റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് നാടകീയ ക്ലൈമാക്സിലേക്ക്. 34ാം റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസിനെ ശക്തരായ നാപ്പോളി തോല്‍പ്പിച്ചതോടെയാണ് ലീഗിലെ കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക് നീങ്ങുന്നത്. യുവന്റസിന്റെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപ്പോളിയുടെ വിജയം. കളിയുടെ 90ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ കാലിഡോ കൗലിബാലിയാണ് നാപ്പോളിക്ക് നാടകീയ വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ യുവന്റസിനെതിതരേ മികച്ച ഫുട്ബോള്‍ കാഴ്ചവച്ച നാപ്പോളിയുടെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ഗോള്‍ പോസ്റ്റിലേക്ക് ലക്ഷ്യമാക്കി മല്‍സരത്തില്‍ ഒരു തവണ പോലും യുവന്റസിന് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
ജയത്തോടെ പട്ടികയിലെ ഒന്നാംസ്ഥാനത്തുള്ള യുവന്റസുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാനും നാപ്പോളിക്ക് കഴിഞ്ഞു. 34 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുവന്റസിന് 85 ഉം രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്ക് 84ാം ഉം പോയിന്റാണുള്ളത്. സീസണില്‍ ഇനി നാല് ലീഗ് മല്‍സരങ്ങളാണ് രണ്ട് ടീമിനും ശേഷിക്കുന്നത്. അതിലെ മല്‍സരഫലങ്ങളാണ് ഇറ്റാലിയന്‍ ലീഗ് ചാംപ്യന്മാരെ തീരുമാനിക്കുക.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഇന്റര്മിലാന് 2-1ന് ചീവോയെയും ലാസിയോ 4-0ന് സംഡോറിയയെയും അറ്റ്ലാന്റെ 2-1ന് ടൊറീനോയെയും ക്രൊട്ടോണ 2-1ന് ഉഡിനെസിനെയും തോല്‍പ്പിച്ചു.
പിഎസ്ജി കുതിക്കുന്നു; ഷാല്‍ക്കെയ്ക്ക് സമനില
പാരിസ്/മ്യൂണിക്ക്: ഫ്രഞ്ച് ലീഗില്‍ ഈ സീസണിലും കിരീടം ഉറപ്പിച്ച പിഎസ്ജി വിജയകുതിപ്പ് തുടരുന്നു. 34ാം റൗണ്ട് മല്‍സരത്തില്‍ ബോര്ഡസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ കുതിപ്പ്. 76ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയുടെ വകയായിരുന്നു പിഎസ്ജിയുടെ വിജയഗോള്‍. ഇതോടെ 34 മല്‍സരങ്ങളില്‍ നിന്ന് പിഎസ്ജിയുടെ പോയിന്റ് നേട്ടം 90 ആയി ഉയര്‍ന്നു.
അതേസമയം, ജര്‍മന്‍ ലീഗിലെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഷാല്‍ക്കെയ്ക്ക് സമനിലക്കുരുക്ക് നേരിട്ടു. ഷാല്‍ക്കെയെ 2-2ന് കോള്ണാണ് പിടിച്ചുകെട്ടിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്നതിനു ശേഷമാണ് മല്‍സരത്തില്‍ ഷാല്‍ക്കെയ്ക്ക് സമനില വഴങ്ങേണ്ടിവന്നത്.