ഗോളടി മറന്ന്‌ വീണ്ടും മഞ്ഞപ്പട... കോപ്പലാശാന്റെ മുന്നിലും രക്ഷയില്ല, തുടര്‍ച്ചയായ രണ്ടാം സമനില

Written By:

കൊച്ചി: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തി. കൊച്ചിയിലെ 50,000ത്തില്‍ അധികം കാണികള്‍ക്കു മുന്നില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. കൂടുതല്‍ സമയം പന്ത്‌ കൈവശം വച്ചിട്ടും ഗോളടി മറന്ന ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടുമൊരു പോയിന്റുമായി തൃപ്‌തിപ്പെട്ടു. ജംഷഡ്‌പൂരിന്റെയും തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്‌. ആദ്യ കളിയില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുനൈറ്റഡുമായും ജംഷഡ്‌പൂര്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

ഉദ്‌ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയുമായും ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. എന്നാല്‍ ആദ്യകളിയെ അപേക്ഷിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചെന്നതില്‍ മഞ്ഞപ്പടയ്‌ക്ക്‌ ആശ്വസിക്കാം. മുംബൈ സിറ്റിക്കെതിരേ കൊച്ചിയില്‍ തന്നെ ഡിസംബര്‍ മൂന്നിനാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

ഒരു മാറ്റവുമായി മഞ്ഞപ്പട

ഒരു മാറ്റവുമായി മഞ്ഞപ്പട

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ്‌ കോച്ച്‌ മ്യൂളെന്‍സ്‌റ്റീന്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്‌. മിലന്‍ സിങിനു പകരം ജാക്കിച്ചാന്ദ്‌ സിങ്‌ ആദ്യ ഇലവനിലെത്തി. 4-2-3-1 എന്ന ശൈലിയാണ്‌ കോച്ച്‌ പരീക്ഷിച്ചത്‌.
മറുഭാഗത്ത്‌ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച്‌ സ്‌റ്റീവ്‌ കോപ്പലിനു കീഴില്‍ ഇറങ്ങിയ ജംഷഡ്‌പൂര്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. സമീഗ്‌ ദൗത്തിക്കു പകരം മുന്‍ ൂബ്ലാസ്റ്റേഴ്‌സ്‌ താരം കെര്‍വന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ ടീമിലെത്തി. ആദ്യപകുതിയില്‍ ചില അതിവേഗ നീക്കങ്ങള്‍ നടത്തിയ ബെല്‍ഫോര്‍ട്ട്‌ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌.

ബ്ലാസ്‌റ്റേഴ്‌സിന്‌ ആധിപത്യം

ബ്ലാസ്‌റ്റേഴ്‌സിന്‌ ആധിപത്യം


പന്തടക്കത്തിലും പാസിങിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ്‌ മുന്നിട്ടുനിന്നെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ മഞ്ഞപ്പടയ്‌ക്കായില്ല. ഏഴ്‌, 10 മിനിറ്റുകളില്‍ ജംഷഡ്‌പൂരിന്റെ ഗോള്‍ശ്രമങ്ങള്‍ ഗോളി റെക്കൂബയുടെ പിടിയിലൊതുങ്ങുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടര്‍അറ്റാക്ക്‌. വലതു മൂലയില്‍ നിന്ന്‌ ഇയാന്‍ ഹ്യൂം ബോക്‌സിനുള്ളിലേക്ക്‌ അളന്നു മുറിച്ച്‌ നല്‍കിയ ക്രോസില്‍ മലയാളി താരം സി കെ വിനീത്‌ തലവച്ചെങ്കിലും പന്ത്‌ ക്രോസ്‌ ബാറിനു മുകളിലൂടെ പറന്നു. കളിയില്‍ ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച ഏറ്റവും മികച്ച ഗോളവസരം കൂടിയായിരുന്നു ഇത്‌.

അവസരം നഷ്ടപ്പെടുത്തി ബെര്‍ബ

അവസരം നഷ്ടപ്പെടുത്തി ബെര്‍ബ

16ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ ശ്രമം. ഇത്തവണ അവസരമൊരുക്കിയത്‌ ലെഫ്‌റ്റ്‌ ബാക്കായ ലാല്‍റുത്താരയായിരുന്നു. ഇടതു വിങില്‍ നിന്നും ജംഷഡ്‌പൂര്‍ ഗോള്‍മുഖത്തിനു കുറുകെ ലാല്‍റുത്താര നല്‍കിയ ക്രോസ്‌ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന ബെര്‍ബറ്റോവ്‌ വോളിയിലൂടെ വലയിലേക്ക്‌ വഴി തിരിച്ചുവിട്ടെങ്കിലും ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍ ബ്ലോക്ക്‌ ചെയ്‌തു.

റെക്കൂബയ്‌ക്ക്‌ നന്ദി

റെക്കൂബയ്‌ക്ക്‌ നന്ദി


30ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ റെക്കൂബയുടെ ഡബിള്‍ സേവാണ്‌ മഞ്ഞപടയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്‌. 30ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ്‌ താരം ബെല്‍ഫോര്‍ട്ടിനെ പെനല്‍റ്റി ബോക്‌സിന്‌ അരികില്‍ വച്ച്‌ സന്ദേഷ്‌ ജിങ്കാന്‍ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ ജംഷഡ്‌പൂരിന്‌ അനുകൂലമായി ഫ്രീകിക്ക്‌. എന്നാള്‍ ഗോള്‍കീപ്പര്‍ റെക്കൂബ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. മെമോയുടെ തകര്‍പ്പന്‍ കിക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തെ കബളിപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ റെക്കൂബ ഇടതുവശത്തേക്ക്‌ ഡൈവ്‌ ചെയ്‌ത്‌ പന്ത്‌ കുത്തിയകറ്റി. റീബൗണ്ട്‌ ചെയ്‌ത പന്ത്‌ ലഭിച്ചത്‌ ജംഷഡ്‌പൂര്‍ താരം ജെറിക്ക്‌. ക്ലോസ്‌ ആംഗിളില്‍ നിന്ന്‌ ജെറി പന്ത്‌ ഗോളിലേക്ക്‌ തൊടുത്തെങ്കിലും മറ്റൊരു തകര്‍പ്പന്‍ സേവിലൂടെ റെക്കൂബ മഞ്ഞപ്പടയുടെ മാനം കാത്തു.

അദ്‌ഭുതങ്ങളില്ലാതെ രണ്ടാംപകുതി

അദ്‌ഭുതങ്ങളില്ലാതെ രണ്ടാംപകുതി


ഒന്നാംപകുതിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തുമെന്ന്‌ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ആദ്യപകുതിയെ അപേക്ഷിച്ച്‌ രണ്ടാംപകുതിയില്‍ ഇരുടീമിനും വളരെ കുറച്ച്‌ ഗോളവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.
75ാം മിനിറ്റില്‍ ജംഷഡ്‌പൂര്‍ താരം ഫറൂഖ്‌ ചൗധരിയുടെ മനോഹരമായ ഹാഫ്‌ വോളി ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി റെക്കൂബ രക്ഷപ്പെടുത്തുകയായിരുന്നുു. രണ്ടു മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടര്‍അറ്റാക്ക്‌. കറേജ്‌ പെക്കൂസന്‍ ബോക്‌സിനു പുറത്തു നിന്നു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട്‌ വലതു പോസ്‌റ്റിന്‌ തൊട്ടരികിലൂടെ കടന്നു പോവുകയായിരുന്നു.
ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ വീഴുമെന്ന്‌ ആരാധകര്‍ ഭയപ്പെട്ടെങ്കിലും ഒരിക്കല്‍ക്കൂടി ഗോളി റെക്കൂബ മഞ്ഞപ്പടയെ കാത്തു. ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ വായുവില്‍ പറന്നുയര്‍ന്നു റെക്കൂബ കുത്തിയകറ്റുകയായിരുന്നു.

Story first published: Friday, November 24, 2017, 21:00 [IST]
Other articles published on Nov 24, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍