അയ്യയുടെ രണ്ടടി, പിന്നെയും കിട്ടി രണ്ടെണ്ണം... കൗമാര ലോകകപ്പില്‍ ഇനി ഇന്ത്യയില്ല

Posted By:

ദില്ലി: ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെയുള്ള അദ്‌ഭുതങ്ങളൊന്നും ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കണ്ടില്ല. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക്‌ അടിതെറ്റി. ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഇന്ത്യന്‍ നിര വെറും കുട്ടികളായി മാറി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഇന്ത്യയെ തകര്‍ത്തു ഘാന പ്രീക്വാര്‍ട്ടറിലേക്ക്‌ ടിക്കറ്റെടുത്തു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു നേരിയ പ്രതീക്ഷയുണ്ടായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ കൊളംബിയ 3-1ന്‌ അമേരിക്കയെ തോല്‍പ്പിച്ചു. അമേരിക്ക നേരത്തേ തന്നെ നോക്കൗട്ട്‌ റൗണ്ടില്‍ കടന്നിരുന്നു. ഗ്രൂപ്പു ഘട്ടത്തിലെ മികച്ച മൂന്നാമത്തെ ടീമായി കൊളംബിയയും അടുത്ത റൗണ്ട്‌ ഉറപ്പിച്ചുകഴിഞ്ഞു. വെള്ളിയാഴ്‌ച ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാവുന്നതോടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂ.

ഇന്ത്യക്കെതിരേ ഘാനയുടെ രണ്ടു ഗോള്‍ ക്യാപ്‌റ്റന്‍ എറിക്‌ അയ്യയുടെ വകയായിരുന്നു. 43, 52 മിനിറ്റുകളിലായിരുന്നു അയ്യയുടെ ഗോളുകള്‍.
86, 87 മിനിറ്റുകളില്‍ റിച്ചാര്‍ഡ്‌ ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവും ഘാനയ്‌ക്കായി ഇന്ത്യന്‍ വല കുലുക്കി. ഈ തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുകയും ചെയ്‌തു. കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങിയാണ്‌ ഇന്ത്യ തങ്ങളുടെ പ്രഥമ ലോകകപ്പ്‌ അവസാനിപ്പിച്ചത്‌. എങ്കിലും ടൂര്‍ണമെന്റില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

നാലു മാറ്റങ്ങളോടെ ഇന്ത്യ

നാലു മാറ്റങ്ങളോടെ ഇന്ത്യ

കൊളംബിയക്കെതിരായ മല്‍സരത്തില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ്‌ ഘാനയ്‌ക്കെതിരേ ഇന്ത്യ ഇറങ്ങിയത്‌. റഹീം അലി, നിന്‍തോയിന്‍ഗാന്‍ബ മീട്ടി, നമിത്‌ ദേശ്‌പാണ്ഡെ, അഭിജിത്ത്‌ സര്‍ക്കാര്‍ എന്നിവര്‍ക്കു പകരം അനികേത്‌ യാദവ്‌, ജിതേന്ദ്ര സിങ്‌, നോംഹാംബ നവോറെം, സുരേഷ്‌ വാങ്യാം എന്നിവര്‍ പ്ലെയിങ്‌ ഇലവനിലെത്തി.

തുടക്കം ആവേശോജ്വലം

തുടക്കം ആവേശോജ്വലം

കളിയുടെ ആദ്യ പത്ത്‌ മിനിറ്റില്‍ ഇരു ഗോള്‍മുഖത്തേക്കും പന്ത്‌ മാറി മാറി കയറിയതോടെ മല്‍സരം തുടക്കത്തില്‍ തന്നെ ആവേശം കൊള്ളിച്ചു. എന്നാല്‍ പതിയെ പതിയെ ഘാന കളിയില്‍ പിടിമുറുക്കുന്നതാണ്‌ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കണ്ടത്‌.

ഘാനയുടെ ഗോള്‍...ഹാവൂ, രക്ഷപ്പെട്ടു

ഘാനയുടെ ഗോള്‍...ഹാവൂ, രക്ഷപ്പെട്ടു

ആറാം മിനിറ്റില്‍ എറിക്‌ അയ്യ ഘാനയ്‌ക്കായി പന്ത്‌ വലയ്‌ക്കുള്ളിലാക്കിയെങ്കിലും ഇന്ത്യക്ക്‌ ആശ്വാസമേകി റഫറി ഓഫ്‌സൈഡ്‌ വിധിക്കുകയായിരുരുന്നു. പിന്നീട്‌ ഒന്നിനു പിറകെ ഒന്നായി ഘാന സുനാമി കണക്കെ ഇന്ത്യന്‍ ഗോള്‍മുഖത്ത്‌ ഇരമ്പിയെത്തി. ഇതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി.

പ്രതിരോധത്തിലേക്ക്‌ വലിഞ്ഞ്‌ ഇന്ത്യ

പ്രതിരോധത്തിലേക്ക്‌ വലിഞ്ഞ്‌ ഇന്ത്യ

കൂടുതല്‍ സമയവും പ്രതിരോധിച്ചു നില്‍ക്കാനാണ്‌ ഇന്ത്യ ശ്രമിച്ചത്‌. ഇടയ്‌ക്ക്‌ പന്ത്‌ ലഭിച്ചപ്പോഴെല്ലാം ഇന്ത്യ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും എല്ലാത്തിനും പാതി വഴിയുടെ ആയുസ്സേ ഉണ്ടായുള്ളൂ. ഘാന ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഗോള്‍ശ്രമങ്ങളൊന്നും ഇന്ത്യന്‍ യുവനിരയുടെ ഭാഗത്തു നിന്നുണ്ടായില്ല.

ഘാനയുടെ മിസൈലുകള്‍

ഘാനയുടെ മിസൈലുകള്‍

ഇടയ്‌ക്ക്‌ രണ്ടു ലോങ്‌റേഞ്ചറുകള്‍ ഘാന പരീക്ഷിച്ചു. എന്നാല്‍ രണ്ടു ഷോട്ടും ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ്‌ കൂട്ടി ക്രോസ്‌ ബാറിനു തൊട്ടു മുകളിലൂടെ പുറത്തേക്കു പറക്കുകയായിരുന്നു.

ഇന്ത്യ വഴങ്ങി, ഘാന മുന്നില്‍

ഇന്ത്യ വഴങ്ങി, ഘാന മുന്നില്‍

ഒടുവില്‍ ആദ്യപകുതി തീരാന്‍ രണ്ടു മിനിറ്റ്‌ ബാക്കിനില്‍ക്കെ ഘാന അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. വലതുമൂലയില്‍ നിന്നു സാദിഖ്‌ ഇബ്രാഹിം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ്‌ ഇന്ത്യന്‍ ഗോളി ധീരജിന്റെ കൈകളില്‍ തട്ടി തെറിച്ചെങ്കിലും റീബൗണ്ട്‌ ചെയ്‌ത പന്ത്‌ അയ്യ വലയിലേക്ക്‌ തൊടുത്തു.

വീണ്ടും മൂന്നടി, ഇന്ത്യ തീര്‍ന്നു

വീണ്ടും മൂന്നടി, ഇന്ത്യ തീര്‍ന്നു

രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ ദുഷ്‌കരമാക്കി 52ാം മിനിറ്റില്‍ ഘാന ലീഡുയര്‍ത്തി. ഇത്തവണയും അയ്യയാണ്‌ ഇന്ത്യയുടെ അന്തകനായത്‌. അര്‍കോ മന്‍സയുടെ താഴ്‌ന്ന ക്രോസ്‌ ജിതേന്ദ്ര ബ്ലോക്ക്‌ ചെയ്‌തു. റീബൗണ്ട്‌ ചെയ്‌ത പന്ത്‌ മെന്‍സ വീണ്ടും അയ്യക്ക്‌ കൈമാറി. വെടിയുണ്ട കണക്കെയുള്ള അയ്യയുടെ ഷോട്ട്‌ ഇന്ത്യന്‍ ഗോളി ധീരജിന്‌ ഒരു പഴുതും നല്‍കാതെ വലയില്‍ തറച്ചു. അവസാന അഞ്ചു മിനിറ്റിനിടെ ഘാന രണ്ടു ഗോള്‍ കൂടി നേടിയതോടെ ഇന്ത്യന്‍ പതനം പൂര്‍ത്തിയായി. റിച്ചാര്‍ഡ്‌ ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവുമാണ്‌ മൂന്നും നാലും ഗോളുകള്‍ക്ക്‌ അവകാശിയായത്‌.

Story first published: Thursday, October 12, 2017, 22:07 [IST]
Other articles published on Oct 12, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍