അര്‍ജന്റീനയുടെ എതിരാളികളെങ്കില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെയാണ് വെസ്റ്റ് ജര്‍മനി നേരിട്ടത്. അവസാന രണ്ട് പെനാല്‍റ്റി കിക്കുകള്‍ ഇറ്റലി നഷ്ടപ്പെടുത്തിയപ്പോള്‍ കിക്കെടുത്ത നാലും ലക്ഷ്യത്തിലെത്തിച്ച് 4-3ന്റെ ജയത്തോടെ അര്‍ജന്റീന ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇതിഹാസതാരം മറഡോണ ടൂര്‍ണമെന്റില്‍ നേടിയ ഏക ഗോളും പെനാല്‍റ്റി കിക്കിലൂടെയായിരുന്നു.

ആദ്യ സെമി ഫൈനലിന് സമാനമായിരുന്നു വെസ്റ്റ് ജര്‍മനിയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി ഫൈനലും. അവസാന രണ്ട് കിക്കുകള്‍ ഇംഗ്ലണ്ട് പാഴാക്കിയപ്പോള്‍ 3-4ന്റെ വിജയവുമായി വെസ്റ്റ് ജര്‍മനിയും കിരീടപ്പോരിന് ടിക്കറ്റെടുക്കുകയായിരുന്നു.

ഇറ്റലി പിടിച്ച് വെസ്റ്റ് ജര്‍മനി.... ലോകകപ്പിലെ മൂന്നാം കിരീടവും...

ഇറ്റലി പിടിച്ച് വെസ്റ്റ് ജര്‍മനി.... ലോകകപ്പിലെ മൂന്നാം കിരീടവും...

ഗോള്‍ക്ഷാമം കണ്ട ടൂര്‍ണമെന്റില്‍ ഫൈനലിലും ഒരു ഗോള്‍ മാത്രമാണ് പിറന്നത്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് വെസ്റ്റ് ജര്‍മനി അര്‍ജന്റീനയോട് പ്രതികാരം ചോദിച്ചത് 85ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലൂടെയായിരുന്നു. കിക്കെടുത്ത ആന്ദ്രെസ് ബ്രെമെ വെസ്റ്റ് ജര്‍മനിയെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ മൂന്നാം കിരീടത്തിലേക്ക് ആനയിക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്‌നം കണ്ട മറഡോണയ്ക്കും സംഘത്തിനും ബ്രെമെയുടെ ഗോളില്‍ തലകുനിക്കേണ്ടിവരികയായിരുന്നു. 115 ഗോളുകളാണ് ടൂര്‍ണമെന്റില്‍ ആകെ പിറന്നത്.

ആറ് ഗോള്‍ നേടിയ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ സാല്‍വറ്റോര്‍ ഷ്‌ക്വിലസി ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. അര്‍ജന്റീനയുടെ സെര്‍ജിയോ ജാവിയര്‍ ഗോയ്‌കോച്ച മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്തു.

Story first published: Wednesday, May 16, 2018, 16:27 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍