ലോകകപ്പ്: മെ'സി' ഗ്രൂപ്പില്‍ അര്‍ജന്റീനക്ക് പേടിക്കാനില്ല, മെക്‌സിക്കോയും പോളണ്ടും അട്ടിമറിക്കാര്‍

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലെ ഹോട് ഫേവറിറ്റുകള്‍ ഇറങ്ങുന്ന ഗ്രൂപ്പാണ് സി. ലയണല്‍ സ്‌കലോണിയുടെയും ലയണല്‍ മെസിയുടെയും അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ സൗദി അറേബ്യയും മെക്‌സിക്കോയും പോളണ്ടും ബൂട്ട് കെട്ടുന്നു.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് എന്ന നിലക്ക് ഖത്തര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഏറ്റവും മികച്ച കോമ്പിനേഷനുകളെ പരീക്ഷിച്ച്, അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി അജയ്യരായ ടീമിനെ സെറ്റ് ചെയ്തു. പരാജയമറിഞ്ഞിട്ട് മുപ്പത്തിമൂന്ന് മത്സരങ്ങള്‍ പിന്നിട്ടു എന്ന കണക്ക് മെസിപ്പടയുടെ കരുത്ത് വിളിച്ചറിയിക്കുന്നു.

ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീലിനെ വീഴ്ത്തി കോപ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമയിലും മുത്തമിട്ടിരുന്നു. നിലവിലെ ഫോമില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനക്ക് എതിരില്ല.

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ റാങ്കിംഗ് ഉള്ള സൗദി അറേബ്യ(49)യെയും കോണ്‍കകാഫ് പ്രതിനിധികളായ മെക്‌സിക്കോയെയും തോല്‍പ്പിക്കാന്‍ അര്‍ജന്റീനക്ക് വിയര്‍പ്പൊഴുക്കേണ്ടി വരില്ല. എന്നാല്‍, യൂറോപ്പില്‍ വലിയ മത്സരങ്ങള്‍ കഴിഞ്ഞെത്തുന്ന പോളണ്ട് വെല്ലുവിളി ഉയര്‍ത്തും.

മെസിയുടെ ലോകകപ്പ്...

മെസിയുടെ ലോകകപ്പ്...

മുപ്പത്തഞ്ച് വയസായി മെസിക്ക്. മറഡോണയെ പോലെ അമരനാകാന്‍ മെസിക്ക് അര്‍ജന്റീനക്കൊപ്പം ലോകം ജയിക്കണം. ഖത്തര്‍ അതിനുള്ള വേദിയാണ്; അവസരമാണ്. ബാഴ്‌സലോണക്കൊപ്പം ക്ലബ്ബ് കരിയറില്‍ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പടെ

നേടാവുന്നതിന്റെ പരമാവധി ട്രോഫികള്‍ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ദ്യോര്‍ ജേതാവായി റെക്കോര്‍ഡിട്ടു. അപ്പോഴും ലോകകപ്പ് ഒരു സ്വപ്‌നമായി അവശേഷിച്ചു. കോപ അമേരിക്കയും ഫൈനലിസിമയും അര്‍ജന്റീന സ്വന്തമാക്കിയത് ടീം വര്‍ക്കിലൂടെ ആയിരുന്നു. മെസിയുടെ അഭാവത്തിലും മികച്ച വിജയങ്ങള്‍ നേടുന്ന ടീമാണിത്. മെസി ചേരുമ്പോള്‍ ആ ടീമിന്റെ കരുത്ത് വേറെ ലെവലാകും. ഫിഫ റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള അര്‍ജന്റീനയില്‍ നിന്ന് ചാമ്പ്യന്‍മാരുടെ കളി തന്നെ കാണാം.

നോക്കൗട്ട് കാണാത്ത സൗദി...

നോക്കൗട്ട് കാണാത്ത സൗദി...

മുമ്പ് നാല് ലോകകപ്പുകള്‍ കളിച്ചപ്പോഴും സൗദി അറേബ്യക്ക് ഗ്രൂപ്പ് റൗണ്ടിനപ്പുറത്തൊരു ലോകമുണ്ടെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. മുന്‍ ഐവറികോസ്റ്റ്, മൊറോക്കോ, അംഗോള, സാംബിയ ദേശീയ ടീം പരിശീലകന്‍ ഹെര്‍വെ റെനാര്‍ഡാണ് സൗദിയെ ഖത്തറില്‍ ഒരുക്കുന്നത്. നാല് വര്‍ഷം മുമ്പ് റഷ്യ ലോകകപ്പില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് സൗദി നേടിയതെങ്കിലും എതിരാളികളെ വിറപ്പിച്ചു. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകള്‍ നേടിയ സ്‌ട്രൈക്കര്‍ സലെ അല്‍ ഷെഹ്രിയെ മുന്‍ നിര്‍ത്തിയാണ് റെനാര്‍ഡ് തന്ത്രം മെനയുന്നത്.

ഗോളടിക്കുന്ന റോബര്‍ട്ട്...

ഗോളടിക്കുന്ന റോബര്‍ട്ട്...

പോളണ്ടിനെ കുറിച്ച് മിണ്ടാന്‍ പറഞ്ഞാല്‍ ഗോളടിക്കുന്ന റോബര്‍ട്ടുള്ള ടീമെന്ന് പറയാം. അതേ, യൂറോപ്പിലെ ഏറ്റവും സ്ഥിരതയുള്ള ബയേണ്‍ മ്യൂണിക്ക് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പോളണ്ടിന്റെ നെടുനായകന്‍. 74 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്. നാപോളി മിഡ്ഫീല്‍ഡര്‍ പീറ്റര്‍ സിലിന്‍സ്‌കിയുടെ ഗോളിന്റെ മര്‍മമറിഞ്ഞുള്ള പാസുകളും പോളണ്ടിനെ അട്ടിമറിക്കാരാക്കുന്നു. സ്വീഡനെ പ്ലേ ഓഫില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോളണ്ട് ടിക്കറ്റെടുത്തത്.

കൊല്ലാം, തോല്‍പ്പിക്കാനാവില്ല...

കൊല്ലാം, തോല്‍പ്പിക്കാനാവില്ല...

1994 ന് ശേഷം എല്ലാ ലോകകപ്പുകളും കളിച്ച ടീമാണ് മെക്‌സിക്കോ. ഇത്തവണ കോണ്‍കകാഫില്‍ കനഡയെ ഗോള്‍ ശരാശരിയില്‍ പിറകിലാക്കിയാണ് മെക്‌സിക്കോ യോഗ്യത നേടിയത്. യോഗ്യതാ മത്സരങ്ങളില്‍ കൂടുതല്‍ ഗോളടിക്കുകയോ വഴങ്ങുകയോ ചെയ്തില്ല മെക്‌സിക്കോ. മുന്‍ ബാഴ്‌സലോണ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയാണ് പരിശീലകന്‍. വോള്‍വ്‌സ് സ്‌ട്രൈക്കര്‍ റൗള്‍ ജിമിനെസ്, അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍താരം ഹെക്ടര്‍ ഹെരേര എന്നിവര്‍ മാര്‍ട്ടിനോയുടെ വജ്രായുധങ്ങളാണ്.

ഗ്രൂപ്പ് സി മത്സര ഷെഡ്യൂള്‍...

ഗ്രൂപ്പ് സി മത്സര ഷെഡ്യൂള്‍...

നവംബര്‍ 22. അര്‍ജന്റീന-സ.അറേബ്യ

നവംബര്‍ 22. മെക്‌സിക്കോ - പോളണ്ട്

നവംബര്‍ 26. പോളണ്ട് - സ.അറേബ്യ

നവംബര്‍ 26. അര്‍ജന്റീന - മെക്‌സിക്കോ

നവംബര്‍ 30. പോളണ്ട്-അര്‍ജന്റീന

നവംബര്‍ 30. സ.അറേബ്യ-മെക്‌സിക്കോ

ഗ്രൂപ്പിലെ ക്ലാസിക് പോരാട്ടം...

നവംബര്‍ 30ന് പോളണ്ടും അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടമാകും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കുക. ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി മത്സരിച്ച മെസിയും റോബര്‍ട് ലെവന്‍ഡോസ്‌കിയും നേര്‍ക്കുനേര്‍ വരുന്നത് ആവേശം വാനോളം ഉയര്‍ത്തും.

നോക്കൗട്ട് റൗണ്ട് സാധ്യത : അര്‍ജന്റീന, പോളണ്ട്‌


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 17, 2022, 16:47 [IST]
Other articles published on Jun 17, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X