ഒലിവറിനെ വെറുക്കുന്ന ഇറ്റലിയും ഒലിവറിനെ സ്‌നേഹിക്കുന്ന ഇറ്റലിയും...

Posted By: കാശ്വിന്‍

അയാളൊരു ഹൃദയമില്ലാത്ത പാഴ്ജന്മമാണ്, ഫുട്‌ബോള്‍ റഫറിയാകാനൊന്നും കൊള്ളത്തില്ല. ലോക ഫുട്‌ബോളിലെ ഗോള്‍കീപ്പിംഗ് ലെജന്‍ഡായ ഇറ്റലിയുടെ ജിയാന്‍ ലുജി ബുഫണിന്റെ അരിശം നിറഞ്ഞ വാക്കുകള്‍. ഇംഗ്ലണ്ടുകാരനായ റഫറി മൈക്കല്‍ ഒലിവറിനെതിരെയാണ് ബുഫണ്‍ ഉറഞ്ഞു തുള്ളിയത്. അതിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഒലിവറിന് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ ലൂസിയുടെ ഫോണിലേക്കും ഭീഷണിയുടെ സ്വരം ഉയര്‍ന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ആ സ്ത്രീയെ വേട്ടയാടി. ഭര്‍ത്താവ് വിധിച്ച പെനാല്‍റ്റിയുടെ പേരില്‍, ഭര്‍ത്താവ് ബുഫണിന് ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ പേരില്‍ !

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഭീഷണിക്കാര്‍ക്കെതിരെ. ഒലിവറിന്റെ ഭാര്യയുടെ നമ്പര്‍ മരവിപ്പിച്ച പോലീസ് അവരുടെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തി.ബുഫണിന്റെ അരിശം യുവെന്റസിന്റെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍.

buffon3

ട്വിറ്ററില്‍ ജിയാനി റുസോ എന്നൊരാള്‍ ലൂസിയോട് ചോദിക്കുന്നു : നൂറ്റാണ്ടിലെ കളവ് , ഇറ്റാലിയന്‍ മാധ്യമങ്ങള്‍ മാത്രമല്ല യൂറോപ്പിലെ നിരവധി പത്രങ്ങളുടെ ഹെഡ്ഡിംഗ് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഭര്‍ത്താവിനെയോര്‍ത്ത് ?

കൂട്ടത്തില്‍ മാന്യമായ തെറിവിളി ഇതായിരുന്നു !

എന്നാല്‍, ഇറ്റലി മുഴുവന്‍ ഇംഗ്ലീഷ് റഫറിക്കെതിരെയല്ല. ഫുട്‌ബോളില്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. അതിന്റെ പേരില്‍ റഫറിയെയും കുടുംബത്തെയും വേട്ടയാടുന്നത് അപലപനീയമാണെന്ന് പ്രഖ്യാപിക്കുന്നു ഇറ്റലിയിലെ ഒരു വിഭാഗം.

buffon

#italialovesmichaeloliver എന്ന ഹാഷ് ടാഗോടു കൂടിയാണ് പിന്തുണ.

രസകരമായ വസ്തുതയെന്തെന്നാല്‍ ഈ പിന്തുണച്ചവരില്‍ യുവെന്റസ് ക്ലബ്ബ് ആസ്ഥാനമായ ടുറിനില്‍ നിന്നുള്ളവര്‍ തുച്ഛമാണ്. ഹാഷ്ടാഗ് ക്യാമ്പയിനില്‍ കൂടുതലും ഇറ്റാലിയന്‍ ഫുട്‌ബോളില്‍ യുവെന്റസിന്റെ എതിര്‍പാളയക്കാര്‍. മിലാന്‍, റോം, നാപ്പിള്‍സ്, ബൊളോഗ്ന, വെറോണ, വെനീസ് എന്നിവിടങ്ങളിലുള്ളവരാണേറെയും. ശത്രുവിന്റെ ശത്രു മിത്രം എന്നൊരു ലൈന്‍ !

buffon2

എന്തായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ സംഭവിച്ചത് ?

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തിലാണ് വിവാദ പരാമര്‍ശത്തിന് ആധാരമായ സംഭവം. ഇഞ്ചുറി ടൈമില്‍ റഫറി ഒലിവര്‍ റയലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ഇത് ചോദ്യം ചെയ്ത ബുഫണിനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കി. കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ സെമിയിലേക്ക് കൈ പിടിച്ചുയര്‍ത്തി. ഗംഭീരമായി പോരാടിയ യുവെന്റസിന്റെ സ്വപ്‌നമാണ് ആ പെനാല്‍റ്റിയില്‍ തകര്‍ന്നു പോയത്. ക്വാര്‍ട്ടറിന്റെ ആദ്യ പാദം യുവെന്റസിന്റെ തട്ടകമായ ടുറിനിലായിരുന്നു നടന്നത്. അവിടെ 3-0ന് റയല്‍ ജയിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിശ്വപ്രസിദ്ധമായ ബൈസിക്കിള്‍ കിക്ക് യുവെന്റസിന്റെ വലയില്‍ കയറിയത് ടുറിനില്‍ വെച്ചായിരുന്നു. യുവെന്റസിന്റെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ക്രിസ്റ്റ്യാനോയുടെ ബ്രില്ല്യന്‍സിയെ ആദരിച്ചത്.

gianluigibuffon

ക്രിസ്റ്റ്യാനോ മാജിക്കില്‍ യുവെന്റസിന്റെ കഥ കഴിഞ്ഞു. ഇങ്ങനെയായിരുന്നു ഇറ്റലിയിലെ പത്രങ്ങള്‍ വരെ എഴുതിയത്. ബുഫണിനെ ഈ റിപ്പോര്‍ട്ടുകള്‍ വല്ലാതെ വേട്ടയാടിയെന്നുറപ്പ്. കാരണം, കരിയറില്‍ ഇതുവരെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുവാന്‍ ബുഫണിന് സാധിച്ചിട്ടില്ല. നേരത്തെ ഒരിക്കല്‍ ഫൈനലിലെത്തിയപ്പോള്‍ മെസിയുടെ ബാഴ്‌സലോണ അത് തട്ടിയെടുത്തു. ഇപ്പോഴിതാ ക്രിസ്റ്റിയാനോയുടെ റയലും വഴിമുടക്കികളാകുന്നു. മാഡ്രിഡില്‍ മൂന്ന് ഗോള്‍ മടക്കിയടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതോടെ മാധ്യമങ്ങള്‍ മാറ്റിയെഴുതും, ആരാധകര്‍ നെഞ്ചിലേറ്റും. ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബുഫണ്‍ നല്‍കിയ ഊര്‍ജം ഉള്‍ക്കൊണ്ട് യുവെന്റസ് ആഞ്ഞടിച്ചു. രണ്ടാം മിനുട്ടില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മാന്‍ഡുകിചിലൂടെ ആദ്യ ഗോള്‍. മുപ്പത്തേഴാം മിനുട്ടില്‍ വീണ്ടും മാന്‍ഡുകിച്. അറുപതാം മിനുട്ടില്‍ റയല്‍ ഗോളിയുടെ കൈയ്യില്‍ നിന്ന് വഴുതിയ പന്ത് മറ്റിയൂഡി വലയിലാക്കി - അവിസ്മരണീയം 3-0ന് യുവെ തിരിച്ചുവന്നിരിക്കുന്നു. സ്‌കോര്‍ 3-3 തുല്യം. യുവെന്റസ് പടയാളികള്‍ കാളപ്പോരിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിക്കുമോ ? ഉദ്വേഗഭരിതമായിരുന്നു പിന്നീടുള്ള കളി നിമിഷങ്ങള്‍.

luissuarezbarcelonafootball

തൊണ്ണൂറ് മിനുട്ട് പൂര്‍ത്തിയായി. മത്സരം സ്റ്റോപ്പേജ് ടൈമില്‍ പുരോഗമിക്കുമ്പോള്‍ യുവെന്റസിന്റെ ബോക്‌സിനുള്ളില്‍ ഒന്നരയാള്‍പ്പൊക്കത്തില്‍ പന്തെത്തി. നിന്ന നില്പില്‍ ക്രിസ്റ്റ്യാനോയുടെ മാസ്റ്റര്‍പീസ് ജമ്പ്. പന്തിനെ ക്രിസ്റ്റ്യാനോ നിലത്തേക്ക് കുത്തിയിറക്കി. ലുകാസ് വാസ്‌ക്വുസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. ലുകാസ് പന്തിനെ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പിറകില്‍ നിന്ന് യുവെ ഡിഫന്‍ഡര്‍ മെഹ്ദി ബെനാറ്റിയ ഇടപെട്ടു. ലുകാസ് വീണു. പന്ത് പന്തിന്റെ വഴിക്ക് പോയി. റഫറി ഒലിവര്‍ സ്‌പോട് കിക്കിലേക്ക് വിരല്‍ ചൂണ്ടി. യുവെന്റസ് താരങ്ങള്‍ക്ക് ഹാലിളകി. ബുഫണിന് നില വിട്ടു. ഇതാണ് ചുവപ്പ് കാര്‍ഡിലെത്തിച്ചത്.

നിലപാടില്‍ മാറ്റമില്ലാതെ ബുഫണ്‍..

buffon

ഒലിവറിനെ കുറിച്ച് താന്‍ പറഞ്ഞതൊന്നും അധികമായിട്ടില്ല. അയാള്‍ക്ക് ചെറിയ പ്രായമാണ്. ചാമ്പ്യന്‍സ് ലീഗ് പോലുള്ള വലിയ മത്സരങ്ങളൊന്നും നിയന്ത്രിക്കാനുള്ള പക്വതയും പാകതയും ആയിട്ടില്ല. അന്നേരത്തെ മാനകിവാസ്ഥയില്‍ പൊട്ടിത്തെറിച്ചതാണ്. അത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല. ഒരു ടീമിന്റെ സ്വപ്‌നമാണ് അയാള്‍ തകര്‍ത്തു കളഞ്ഞത്.

യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയും ബുഫണിനെ പിന്തുണച്ചു. ആ മാനസികാവസ്ഥയില്‍ ആരായാലും ഇങ്ങനെ തന്നെയേ പെരുമാറൂ. അലെഗ്രി തന്റെ സൂപ്പര്‍ പ്ലെയര്‍ക്ക് കട്ടസപ്പോര്‍ട്ട് നല്‍കുകയാണ്.

സിദാന്‍ എന്ത് പറയുന്നു...

zidane

ബുഫണിന്റെ ചാമ്പ്യന്‍സ് ലീഗ് കരിയര്‍ ആ വിധം അവസാനിച്ചതില്‍ സിദാന് നിരാശയുണ്ട്. അവസാന മത്സരത്തിലെ റെഡ് കാര്‍ഡിന്റെ പേരിലാകില്ല ബുഫണിനെ ലോക ഫുട്‌ബോള്‍ വിലയിരുത്തുക. അയാള്‍ പോരാളിയാണ്, ലോകകപ്പ് നേടിയ താരമാണ്. കരിയറില്‍ എത്രയോ ഉയരങ്ങള്‍ താണ്ടിയ പ്ലെയര്‍ - സിദാന്‍ പറയുന്നു.

അവസാന മത്സരത്തിലെ റെഡ് കാര്‍ഡ് സിദാനെ ഇന്നും വേട്ടയാടുന്നുണ്ട്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മെറ്റരാസിയെ തലകൊണ്ട് കുത്തിയിട്ടതിന് സിദാന്‍ റെഡ് കാര്‍ഡ് കണ്ടിരുന്നു. കരിയറിലെ അവസാന മത്സരമായിരുന്നു അത്. ആ റെഡ് കാര്‍ഡ് കൊണ്ട് സിദാന്റെ കരിയറിനെ അളക്കാന്‍ സാധിക്കില്ല. അദ്ദേഹം എത്രയോ ഉയരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു, ആ ചുവപ്പ് കാര്‍ഡ് കാണും മുമ്പെ.

ബുഫണിന്റെ റെഡ് കാര്‍ഡ് സിദാന്റെ മനസ്സിലൂടെ ഒരു കാലഘട്ടത്തെ തന്നെ മിന്നായം പോലെ കൊണ്ടു പോയിട്ടുണ്ടാകും.

gianluigibuffon

സ്‌പോട് കിക്ക് : ഈ സമയവും കടന്നു പോകും. ഗാരി ലിനേക്കര്‍ ഈ വിവാദ വിഷയത്തില്‍ ബുഫണിന് നല്‍കുന്ന ഉപദേശം ഇതാണ്. ബുഫണ്‍ മാതൃകാ ബിംബമാണ്. ഇനിയെങ്കിലും ഒലിവറിനും കുടുംബത്തിനും എതിരെ നടക്കുന്ന അധിക്ഷേപം മുന്‍കൈയ്യെടുത്ത് തടയണം എന്ന് ലിനേക്കര്‍ ആവശ്യപ്പെടുന്നു. ബുഫണ്‍ അതിന് തയ്യാറാകുമോ ?

Story first published: Monday, April 16, 2018, 14:56 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍