ഐഎസ്എല്‍: വന്നു, കളിച്ചു, കീഴടക്കി... ഒരിക്കല്‍ മാത്രം!! പിന്നെ സംഭവിച്ചത്, ഇപ്പോള്‍?

Written By:

മുംബൈ: നിരവധി സൂപ്പര്‍ താരങ്ങളുടെ പിറവിക്കും പതനത്തിനും സാക്ഷിയായ ടൂര്‍ണമെന്റാണ് ഐഎസ്എല്‍. പല പ്രമുഖ താരങ്ങളും വിവിധ സീസണുകളിലായി വിവിധ ടീമുകള്‍ക്കു വേണ്ടി ഇന്ത്യയില്‍ പന്തു തട്ടി. ഇതുവരെയുള്ള നാലു സീസുകള്‍ക്കിടെ പല മുന്‍ അന്താരാഷ്ട്ര താരങ്ങളും ഐഎസ്എല്ലിന്റെ ഭാഗമായിരുന്നു.

ഒരു സീസണില്‍ മാത്രം സൂപ്പര്‍ താരമായി മാറിയ ചില കളിക്കാരും ഐഎസ്എല്ലിലുണ്ട്. ഒരൊറ്റ സീസണ്‍ കൂടി എല്ലാവരുടെയും പ്രിയം പിടിച്ചുപറ്റിയ ഇവര്‍ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. ഇത്തരത്തില്‍ ഐഎസ്എല്ലിലെ അഞ്ച് വണ്‍ സീസണ്‍ വണ്ടേഴ്‌സിനെ പരിചയപ്പെടാം.

എലാനോ ബ്ലൂമര്‍

എലാനോ ബ്ലൂമര്‍

ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം എലാനോ ബ്ലൂമര്‍ ഐഎസ്എല്ലില്‍ വന്‍ തരംഗമാണ് ഒരു സീസണില്‍ സൃഷ്ടിച്ചത്. ചെന്നൈയ്ന്‍ എഫ്‌സിക്കൊപ്പം തൊടുന്നതെല്ലാം ഗോളാക്കി മാറ്റിയ അദ്ദേഹം ആരാദധകരുടെ മനം കവര്‍ന്നു. പ്രഥമ സീസണിലെ ടൂര്‍ണമെന്റിലായിരുന്നു എലാനോ ഷോ. എട്ടു ഗോളുകളാണ് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വാരിക്കൂട്ടിയത്.
എന്നാല്‍ തൊട്ടടുത്ത സീസണില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ എലാനോയ്ക്കായില്ല. 15 മല്‍സരങ്ങള്‍ കളിച്ചെങ്കിലും 2015ല്‍ നാലു ഗോളുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
സീസണിനു ശേഷം ഐഎസ്എല്‍ വിട്ട എലാനോ പിന്നീട് ക്ലബ്ബ് ഫുട്‌ബോളില്‍ 16 മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എന്നാല്‍ ഇത്രയും കളികളില്‍ നിന്നും ഒരു ഗോള്‍ പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.

 ഫിക്രു ടഫേര

ഫിക്രു ടഫേര

എലാനോയെപ്പോലെ തന്നെ പ്രഥമ ഐഎസ്എല്ലിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു എടിക്കെയുടെ (പഴയ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത) താരമായ ഫിക്രു ടഫേര. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ കന്നി ഗോള്‍ ടഫേരയുടെ പേരിലാണ്. പ്രഥമ സീസണിലെ ഗോള്‍വേട്ടയില്‍ എലാനോയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്ത് ടഫേരയായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളാണ് താരം നേടിയത്.
തൊട്ടടുത്ത സീസണില്‍ കൊല്‍ക്കത്ത വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയതോടെ ടഫേരയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ചെന്നൈയുടെ ശൈലിയുമായോ ടീമുമായോ പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനായില്ല. 11 മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു ഗോള്‍ മാത്രമാണ് സീസണില്‍ ടഫേരയ്ക്കു നേടാനായത്. സ്റ്റീവന്‍ മെന്‍ഡോസയും ജെജെ ലാല്‍പെഖുലയും ടീമിനായി കത്തിക്കയറിയ സീസണില്‍ ടഫേര നനഞ്ഞ പടക്കമായി മാറി.

അരാത്ത ഇസൂമി

അരാത്ത ഇസൂമി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ആദ്യ ജപ്പാനീസ് താരമായ അരാത്ത ഇസൂമിയും ഐഎസ്എല്ലില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രഥമ സീസണില്‍ കൊല്‍ക്കത്തയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഐ ലീഗിലുള്‍പ്പെടെ ഇന്ത്യയിലെ പല ക്ലബ്ബുകള്‍ക്കു വേണ്ടിയും ഇസൂമി കളിച്ചിട്ടുണ്ട്. പക്ഷെ ആദ്യ സീസണിനു ശേഷം ഐഎസ്എല്ലില്‍ വലിയ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
ഐപിഎല്ലില്‍ ഇതുവരെ കൊല്‍ക്കത്തയെക്കൂടാതെ പൂനെ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ മൂന്നു ക്ലബ്ബുകള്‍ക്കു വേണ്ടി മാത്രമേ ഇസൂമി കളിച്ചിട്ടുള്ളൂ. പ്രഥമ സീസണിലെ ടൂര്‍ണമെന്റില്‍ 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകള്‍ സ്‌കോര്‍ ചെയ്ത അദ്ദേഹത്തിന് പിന്നീടുള്ള രണ്ടു സീസണുകളിലും കൂടി ആകെ നേടാനായത് ഇതിലും കുറവ് ഗോളുകളാണ്.

സമീഗ് ദൗത്തി

സമീഗ് ദൗത്തി

ഐഎസ്എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ തുറുപ്പുചീട്ടായിരുന്നു പ്ലേമേക്കര്‍ സമീഗ് ദൗത്തി. 10 ഗോളുകള്‍ക്കാണ് താരം രണ്ടു സീസണുകളിലായി വഴിയൊരുക്കിയത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാനോ ഗോളവസരം സൃഷ്ടിക്കാനോ ദൗത്തിക്കായിട്ടില്ല.
നിലവില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയുടെ താരമാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ദൗത്തി. പക്ഷെകൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള പ്രകടനം ഐഎസ്എല്ലില്‍ പിന്നീട് മറ്റൊരു ക്ലബ്ബിനു വേണ്ടു നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

സ്റ്റീഫന്‍ പിയേഴ്‌സണ്‍

സ്റ്റീഫന്‍ പിയേഴ്‌സണ്‍

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായിരുന്നു സ്റ്റീഫന്‍ പിയേഴ്‌സണ്‍. പ്രഥമ സീസണിലെ ടൂര്‍ണമെന്റില്‍ മഞ്ഞപ്പടയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം. ഗോള്‍ നേടാനോ ഗോളവസരങ്ങളുണ്ടാക്കാനോ പിയേഴ്‌സണിനു സാധിച്ചിരുന്നില്ല. പക്ഷെ പാസിങ് ഗെയിമിലൂടെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പാസ് മാസ്റ്ററായി മാറി. 17 കളികളില്‍ 799 പാസുകളിലാണ് പിയേഴ്‌സണ്‍ പങ്കാളിയായത്.
ആദ്യ സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിട്ടു താരം 2016ല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയിലെത്തി. പക്ഷെ തന്റെ പഴയ പാസിങ് മിടുക്ക് കൊല്‍ക്കത്തയില്‍ പുറത്തെടുക്കുന്നതില്‍ പിയേഴ്‌സണ്‍ പരാജയപ്പെട്ടു. 11 മല്‍സരങ്ങളില്‍ 391 പാസുകളില്‍ പങ്കാളിയാവാനേ താരത്തിനായുള്ളൂ. നിലവില്‍ ഒരു ക്ലബ്ബിലും അംഗമല്ല പിയേഴ്‌സണ്‍.

Story first published: Thursday, February 15, 2018, 14:07 [IST]
Other articles published on Feb 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍