പാരിസ്: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌ന് (പിഎസ്ജി) തകര്‍പ്പന്‍ ജയം. ലീഗിലെ എട്ടാം റൗണ്ട് മല്‍സരത്തില്‍ നൈസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി തകര്‍ക്കുകയായിരുന്നു.
ഇരട്ട ഗോളുമായി മിന്നിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിക്ക് മികച്ച വിജയം സമ്മാനിച്ചത്. കളിയുടെ 22, 92 (ഇഞ്ചുറിടൈം) മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോള്‍ നേട്ടം. 46ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് പിഎസ്ജിയുടെ മറ്റൊരു സ്‌കോറര്‍.
59ാം മിനിറ്റില്‍ സൈപ്രിയന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് നൈസ് മല്‍സരം പൂര്‍ത്തിയാക്കിയത്. പിഎസ്ജിക്കു വേണ്ടി ഈ സീസണില്‍ നെയ്മര്‍ ഇതുവരെ ഏഴു ഗോളുകള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.