ഐഎസ്എല്‍: ഗോവന്‍ സ്വപ്‌നം പൊലിഞ്ഞു... സൂപ്പര്‍ മച്ചാന്‍സ് ഫൈനലില്‍, മിന്നുന്ന വിജയം

Written By:

ചെന്നൈ: ഐഎസ്എല്ലില്‍ കന്നിക്കിരീടമെന്ന എഫ്‌സി ഗോവയുടെ സ്വപ്‌നം സെമി ഫൈനലില്‍ പൊലിഞ്ഞു. നേരത്തേ 2015ലെ ഫൈനലില്‍ തങ്ങളെ കണ്ണീരണിയിച്ച് കിരീടത്തില്‍ മുത്തമിട്ട അതേ ചെന്നൈയ്ന്‍ എഫ്‌സി തന്നെ വീണ്ടും ഗോവയുടെ അന്തകരായി. രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിത വിജയമാണ് സൂപ്പര്‍ മച്ചാന്‍സ് നേടിയത്. നേരത്തേ ഗോവയില്‍ നടന്ന ആദ്യപാദം 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു.

1

ഒന്നാംപകുതിയില്‍ തന്നെ മൂന്നു മിനിറ്റിനിടെ രണ്ടു തവണ ഗോവന്‍ വലകുലുക്കിയ ചെന്നൈ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചിരുന്നു. ചെന്നൈയുടെ രണ്ടു ഗോളുകളും നേടിയത് ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. 26ാം മിനിറ്റില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്‌ലുവയാണ് ചെന്നൈയുടെ അക്കൗണ്ട് തുറന്നത്. നെല്‍സണിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ പ്രതിരോധത്തിന് പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെജെ ഹെഡ്ഡറിലൂട ലക്ഷ്യം കാണുകയായിരുന്നു.

മൂന്നു മിനിറ്റിനുള്ളില്‍ ധനപാല്‍ ഗണേഷ് ചെന്നൈയുടെ ലീഡുയര്‍ത്തി. ഗ്രെഗറി നെല്‍സണ്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ പാസ് ഗോളിയെ നിസ്സഹായനാക്കി ഗണേഷ് വലയ്ക്കുള്ളിലാക്കി. ഒടുവില്‍ കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഗോവയ്ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി ജെജെ തന്റെ രണ്ടാം ഗോളും ചെന്നൈയുടെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി.

2

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. ജയത്തിനു വേണ്ടി ഗോവ ഉജ്ജ്വലമായി തന്നെ പോരാടി. പക്ഷെ പ്രതിരോധത്തിലെ വിള്ളല്‍ അവരെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു. മല്‍സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ തൊടുത്തതുമെല്ലാം ഗോവയായിരുന്നു. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്കായില്ല. മാര്‍ച്ച് 17ന് ശനിയാഴ്ചയാണ് ഐപിഎല്‍ കലാശപ്പോരാട്ടം. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സി ചെന്നൈയ്ന്‍ എഫ്‌സിയുമായി കൊമ്പുകോര്‍ക്കും.

Story first published: Tuesday, March 13, 2018, 21:56 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍