എഴുതിത്തള്ളാന്‍ വരട്ടെ... അട്ടിമറി ജയം കുറിച്ച് ഗോകുലം, വീഴ്ത്തിയത് സാക്ഷാല്‍ ബഗാനെ!!

Posted By:

കൊല്‍ക്കത്ത: തുടര്‍ തോല്‍വികളും സമനിലകളും കാരണം എല്ലാവരും എഴുതിത്തള്ളിയ കേരള ടീം ഗോകുലം എഫ്‌സിക്ക് ഐ ലീഗില്‍ അദ്ഭുതപ്പെടുത്തുന്ന വിജയം. മുന്‍ ചാംപ്യന്‍മാരും ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരുമായ മോഹന്‍ ബഗാനെ അവരുടെ മടയില്‍ ചെന്ന് കേരളത്തിന്റെ ചുണക്കുട്ടികള്‍ മലര്‍ത്തിയടിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം ബഗാന്റെ കഥ കഴിച്ചത്.

ഈ സീസണിലെ ഐ ലീഗില്‍ അരങ്ങേറിയ ഗോകുലത്തിന്റെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. മിക്ക മല്‍സരങ്ങളിലും നന്നായി കളിച്ചിട്ടും ഗോള്‍ നേടാനാവാതെ തോല്‍വിയിലേക്കു വീഴുന്ന ഗോകുലം ഇത്തവണ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. അവസാന 25 മിനിറ്റിനിടെയാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. 76ാം മിനിറ്റില്‍ മഹമ്മൂദ് അല്‍ അജ്മിയുടെ ഗോളില്‍ ഗോകുലമാണ് ആദ്യം അക്കൗണ്ട് തുറന്നത്.

1

എന്നാല്‍ ഈ ലീഡിന് വെറും രണ്ടു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 78ാം മിനിറ്റില്‍ അസെര്‍ ദിപാന്തയിലൂടെ ബഗാന്‍ ഗോള്‍ മടക്കി. മല്‍സരം 1-1ന് സമനിലയിലേക്കു നീങ്ങുമെന്നിരിക്കവെയാണ് ഇഞ്ചുറിടൈമില്‍ ഗോകുലത്തിന്റെ അപ്രതീക്ഷിത വിജയഗോള്‍ പിറന്നത്. ഹെന്റി കിസേക്കയുടെ തകര്‍പ്പന്‍ ഗോള്‍ ഗോകുലത്തിന് അവിസ്മരണീയ ജയം സമ്മാനിക്കുകയായിരുന്നു.

ജയിച്ചെങ്കിലും ഐ ലീഗ് പോയിന്റ് പട്ടികയില്‍ ഗോകുലം ഇപ്പോഴും അവസാനസ്ഥാനത്തു തന്നെയാണ്. 13 മല്‍സരങ്ങളില്‍ നിന്നു 13 പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. ഇനിയുള്ള കളികളില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഗോകുലത്തിനു പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താനാവും.

Story first published: Monday, February 12, 2018, 16:45 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍