മുസ്ലിം കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബ്ബ് കോച്ചിന് പണി പോയി

Posted By:

ജെറൂസലേം: മുസ്ലിം കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബ് ഉപദേശകന് തന്റെ ജോലി നഷ്ടമായി. ഇസ്രായേല്‍ സോക്കര്‍ ക്ലബ്ബായ ബെയ്റ്റാര്‍ ജെറുസലേം ഉപദേശകന്‍ എലി കോഹനെയാണ് നിയമിച്ച് 10 ദിവസങ്ങള്‍ക്കകം വംശീയ പരാദമര്‍ശത്തിന്റെ പേരില്‍ സ്ഥാനത്തു നിന്ന് നീക്കിയത്. യെദിയോത്ത് അഹ്‌റൊനോത്ത് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

'മുസ്ലിം കളിക്കാരനെ ഞാന്‍ ടീമിലെടുക്കില്ല. നേരത്തേ രണ്ടു പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ ക്ലബ് ആരാധകരില്‍ നിന്നുണ്ടായ പ്രതികരണം നാം കണ്ടതാണ്' എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. എന്നാല്‍ വംശീയതയ്‌ക്കെതിരായ നിലപാടുകളിലുടെ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പരാമര്‍ശം ക്ലബ്ബ് അധികൃതരെ ചൊടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ കോഹന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായതായി ക്ലബ്ബ് അറിയിച്ചു. ക്ലബ് ചെയര്‍മാന്‍ എലി ഒഹാന രാജി സ്വീകരിക്കുകയും ചെയ്തു.

football

ബെയ്റ്റാര്‍ ക്ലബ്ബില്‍ ഒരിക്കലും മുസ്ലിം കളിക്കാരുണ്ടായിരുന്നില്ല. അത്യന്തം വംശീയവാദികളായ ആരാധകര്‍ ഇത് അംഗീകരിക്കാത്തതായിരുന്നു കാരണം. 2012-13 സീസണില്‍ ചെചന്‍ വംശജരായ രണ്ട് മുസ്ലിം കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ജെറൂസലേമിലെ ടീമിന്റെ ക്ലബ് ഹൗസിന് ലാ ഫാമിലിയ ഫാന്‍ ക്ലബ്ബിന്റെ ആളുകള്‍ തീയിട്ട സംഭവം പോലുമുണ്ടായി.

എന്നാല്‍ ആരാധകരുടെ ഈ വംശീയ നിലപാടിനെതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ക്ലബ് അധികൃതര്‍. ക്ലബ്ബിന്റെ വംശീയ നിലപാടുകള്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടായിരുന്നു ക്ലബ് മാനേജ്‌മെന്റ് തുടര്‍ന്നുവന്നത്. ഇതിന്റെ ഫലമായി ആരാധകരുടെ ഭാഗത്തുനിന്നുള്ള വംശീയ അധിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും ഗണ്യമായി കുറയുകയും ചെയ്തു. 2016-17ലെ വംശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഇതുവഴി നേടാനും ക്ലബ്ബിന് സാധിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് തികച്ചും വംശീയമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോച്ച് എലി കോഹനെ പുറത്താക്കാന്‍ ക്ലബ് തീരുമാനമെടുത്തത്.

Story first published: Friday, September 15, 2017, 10:35 [IST]
Other articles published on Sep 15, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍