ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം 14 വയസ്സുകാരിക്ക് നേരെ തുപ്പി; വിവാദമായതോടെ മാപ്പ് പറച്ചില്‍

Posted By: അന്‍വര്‍ സാദത്ത്

മാഞ്ചസ്റ്റര്‍: രോഷമാണ് മനുഷ്യനെ നശിപ്പിക്കുന്നത് എന്ന് വിവരമുള്ളവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. രോഷത്തില്‍ ഇരിക്കുന്ന സമയത്ത് എടുക്കുന്ന തീരുമാനങ്ങളാണ് ലോകത്തെ യുദ്ധത്തിലേക്ക് പോലും നയിച്ചിട്ടുള്ളത്. അതുകൊണ്ട് രോഷം തോന്നുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കാതെ സമാധാനമായി ഇരിക്കാന്‍ ശ്രമിക്കണമെന്ന് വിവരമുള്ളവര്‍ ഉപദേശിക്കും. സംഗതി വലിയ ഫുട്‌ബോള്‍ പണ്ഡിതനും, മുന്‍ ലിവര്‍പൂള്‍ താരവുമൊക്കെ ആണെങ്കിലും ജാമി കാരഗര്‍ക്ക് സ്വന്തം ടീമിനെ കുറ്റംപറഞ്ഞത് അത്ര രസിച്ചില്ല, രോഷം പ്രകടിപ്പിച്ച് പുലിവാലും പിടിച്ചു.

ആരാധകന്റെ കളിയാക്കലിന് വിധേയനായ ജാമി കാരഗര്‍ അടുത്തുള്ള കാറിലിരുന്ന 14 വയസ്സുകാരിക്ക് നേരെ തുപ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌കൈ സ്‌പോര്‍ട്‌സില്‍ ഫുട്‌ബോള്‍ പണ്ഡിതനായി വിശകലനം നടത്തുന്ന ജോലിയാണ് ഇദ്ദേഹം ഇപ്പോള്‍ ചെയ്തുവരുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അടുത്ത കാറിലെത്തിയ ആരാധകര്‍ ഇദ്ദേഹത്തെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്, ലിവര്‍പൂള്‍ മത്സരത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. 'ഭാഗ്യമില്ലാത്ത ജാമി, 2-1' എന്നായിരുന്നു കുട്ടിയുടെ പിതാവ് കളിയാക്കിയത്. മത്സരത്തില്‍ ലിവര്‍പൂള്‍ തോറ്റിരുന്നു.

jamiecarragher

എന്നാല്‍ ഇതിന് പകരമായി ആരാധകന്‍ കുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന കാറിന് നേര്‍ക്ക് തുപ്പിയാണ് ജാമി കലി തീര്‍ത്തത്. മറ്റൊരു കാറില്‍ നിന്നും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിക്കപ്പെട്ടതോടെ ഫുട്‌ബോള്‍ പണ്ഡിതന്‍ കുരുക്കിലായി. തന്റെ പ്രതികരണം അതിരുകടന്ന് പോയെന്നും കുടുംബത്തോട് മാപ്പ് പറയുകയാണെന്നും ജാമി വ്യക്തമാക്കി. ഡ്രൈവിംഗിനിടെ പല തവണ കളിയാക്കല്‍ നേരിട്ടപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ട് പോയതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ ഇതൊന്നും ന്യായീകരണമല്ല, ശുദ്ധമായ മാപ്പ് പറയുന്നതായും ജാമി പറഞ്ഞു.

ജാമി കാരഗറുടെ നടപടിയെ അനുകൂലിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുമെന്നും സ്‌കൈ സ്‌പോര്‍ട്‌സ് വ്യക്തമാക്കി. 2013ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ജാമി സ്‌കൈ സ്‌പോര്‍ട്‌സില്‍ എത്തിയത്. തുപ്പല്‍ പരിപാടിയുടെ പേരില്‍ ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Story first published: Tuesday, March 13, 2018, 5:18 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍