ആറു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉജ്ജ്വല വിജയങ്ങളുമായി കുതിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് എവേ മല്‍സരത്തില്‍ ആര്‍സിബി ഞെട്ടിച്ചത്. 35 റണ്‍സിനു ഓറഞ്ച് ആര്‍മിയെ ഫാഫ് ഡുപ്ലെസിയും സംഘവും തീര്‍ക്കുകയായിരുന്നു. സീസണില്‍ ആര്‍സിബിയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. കഴിഞ്ഞ മാസം 25നു പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച ശേഷമാണ് കൃത്യം ഒരു മാസത്തിനു ശേഷം അവര്‍ വീണ്ടൊരു ജയം തങ്ങളുടെ പേരിലാക്കിയത്.
ഈ ജയം ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടോ? പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ ഇനിയെന്താണ് വേണ്ടത്, നമുക്കു പരിശോധിക്കാ. ജയിക്കാനായെങ്കിലും പോയിന്‍റ് പട്ടികയില്‍ ആര്‍സിബി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെ തുടരുകയാണ്. ആര്‍സിബിക്കും പഞ്ചാബിനും നാലു പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ പിന്തള്ളി പഞ്ചാാബ് ഒരു സ്ഥാനം മുന്നിലെത്തുകയായിരുന്നു.

പഞ്ചാബിനെ അപേക്ഷിച്ച് ആര്‍സിബി ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞു. ഒമ്പതു മല്‍സരങ്ങളില്‍ രണ്ടു ജയവും ഏഴു തോല്‍വിയുമടക്കം നാലു പോയിന്റാണ് ആര്‍സിബിക്കുള്ളത്. പഞ്ചാബ് എട്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ശേഷിച്ച ആറിലും തോല്‍വിയേറ്റു വാങ്ങി. ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് -0.721ഉം പഞ്ചാബിന്റേത് -0.292ഉം ആണ്.
ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോഴും തുലാസില്‍ തന്നെയാണ്. ഇനി അഞ്ചു മല്‍സരങ്ങളാണ് സീസണില്‍ ആര്‍സിബിക്കു ശേഷിക്കുന്നത്. ഇവയിലെല്ലാം വിജയം കൊയ്യാനായാല്‍ മാത്രമേ ആര്‍സിബിക്കു നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ. വെറും ജയം കൊണ്ടു മാത്രം ആര്‍സിബി പ്ലേഓഫില്‍ കടക്കില്ല.
മികച്ച മാര്‍ജിനോടു കൂടി വിജയിച്ചെങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും സാധിക്കുകയുള്ളൂ. അതു കൂടാതെ മറ്റു ടീമുകളുടെ മല്‍സരഫലവും കൂടി ആര്‍സിബിക്കു ആശ്രയിക്കേണ്ടതായി വരും. ഈ മൂന്നു കാര്യങ്ങളും ഒത്തുവന്നെങ്കില്‍ മാത്രമേ ആര്‍സിബിയെ പ്ലേഓഫില്‍ കാണാന്‍ സാധിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.
ഇനിയുള്ള ഓരോ മല്‍സരവും ആര്‍സിബിക്കു ഡു ഓര്‍ ഡൈ തന്നെയാണ്. ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ അതു അവരുടെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയും ചെയ്യും. ശേഷിച്ച അഞ്ചു കളികളില്‍ ആര്‍സിബിക്കു രണ്ടു തവണ ഗുജറാത്ത് ടൈറ്റന്‍സുമായി കൊമ്പുകോര്‍ക്കേണ്ടതുണ്ട്. കൂടാതെ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരുമായും ആര്‍സിബി കൊമ്പുകോര്‍ക്കും. ആര്‍സിബിയുടെ അടുത്ത പോരാട്ടം 28നു ജിടിക്കെതിരേയാണ്. അടുത്ത മാസം 18നു സിഎസ്‌കെയുമായുള്ള മല്‍സരത്തോടെ ലീഗ് ഘട്ടത്തില്‍ ആര്‍സിബിയുടെ കളികള്‍ പൂര്‍ത്തിയാവും.

അതേസമയം, എസ്ആര്‍എച്ചുമായുള്ള അവസാനത്തെ കളിയിലേക്കു വന്നാല്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ഏഴു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഹൈദരാബാദ് ഈ ടോട്ടല്‍ അനായാസം ചേസ് ചെയ്യുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഉജ്ജ്വല ബൗളിങിലൂടെ ആര്‍സിബി അവരെ പിടിച്ചുകെട്ടി.
എട്ടു വിക്കറ്റിനു 171 റണ്‍സ് നേടാനേ എസ്ആര്‍എച്ചിനായുള്ളൂ. സ്ലോ പിച്ചില്‍ സ്പിന്നര്‍മാരിലൂടെയാണ് ഓറഞ്ച് ആര്‍മിക്കു ഡുപ്ലെസിയും സംഘവും മൂക്കുകയറിട്ടത്. ഹൈദരാബാദിന്റെ എട്ടു വിക്കറ്റുകളില്‍ അഞ്ചും പിഴുതത് സ്പിന്നര്‍മാരാണ്. റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും എസ്ആര്‍എച്ചിനെ മുന്നില്‍ കയറാന്‍ ആര്‍സിബി അനുവദിച്ചില്ല. പവര്‍പ്ലേയില്‍ 56 റണ്‍സിനിടെ നാലു വിക്കറ്റ് പിഴുതപ്പോള്‍ തന്നെ ഹൈദരാബാദിന്റ മുനയൊടിഞ്ഞിരുന്നു.