33 സഹതാരങ്ങള്‍ക്കും റോളക്‌സ് വാച്ചുകള്‍ സമ്മാനം! മാഞ്ചസ്റ്ററിലേക്ക് വരുന്ന ഈ താരം വേറെ ലെവലാണ്!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എര്‍ലിംഗ് ഹാലന്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ പുതിയ തട്ടകം. ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്നാണ് സ്‌ട്രൈക്കറെ മാഞ്ചസ്റ്റര്‍ സിറ്റി വാങ്ങിച്ചിരിക്കുന്നത്. ഏകദേശം 51 ദശലക്ഷം പൗണ്ടിന്റെ കരാറാണിത്. കരിയറിലെ ബിഗ് ബ്രേക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ നോര്‍വെ അന്താരാഷ്ട്ര താരം.

യൂറോപ്പിലെ പണക്കൊഴുപ്പും പ്രശസ്തിയുമുള്ള ക്ലബ്ബിലേക്ക് പോകുന്നതിന്റെ ത്രില്‍ ഹാലന്‍ഡില്‍ വേണ്ടുവോളമുണ്ട്. ഒപ്പം, പ്രിയപ്പെട്ട ക്ലബ്ബിനെയും സഹതാരങ്ങളെയും വിട്ടു പോകുന്നതിന്റെ വിഷമവും. അതുകൊണ്ട് തന്നെ ഹാലന്‍ഡ് ഡോട്മുണ്ടിലെ തന്റെ മുഴുവന്‍ സഹതാരങ്ങള്‍ക്കും ഒരടിപൊളി സമ്മാനം നല്‍കി ആ സന്തോഷവുംവേദനയും ഉള്‍ക്കൊണ്ടു.

റോളക്‌സിന്റെ ആഢംബര വാച്ചുകളാണ് ഹാലന്‍ഡ് സമ്മാനമായി നല്‍കിയത്. ഓരോ വാച്ചിന്റെയും വില 13000-15000 പൗണ്ടാണ്. ഹാലന്‍ഡിന്റെ ആവശ്യാര്‍ഥം നിര്‍മ്മിക്കുന്ന വാച്ചുകളാണിത്. മൂന്ന് ചിത്രങ്ങള്‍ ഈ വാച്ചുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒന്ന് ഹാലന്‍ഡിന്റെ ഷര്‍ട്ട് നമ്പര്‍, രണ്ടാമത്തേത് ഡോട്മുണ്ട് ജഴ്‌സിയില്‍ വിജയാഹ്ലാദം പ്രകടിപ്പിക്കുന്നത്, മൂന്നാമത്തേത് ജര്‍മന്‍ കപ്പ് കൈകളിലേന്തി നില്‍ക്കുന്നത്. ഇബിഎച്ച് (എര്‍ലിംഗ് ബ്രൗട് ഹാലന്‍ഡ്) എന്ന പേരും പ്രിന്റ് ചെയ്തിട്ടുണ്ട്. ഡോട്മുണ്ടിലെ 33 സഹതാരങ്ങളും തന്നെ ഒരു കാലത്തും മറക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയുള്ള ഗിഫ്റ്റാണ് ഹാലന്‍ഡ് നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് പുറമെ ഡോട്മുണ്ടിലെ മറ്റ് സ്‌ററാഫുകള്‍ക്കും ഹാലന്‍ഡ് സമ്മാനം നല്‍കിയിട്ടുണ്ട്. അവര്‍ക്കെല്ലാം ഒമേഗ ബ്രാന്‍ഡ് വാച്ചുകളാണ് നല്‍കിയത്.

ജൂലൈ ഒന്നിനാണ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നത്. ബാല്യകാലം ബ്രിനെ ക്ലബ്ബിലായിരുന്നു. മോള്‍ഡെയുടെ റിസര്‍വ് ടീമില്‍ കളിച്ചതിന് ശേഷം ഓസ്ട്രിയന്‍ ബുണ്ടസ് ലിഗയില്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗില്‍ ചേര്‍ന്നു. രണ്ട് ലീഗ് കിരീടങ്ങളും ഓസ്ട്രിയന്‍ കപ്പും നേടിയ ശേഷം ഹാലന്‍ഡ് റെഡ് ബുള്ളിനോട് വിട പറഞ്ഞു. ജര്‍മനിയില്‍ ബൊറുസിയ ഡോട്മുണ്ടിലേക്കായിരുന്നു ചേക്കേറിയത്. 2021 ല്‍ ഡി എഫ് ബി പൊകാല്‍ നേടി ഹാലന്‍ഡ് ഡോട്മുണ്ടിന്റെ സൂപ്പര്‍ താരമായി. 2019 ല്‍ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഗോള്‍ഡന്‍ബൂട്ട് നേടിയത് അന്താരാഷ്ട്ര പ്രശസ്തി വര്‍ധിപ്പിച്ചു. ഒരു മത്സരത്തില്‍ ഒമ്പത് ഗോള്‍ നേടി റെക്കോര്‍ഡിടാനും നോര്‍വെ താരത്തിന് സാധിച്ചു. സീനിയര്‍ ടീമില്‍ അരങ്ങേറിയത് 2019 സെപ്തംബറില്‍.

റെഡ് ബുള്ളില്‍ കളിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായ റെക്കോര്‍ഡ് ഹാലന്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടരെ അഞ്ച് മത്സരങ്ങളില്‍ ഗോളടിച്ച പ്രഥമ ടീനേജര്‍ ഹാലന്‍ഡാണ്. 2019-20 സീസണില്‍ ഈ നേട്ടത്തിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോററാവുകയും ചെയ്തു. 2020 ല്‍ യുവേഫ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് നല്‍കി ആദരിച്ചു. തൊട്ടടുത്ത വര്‍ഷം ജര്‍മന്‍ ബുണ്ടസ് ലിഗയിലെ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരവും നേടി.

2000 ജുലൈ 21ന് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണ് ഹാലന്‍ഡിന്റെ ജനനം. മൂന്ന് വയസുള്ളപ്പോള്‍ കുടുംബത്തോടൊപ്പം നോര്‍വേയിലേക്ക് ചേക്കേറിയ ഹാലന്‍ഡ് സ്‌പോര്‍ട്‌സിലാണ് ചെറുപ്പം തൊട്ട് താത്പര്യം കാണിച്ചത്. ഹാന്‍ഡ്‌ബോള്‍, ഗോള്‍ഫ്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളിലായിരുന്നു ആദ്യ കാലത്ത് താത്പര്യം. ഫുട്‌ബോളിനെ അറിഞ്ഞപ്പോള്‍ പ്രണയം അതിനോട് മാത്രമായി. നീളമുള്ള കാലുകളുമായി അതിവേഗം സ്പ്രിന്റ് ചെയ്യുന്ന ഹാലന്‍ഡ് പ്രീമിയര്‍ ലീഗില്‍ പ്രകമ്പനമാകും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവെന്റസ് ക്ലബ്ബുകളോട് മത്സരിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ സൂപ്പര്‍ സ്‌ട്രൈക്കറെ സ്വന്തമാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 23, 2022, 14:27 [IST]
Other articles published on May 23, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X