FIFA World Cup 2022: ടിറ്റെയുടെ പരീക്ഷണം പാളി, കാനറികളെ അട്ടിമറിച്ച് കാമറൂണ്‍, നാണക്കേട്

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണ്‍ തോല്‍പ്പിച്ചപ്പോള്‍ സെര്‍ബിയയെ 3-2ന് സ്വിറ്റ്സര്‍ലന്‍ഡും പരാജയപ്പെടുത്തി. 6 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അട്ടിമറി ജയത്തോടെ കാമറൂണും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനും സെര്‍ബിയക്കും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വന്നു. തുടര്‍ച്ചയായ മൂന്നാം ജയം സ്വപ്നം കണ്ട കാനറികള്‍ക്ക് കാമറൂണ്‍ നല്‍കിയത് വമ്പന്‍ ഷോക്ക് തന്നെയാണ്.

4-4-2 ഫോര്‍മേഷനില്‍ ബ്രസീല്‍

ഗ്രൂപ്പ് ജിയില്‍ നിന്ന് ഹാട്രിക് ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ കാമറൂണിനെ നേരിടുന്നത്. 4-4-2 ഫോര്‍മേഷനിലിറങ്ങിയ ബ്രസീലിനെ പ്രതിരോധത്തില്‍ നാല് പേരെ അണിനിരത്തി 4-2-3-1 ഫോര്‍മേഷനിലൂടെയാണ് കാമറൂണ്‍ നേരിട്ടത്. രണ്ടാം മിനുട്ടില്‍ത്തന്നെ ബ്രസീലിന്റെ റോഡ്രിഗോയുടെ മുന്നേറ്റം കണ്ടെങ്കിലും കാമറൂണ്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആറാം മിനുട്ടില്‍ കാമറൂണിന്റെ നോഹു ടോളോയും ഏഴാം മിനുട്ടില്‍ ബ്രസീലിന്റെ ഈഡര്‍ മിലിട്ടാവോയും ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ് വാങ്ങി.

പ്രതിരോധത്തില്‍ മികവ് കാട്ടി കാമറൂണ്‍

ബ്രസീലിന്റെ ആദ്യ മുന്നേറ്റങ്ങളെല്ലാം കാമറൂണിന്റെ പ്രതിരോധ മികവിന് മുന്നില്‍ ലക്ഷ്യം കാണാതെ അവസാനിച്ചു. 23ാം മിനുട്ടില്‍ റോഡ്രിഗോ കോര്‍ണറിലൂടെ ബോക്സിലേക്ക് നല്‍കിയ പന്തിലും ലക്ഷ്യം കാണാനാവുന്നില്ല. മുന്നേറ്റ നിരയിലെ നെയ്മറിന്റെ അഭാവത്തില്‍ ബ്രസീലിന്റെ ദൗര്‍ബല്യം തെളിയിക്കുന്ന പ്രകടനമാണ് ആദ്യ 30മിനുട്ടില്‍ കണ്ടത്. പെനല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍വെച്ച് ബ്രസീലിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത റോഡ്രിഗോക്ക് ലക്ഷ്യം കാണാനായില്ല.

രക്ഷകനായി എഡേഴ്സന്‍

ആദ്യ പകുതിയില്‍ ലഭിച്ച എക്സ്ട്രാ ടൈമിന്റെ മൂന്നാം മിനുട്ടില്‍ ബ്രസീല്‍ ശരിക്കും ഞെട്ടി. ബ്രയാന്‍ എംബ്യൂമോയുടെ ഹെഡര്‍ തകര്‍പ്പന്‍ ഡൈവിലൂടെ എഡേഴ്സന്‍ തട്ടിയകറ്റി. ഗോളെന്നുറപ്പിച്ച ഹെഡറാണ് എഡേഴ്സന്റെ മികവിലൂടെ നഷ്ടപ്പെട്ടത്. ബ്രസീലിന്റെ രക്ഷകനായി എഡേഴ്സന്‍ മാറി. ആദ്യ പകുതിയില്‍ 68 ശതമാനം പന്തടക്കിവെച്ച ബ്രസീല്‍ 1നെതിരേ 10 ഗോള്‍ശ്രമം നടത്തിയെങ്കിലും ഒരു തവണ പോലും ലക്ഷ്യം കാണാനായില്ല.

ലക്ഷ്യബോധമില്ലാതെ ബ്രസീല്‍

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെക്കാന്‍ ബ്രസീലിന് സാധിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ സാധിക്കുന്നില്ല. കാമറൂണ്‍ ഗോളിയുടെ മികവും ബ്രസീലിന് വലിയ വെല്ലുവിളിയായി. 64ാം മിനുട്ടില്‍ ഗെബ്രിയേല്‍ ജെസ്യൂസിനെ പിന്‍വലിച്ച് പെഡ്രോയെ കളത്തിലിറക്കി. 67ാം മിനുട്ടില്‍ എവര്‍ട്ടന്‍ റിബീറോയുടെ മുന്നേറ്റം പ്രതിരോധം തടുത്തു. 83ാം മിനുട്ടില്‍ ഡാനി ആല്‍വസിന്റെ ഫ്രീ കിക്കും പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു.

ബ്രസീലിനെ ഞെട്ടിച്ച് കാമറൂണ്‍

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടില്‍ ബ്രസീലിനെ ഞെട്ടിച്ച് കാമറൂണ്‍ അക്കൗണ്ട് തുറന്നു. ജെറോമി എന്‍ജോം എംബെക്കെലി നല്‍കിയ തകര്‍പ്പന്‍ ക്രോസിനെ ഹെഡ്ഡറിലൂടെ വിന്‍സന്റ് അബൗബക്കര്‍ വലയിലെത്തിക്കുകയായിരുന്നു. ബ്രസീല്‍ ഗോളി എഡേഴ്സന് വെറുതെ നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. പിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അബൗബക്കറിന് പുറത്തുപോവേണ്ടി വന്നു. അവസാന മിനുട്ടില്‍ സമനില പിടിക്കാനുള്ള അവസരം ബ്രൂണോ ഗുയ്മാരസ് നഷ്ടപ്പെടുത്തി. ഗോള്‍ പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്നുള്ള ഗുയ്മാരസിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി.

ലൈനപ്പ് ഇങ്ങനെ

ഗ്രൂപ്പ് ജിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-1-2-3 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 3-4-1-2 ഫോര്‍മേഷനിലാണ് സെര്‍ബിയ ബൂട്ടുകെട്ടിയത്. രണ്ട് കൂട്ടര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താന്‍ ജയം അനിവാര്യമായതിനാല്‍ ശക്തമായ പോരാട്ടമാണ് തുടക്കം മുതല്‍ കണ്ടത്. 11ാം മിനുട്ടില്‍ സെര്‍ബിയക്ക് ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കാനായില്ല. ആന്‍ഡ്രിജ സിവ്കോവിച്ചിന്റെ ഷോട്ട് ഇടത് പോസ്റ്റിലടിച്ച് മടങ്ങി. അല്ലായിരുന്നുവെങ്കില്‍ മനോഹരമായൊരു ഗോള്‍ കാണാമായിരുന്നു. 14ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് ഷാക്കയുടെ മുന്നേറ്റം പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു.

ലീഡെടുത്ത് സ്വിറ്റ്സര്‍ലന്‍ഡ്

20ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് ലീഡെടുത്തു. ഷെദ്രാന്‍ ഷാഖിരിയിലൂടെയാണ് സ്വിസ് നിര അക്കൗണ്ട് തുറന്നത്. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച സെര്‍ബിയ മിന്നല്‍ ആക്രമണങ്ങളാണ് നടത്തിയത്. സ്വിസിന്റെ ലീഡിന് ആറ് മിനുട്ട് മാത്രം ആയുസ് നല്‍കി സെര്‍ബിയ ഗോള്‍ മടക്കി. ഡുസാന്‍ ടാഡിക്ക് ബോക്സിലേക്ക് നല്‍കിയ പാസില്‍ അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ ഗോള്‍പോസ്റ്റിന്റെ വലത് മൂലയില്‍.

ലീഡെടുത്ത് സെര്‍ബിയ

35ാം മിനുട്ടില്‍ സെര്‍ബിയ ലീഡ് സ്വന്തമാക്കി. ഡുസാന്‍ വ്ളാവോഹിവിച്ചിലൂടെയാണ് സെര്‍ബിയ മുന്നിലെത്തിയത്. താരത്തിന്റെ ഷോട്ട് സ്വിസ് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലത് മൂലയുടെ താഴ്ഭാഗത്തെത്തി. ഗോള്‍ വഴങ്ങി 10 മിനുട്ടിനുള്ളില്‍ തിരിച്ചടിച്ച് ലീഡ് നേടി സെര്‍ബിയ സ്വിസ് നിരയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സെര്‍ബിയയുടെ സന്തോഷത്തിനും അധികം ആയുസുണ്ടായില്ല.

സമനില പിടിച്ച് സ്വിറ്റ്സര്‍ലന്‍ഡ്

44ാം മിനുട്ടില്‍ സെര്‍ബിയയോട് സമനില പിടിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിനായി. സില്‍വന്‍ വിഡ്മറിന്റെ അസിസ്റ്റില്‍ ബ്രീല്‍ എംബോളായാണ് സ്വിറ്റ്സര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചത്. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ 2-2 എന്ന നിലയിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ്. ഇരു ടീമും പന്തടക്കത്തില്‍ തുല്യത കാട്ടിയെങ്കിലും 6നെതിരേ 9 ഗോള്‍ശ്രമവുമായി സ്വിറ്റ്സര്‍ലന്‍ഡ് ആക്രമണത്തില്‍ മികച്ച് നിന്നു.

ലീഡ് നേടി സ്വിസ് നിര

രണ്ടാം പകുതിയുടെ തുടക്കം തന്നെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡെടുത്തു. റൂബന്‍ വര്‍ഗാസിന്റെ പാസില്‍ റിമോ ഫ്രീളറിലൂടെയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ലീഡ്. പിന്നീടങ്ങോട്ട് ഇരു ടീമിനും വലകുലുക്കാനായില്ല. പ്രതിരോധത്തില്‍ സ്വിസ് നിര മികവ് കാട്ടിയതോടെ 3-2ന്റെ ജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡിന് കളം വിടാനായെങ്കിലും പ്രീ ക്വാര്‍ട്ടര്‍ സീറ്റ് നേടാനായില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS
Story first published: Saturday, December 3, 2022, 3:09 [IST]
Other articles published on Dec 3, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X