ഇസ്രായേല്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ

Posted By:

കൊല്‍ക്കത്ത: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ആറ് ഇസ്രായേലി ഫുട്‌ബോള്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ ഗവേണിംഗ് ബോഡി യോഗം തീരുമാനമെടുത്തു. ഇതൊരു സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ഫിഫയ്ക്കാവില്ലെന്നും കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിന്റെ അന്തിമ സ്ഥിതിയെന്താണെന്ന കാര്യത്തില്‍ അന്താരാഷ്ട്ര നിയമ കേന്ദ്രങ്ങളാണ് തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരമൊരു രാഷ്ട്രീയ വിഷയത്തില്‍ ഫിഫ ഇടപെടാനുദ്ദേശിക്കുന്നില്ല. ഫിഫയുടെ പൊതു തത്വങ്ങളനുസരിച്ച് അത്തരമൊരു നിലപാട് മാത്രമേ ഫിഫയ്ക്ക് കൈക്കൊള്ളാനാവൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


മാത്രമല്ല, ബന്ധപ്പെട്ട കക്ഷികളുടെ അനുമതിയില്ലാതെ ഏതെങ്കിലും ഫുട്‌ബോള്‍ ടീമിന്റെ നിലവിലെ അവസ്ഥ മാറ്റുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്നും അത് ഫുട്‌ബോളിന്റെ താല്‍പര്യത്തിനെതിരാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കെതിരേ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ 2015 മുതല്‍ കാംപയിന്‍ നടത്തിവരികയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ടീമിനെ ഫിഫ നിലനിര്‍ത്തുന്നത് ചട്ടലംഘനമാണെന്നാണ് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വാദം.

fifa

ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഫിഫയില്‍ പരാതികള്‍ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും തീരുമാനം എടുക്കാതെ യോഗങ്ങള്‍ പിരിയുകയായിരുന്നു. ഫിഫയ്ക്ക് സ്വന്തം ചട്ടങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നായിരുന്നു ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡിലീസറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സാറ ലേ വൈറ്റ്‌സണ്‍ ഫിഫ തീരുമാനത്തോട് പ്രതികരിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ടീമുകളെ ഫിഫ സ്‌പോണ്‍സര്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു.

Story first published: Saturday, October 28, 2017, 8:41 [IST]
Other articles published on Oct 28, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍