ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ആറ് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ്; ജംഷദ്പൂരിനെ തരിപ്പണമാക്കി ഗോവ സെമിയില്‍

Posted By: Mohammed shafeeq ap
Indian Super Cup-FC Goa

ഭുവനേശ്വര്‍: ചുവപ്പ് കാര്‍ഡിന്റെ ഘോഷയാത്ര കണ്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ഐഎസ്എല്‍ ടീമുകളുടെ പോരാട്ടത്തില്‍ ജംഷദ്പൂര്‍ എഫ്‌സിയെ 1-5ന് തരിപ്പണമാക്കിയ ഗോവ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമിലെയും പ്രധാനപ്പെട്ട മൂന്ന് താരങ്ങള്‍ വീതമാണ് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിടേണ്ടിവന്നത്. രണ്ടാംപകുതി തുടങ്ങുന്നതിനു മുമ്പ് ഒഫീഷ്യല്‍സിനെതിരേ കയര്‍ത്തതിനാണ് ആറ് താരങ്ങള്‍ക്കും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി ഞെട്ടിച്ചത്.

ജംഷദ്പൂരിന്റെ സുബ്രതാ പോള്‍, അനസ് എടത്തോടിക, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, എഫ്‌സി ഗോവയുടെ സെര്‍ജിയോ ജുസ്റ്റി, ബ്രൂണോ പിന്‍ഹെയ്‌റോ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ താരങ്ങള്‍.

മല്‍സരത്തില്‍ സ്റ്റീവ് കോപ്പ് പരിശീലിപ്പിക്കുന്ന ജംഷദ്പൂരിനെതിരേ തുടക്കം മുതല്‍ കണ്ട ആധിപത്യം നിലനിര്‍ത്തിയ ഗോവ എതിരാളിക്ക് തിരിച്ചുവരാനുള്ള ഒരു അവസരവും നല്‍കിയില്ല. ഇരട്ട ഗോള്‍ നേടിയ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഹ്യുഗോ ബൗമോസാണ് ജംഷദ്പൂരിനെതിരേ ഗോവന്‍ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത്. കളിയുടെ രണ്ടാംപകുതിയിലായിരുന്നു താരത്തിന്റെ രണ്ട് ഗോളുകളും. 78, 89 മിനിറ്റുകളിലാണ് ബൗമോസ് ലക്ഷ്യംകണ്ടത്.

നേരത്തെ, 34ാം മിനിറ്റില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ മല്‍സരത്തിലെ ഗോള്‍വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു. 69ാം മിനിറ്റില്‍ ഫെറന്‍ കൊറോമിനസിന്റെ പെനാല്‍റ്റി കിക്കിലൂടെ രണ്ടാം ഗോള്‍ നേടിയ ഗോവ മാന്‍വീര്‍ സിങിലൂടെ മൂന്നാം ഗോളും ലക്ഷ്യത്തിലെത്തിച്ചു. ഇതിനു ശേഷമാണ് ബൗമോസിന്റെ ഇരട്ട ഗോളുകളും കണ്ടത്. ജംഷദ്പൂരിന്റെ ആശ്വാസ ഗോള്‍ അസിം ബിസ്വാസിലൂടെയായിരുന്നു.

ഇഞ്ചുറിടൈമിലാണ് താരം ജംഷദ്പൂരിനു വേണ്ടി ലക്ഷ്യംകണ്ടത്. സെമിയില്‍ ഐ ലീഗിലെ ഗ്ലാമര്‍ ടീമായ ഈസ്റ്റ് ബംഗാളാണ് ഗോവയുടെ എതിരാളികള്‍. തിങ്കളാഴ്ച വൈകീട്ട് നാലിന് ഇതേ സ്‌റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനലില്‍ ഗോവയും ബംഗാളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. ചൊവ്വാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ വെള്ളിയാഴ്ച നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെ ഐ ലീഗ് വമ്പന്‍മാരായ മോഹന്‍ ബഗാന്‍ നേരിടും. വൈകീട്ട് നാലിന് നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടറില്‍ ബംഗളൂരു എഫ്‌സിയും നെറോക്ക എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

Story first published: Friday, April 13, 2018, 6:32 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍