വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീല്‍ വീണത് സ്പീഡ് ഗെയിമില്‍... ഫേവറിറ്റുകള്‍ ഓടിത്തളര്‍ന്നു, വിജയിച്ചത് ഹസാര്‍ഡും ഡിബ്രൂയിനും

By Vaisakhan

റഷ്യന്‍ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്നു ബ്രസീല്‍. ലോകത്തോത്തര താരങ്ങളടങ്ങുന്ന ബ്രസീല്‍ കപ്പ് നേടാതെ മടങ്ങില്ലെന്ന് എല്ലാവരും പ്രവചിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ തോറ്റ് പുറത്തായിരിക്കുകയാണ് ബ്രസീല്‍. എങ്ങനെ ബ്രസീല്‍ തോറ്റു എന്നാണ് ഇപ്പോള്‍ എല്ലാവരും പരിശോധിക്കുന്നത്. ഏറ്റവും സുന്ദരമായി കളിച്ച ബ്രസീലിനെ സുപ്രധാനമായ തന്ത്രങ്ങളിലൂടെയാണ് ബെല്‍ജിയം വീഴ്ത്തിയത്. അതിന് അവരെ സഹായിച്ചത് മൂന്ന് ഘടകങ്ങളാണ്. ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രൂയിന്‍, റോമേലു ലുക്കാകു എന്നിവരാണ് ബ്രസീലിന്റെ യുവനിരയെ പിടിച്ചുകെട്ടിയത്.

ചില പിഴവുകളും ബ്രസീലിന്റെ പരാജയത്തിന് കാരണമായിരുന്നു. പ്രത്യേകിച്ച് ഫെര്‍ണാണ്ടീഞ്ഞ്യോയുടെ സെല്‍ഫ് ഗോള്‍. അതോടൊപ്പം ഗോളാക്കാവുന്ന ഒട്ടനധി അവസരങ്ങളും ബ്രസീല്‍ നഷ്ടപ്പെടുത്തി. അതേസമയം ഈ ടീമിന് ഒരുപാട് നേട്ടങ്ങളും പറയാനുണ്ട്. പക്ഷേ ബ്രസീലിന്റെ നേട്ടങ്ങളേക്കാള്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ മികവിനെ കുറിച്ചാണ് പറയാനുള്ളത്. അവര്‍ ഒരുപടി മുന്നിട്ട് നിന്നു എന്ന് പറയേണ്ടി വരും.

ബ്രസീലിനെ വീഴ്ത്തിയ സെല്‍ഫ് ഗോള്‍

ബ്രസീലിനെ വീഴ്ത്തിയ സെല്‍ഫ് ഗോള്‍

പ്രതിരോധത്തില്‍ മാഴ്‌സലോ, മിറാന്‍ഡ, തിയാഗോ സില്‍വ എന്നിവരെയാണ് കോച്ച് ടിറ്റെ ഇറക്കിയത്. വിങുകളിലൂടെയുള്ള ആക്രമണത്തിന് ബ്രസീലിനെ സഹായിക്കുന്നതിന് ഇത് വഴിയൊരുക്കി. എന്നാല്‍ ഈ നീക്കം ഒരുതരത്തില്‍ തിരിച്ചടിയാവുകയും ചെയ്തു. ബെല്‍ജിയം മുന്നേറ്റത്തിന് എളുപ്പത്തില്‍ ബ്രസീലിയന്‍ പ്രതിരോധത്തെ പൊളിക്കാന്‍ സാധിച്ചു. ആദ്യ പത്തുമിനുട്ടില്‍ ബ്രസീലും ബെല്‍ജിയവും കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തുന്നതിനിടെ ആദ്യ ഗോള്‍ പിറന്നു. ഹസാര്‍ഡിന്റെ മനോഹരമായ ക്രോസ് പ്രതിരോധിക്കാനുള്ള നീക്കത്തില്‍ ഫെര്‍ണാണ്ടീഞ്ഞ്യോ സ്വന്തം പോസ്റ്റിലേക്ക് പന്ത് ഹെഡ് ചെയ്തിടുകയായിരുന്നു. അപ്രതീക്ഷിതമായ ഗോളായിരുന്നു ഇത്. കസെമിറോയ്ക്ക് പകരം വന്ന ഫെര്‍ണാണ്ടീഞ്ഞ്യോ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ഏറ്റവുമൊടുവില്‍ ഈ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. എന്തുകൊണ്ട് ലൂയിസിനെ ഇറക്കിയില്ല എന്നതും ചോദ്യമാണ്.

സ്പീഡ് ഗെയിമില്‍ തളര്‍ന്നു

സ്പീഡ് ഗെയിമില്‍ തളര്‍ന്നു

വണ്‍ ടച്ച് ഗെയിമില്‍ ഏറ്റവും സുന്ദരമായി ഈ ലോകകപ്പില്‍ കളിച്ച ടീമാണ് ബ്രസീല്‍. എന്നാല്‍ ഈ ഗെയിം പ്ലാനിനെ നിഷ്പ്രഭമാക്കി ബെല്‍ജിയം എന്ന് പറയുന്നതാണ് ശരി. അതിവേഗതയിലുള്ള നീക്കങ്ങള്‍ ബ്രസീലിന്റെ പ്രതിരോധത്തെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. റൊമേലു ലുക്കാക്കുവിനെ ഓടിപ്പിടിക്കാന്‍ പൗലീന്യോയും മിറാന്‍ഡും കഷ്ടപ്പെടുന്നുണ്ടായിരുന്നു. ചെറിയ പാസുകളിലൂടെയുള്ള അറ്റാക്കിങ് രീതി പിന്തുടര്‍ന്ന ബ്രസീലിന് സ്പീഡ് ഗെയിമിന് മുന്നില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. ലുക്കാക്കുവിന് ഈഡന്‍ ഹസാര്‍ഡും ഡിബ്രൂയിനും നല്‍കിയ പിന്തുണ അതി ഗംഭീരമായിരുന്നു. ഹസാര്‍ഡിനെയും ഡിബ്രൂയിനെയും തളയ്ക്കുന്നതില്‍ ബ്രസീല്‍ തീര്‍ത്തും പരാജയപ്പെട്ടു. ബ്രസീലിനെ ഞെട്ടിച്ച് കമ്പനിയും ഫെല്ലെയിനിയും ആക്രമണം നടത്തിയതോടെ ബ്രസീല്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ആദ്യ പകുതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും ബ്രസീലിന് ഫിനിഷിങ് പോരായ്മയും തിരിച്ചടിയായി. അതോടൊപ്പം ഡിബ്രൂയിന്റെ ഗോള്‍ ഏല്‍പ്പിച്ച ആഘാതവും വലുതായിരുന്നു.

ബ്രസീലിന് പ്രതീക്ഷകളേറെ

ബ്രസീലിന് പ്രതീക്ഷകളേറെ

കഴിഞ്ഞ തവണത്തെ പോലെ വന്‍ദുരന്തം ഏറ്റുവാങ്ങിയല്ല ബ്രസീല്‍ മടങ്ങുന്നത്. പോരാട്ടവീര്യം ഉണ്ടെന്ന് തെളിയിച്ചാണ് അവരുടെ മടക്കം. രണ്ടാം പകുതിയില്‍ ഡഗ്ലസ് കോസ്റ്റ ഇറങ്ങിയതോടെയാണ് ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് കൃത്യമായ ലക്ഷ്യബോധം വന്നത്. ബെല്‍ജിയം താരത്തെ വേഗം കൊണ്ട് കീഴടക്കിയ ഏക താരവും കോസ്റ്റയാണ്. താരത്തിന്റെ ക്രോസുകള്‍ നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാവാതിരുന്നത്. റെനാറ്റോ അഗസ്‌റ്റോയും ഗംഭീര പ്രകടനമാണ് നടത്തിയത്. ഒരുപക്ഷേ തിബറ്റ് കോര്‍ട്ടോയിസ് എന്ന ഗംഭീരന്‍ ഗോള്‍കീപ്പര്‍ ഇല്ലായിരുന്നെങ്കിലും അഞ്ച് ഗോളിനെങ്കിലും ബ്രസീല്‍ ജയിക്കേണ്ടതായിരുന്നു. നെയ്മറിന്റെയും കുട്ടീഞ്ഞോയുടെയും ഫിര്‍മിനോയുടെയും ഷോട്ടുകള്‍ കോര്‍ട്ടോയിസ് അത്‌ലറ്റിന്റെ മെയ്‌വഴക്കത്തോടെയാണ് തടുത്തിട്ടത്. കളിയുടെ അവസാന 10 മിനുട്ടില്‍ ബ്രസീല്‍ നടത്തിയ ആക്രമണം ബെല്‍ജിയം എങ്ങനെയാണ് അതിജീവിച്ചത് എന്നതും അദ്ഭുതകരമാണ്. ഒരുപക്ഷേ ഡഗ്ലസ് കോസ്റ്റയെ ആദ്യ പകുതിയില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നായേനെ.

ബെല്‍ജിയം കുതിക്കുന്നു

ബെല്‍ജിയം കുതിക്കുന്നു

രണ്ടാം റാങ്കിലുള്ള ടീമായ ബ്രസീലിനെ പരാജയപ്പെടുത്തിയതോടെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളുടെ പട്ടികയിലേക്ക് ബെല്‍ജിയവും ഇടംപിടിച്ചിരിക്കുകയാണ്. ബ്രസീലിനെതിരെ ഏറ്റവും നന്നായി കളിച്ചത് ഈഡന്‍ ഹസാര്‍ഡാണ്. ഒരുപന്ത് പോലും അദ്ദേഹത്തില്‍ നിന്ന് നഷ്ടമായിട്ടില്ല. മൂന്ന് തവണയാണ് ബ്രസീല്‍ പ്രതിരോധ താരങ്ങള്‍ അദ്ദേഹത്തെ ഫൗള്‍ ചെയ്തത്. ഈ ഘട്ടത്തില്‍ മാത്രമാണ് അദ്ദേഹത്തില്‍ നിന്ന് പന്ത് നഷ്ടമായത്. അപാരമായ പന്തടക്കം കൊണ്ട് ഹസാര്‍ഡ് അദ്ഭുതപ്പെടുത്തിയെന്ന് പറയാം. ഡിബ്രൂയിനും ലുക്കാക്കുവിനും പന്തെത്തിച്ച ഹസാര്‍ഡ് വിങുകള്‍ മാറി സെന്‍ട്രലില്‍ കളിച്ചപ്പോള്‍ ബ്രസീല്‍ നിര ഒന്നടങ്കം ആശയക്കുഴപ്പത്തിലായിരുന്നു. സെമിയില്‍ ഫ്രാന്‍സിനെതിരെ നിര്‍ണായകമാവുന്നതും ഹസാര്‍ഡിന്റെ പ്രകടനമായിരിക്കും. അതേസമയം ബ്രസീല്‍ നിരയില്‍ ഏറ്റവും നന്നായി കളിച്ചത് ഡഗ്ലസ് കോസ്റ്റയും റെനാറ്റോ അഗസ്റ്റയുമാണ്. നെയ്മറും കുട്ടീഞ്ഞോയും മികച്ച് നിന്നെങ്കിലും അനാവശ്യമായി പന്ത് കൈവശം വെച്ച് കൊണ്ടിരുന്ന നെയ്മര്‍ ഗോളടിക്കാനുള്ള സാധ്യതകളും സമയവും നഷ്ടപ്പെടുത്തിയെന്ന് പറയേണ്ടി വരും. പക്ഷേ യഥാര്‍ത്ഥ താരം കോര്‍ട്ടോയിസാണ്. ബെല്‍ജിയത്തിന്റെ ഗോള്‍വല ഏറ്റവും ഭദ്രമായി കാത്തത് കോര്‍ട്ടോയിസാണ്. അദ്ദേഹമില്ലെങ്കില്‍ ബ്രസീല്‍ വമ്പന്‍ ജയം തന്നെ നേടിയേനെ.

Story first published: Saturday, July 7, 2018, 16:35 [IST]
Other articles published on Jul 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X