ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മൂന്നാമനായി കോലിയല്ല പകരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കണമെന്നാണ് ഡൂള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനു ശേഷം അഞ്ചാം നമ്പറിലായിരിക്കും റിഷഭ് ഇന്ത്യക്കായി ബാറ്റ് ചെയ്ക്കുക. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തെ പ്രൊമോട്ട് ചെയ്താല്‍ അതു ടീമിനു ഗുണം ചെയ്യുമെന്നാണ് ഡൂള്‍ ചൂണ്ടിക്കാണിക്കുന്നത്. റിഷഭ് ലോകകപ്പ് ടീമിലേക്കു അടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാവുമോ? ലോകകപ്പിലേക്കു ഞാന്‍ നോക്കുന്ന ഇന്ത്യന്‍ ടീമില്‍ റിഷഭ് മധ്യനിരയില്‍ അത്ര യോജിക്കില്ല. അദ്ദേഹം അത്ര നല്ല ഒരു സ്ലോഗറോ, ഹിറ്ററോയല്ല. ക്രീസിലെത്തിയതിനു ശേഷം തന്റെ ഇന്നിങ്‌സിലേക്കു അനായാസം കടക്കുന്നയാളാണ് റിഷഭെന്നും ഡൂള്‍ നിരീച്ചു.

റിഷഭ് വളരെ ഗംഭീര ക്രിക്കറ്റര്‍ തന്നെയാണെന്നും എല്ലാം ബോളിലും ആഞ്ഞടിക്കുന്ന ഒരു ബാറ്റര്‍ മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകപ്പില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളല്ല മറിച്ച് കോലിയാണ് ഓപ്പണറായി കളിക്കേണ്ടതെന്ന അഭിപ്രായമാണ് ഡൂളിനുള്ളത്. റിഷഭിനെ വെറുമൊരു വമ്പനടിക്കാരനായ ബാറ്ററായി മാത്ര കാണരുത്. അദ്ദേഹം വളരെ കഴിവുറ്റ ക്രിക്കറ്ററാണ്. അതിശയിപ്പിക്കുന്ന ടെസ്റ്റ് താരമാണ് റിഷഭെന്നു ഞാന്‍ പറയാറുള്ളത് അതുകൊണ്ടു തന്നെയാണ്.
ക്രീസിലെത്തിയ ശേഷം ഉടന്‍ ആഞ്ഞടിക്കുന്ന ഒരു ബാറ്ററാണ് റിഷഭെന്നു ഞാന്‍ കരുതുന്നില്ല. ആധുനിക ടി20 ക്രിക്കറ്റിന്റെ ശൈലിക്കു അത്ര യോജിച്ചയാളല്ല അദ്ദേഹം. ടി20യില്‍ റിഷഭിന്റെ നമ്പറുകള്‍ അത്ര മികച്ചത് അല്ലാത്തതും അതുകൊണ്ടു തന്നെയാണ്. രോഹിത്, വിരാട് എന്നിവര്‍ക്കു പിറകില്‍ മൂന്നാമനായി റിഷഭിനു ബാറ്റ് ചെയ്യാന്‍ സാധിക്കുമോയെന്നതാണ് തന്റെ ചോദ്യമെന്നും ഡൂള്‍ പറഞ്ഞു.
അതേസമയം, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ വിക്കറ്റ് കീപ്പര്‍ റിഷഭ് മാത്രമാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു കെഎല്‍ രാഹുലും സഞ്ജു സാംസണുമാണ് മല്‍സരരംഗത്തുള്ളത്. ഇവരില്‍ രാഹുലിനാണ് നേരിയ മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ഇത്തവണ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് റിഷഭാണ്.

ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്നതും ഇതു തന്നെയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ കൂടിയായ റിഷഭ് ഉജ്ജ്വല ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഡിസിക്കു വേണ്ടി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 342 റണ്‍സ് താരം നേടിക്കഴിഞ്ഞു. 48.85 ശരാശരിയില്‍ 161.32 സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു ഫിഫ്റ്റി പ്ലസ് ടോട്ടലുകളാണ് റിഷഭിന്റെ അക്കൗണ്ടിലുള്ളത്. പുറത്താവാതെ നേടിയ 88 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.
ക്രിക്കറ്റിലേക്കുള്ള റിഷഭിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഐപിഎല്‍. കാറപകടത്തിലേറ്റ പരിക്കു കാരണം ഒരു വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ടൂര്‍ണമെന്‍റില്‍ കണ്ടത്. മടങ്ങിവരവില്‍ റിഷഭിനു പഴയ മികവ് പുറത്തെടുക്കാനാവുമോയെന്നായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍ പഴയതിനേക്കാള്‍ മികച്ച പ്രകടനമാണ് രണ്ടാം വരവില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്.