ഹാട്രിക്‌ ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ്‌ ജേതാക്കള്‍... കൊറിയ കടന്ന്‌ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍!

Posted By:

കൊച്ചി/ മഡ്‌ഗാവ്‌: ഹാട്രിക്‌ ജയത്തോടെ ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളില്‍ ഗ്രൂപ്പ്‌ ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്‌ കുതിച്ചു. യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിനും അവസാന 16ലേക്കു ടിക്കറ്റെടുത്തു. അദ്‌ഭുതങ്ങള്‍ പ്രതീക്ഷിച്ചെത്തിയ നൈജറിനെ ഗ്രൂപ്പ്‌ ഡിയില്‍ മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തെറിയുകയായിരുന്നു. ഗോവയിലാണ്‌ മഞ്ഞപ്പട നൈജറിനെ കെട്ടുകെട്ടിച്ചത്‌. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഉത്തര കൊറിയക്കെതിരേയായിരുന്നു സ്‌പെയിനിന്റെ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്‌ കേരള മണ്ണില്‍ ചെമ്പട വിജയക്കൊടി നാട്ടിയത്‌. ഒമ്പതു പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ആറു പോയിന്റോടെ സ്‌പെയിന്‍ റണ്ണറപ്പായി.

football-

കൊച്ചിയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ചതിന്റെ ആവേശത്തിലാണ്‌ ബ്രസീല്‍ ഗോവയിലെത്തിയത്‌. ഗോവയില്‍ മഞ്ഞപ്പട കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്‌. സ്വന്തം നാടുമായി ഏറെ സാമ്യമുള്ള ഗോവയുമായി പൊരുത്തപ്പെടാന്‍ ബ്രസീലിനു അധികസമയം വേണ്ടിവന്നില്ല. കളിക്കളത്തില്‍ അവരുടെ പ്രകടനത്തിലും ഇതു പ്രതിഫലിച്ചു.

ഒന്നാം പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നൈജറിന്റെ വലയിലെത്തിച്ച്‌ ബ്രസീല്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ ബ്രസീല്‍ ലീഡ്‌ കണ്ടെത്തി. ലിങ്കണായിരുന്നു സ്‌കോറര്‍. പൗലിഞ്ഞോ നല്‍കിയ പാസ്‌ ഇടംകാല്‍ ഷോട്ടിലൂടെ ലിങ്കണ്‍ ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്നും ബ്രസീല്‍ തന്നെ കളിയില്‍ മേധാവിത്വം പുലര്‍ത്തി. 36ാം മിനിറ്റില്‍ ഈ ആധിപത്യം അരക്കിട്ടുറപ്പിച്ച്‌ ബ്രസീല്‍ ലീഡുയര്‍ത്തി. ബ്രെണ്ണര്‍ സൂസ ഡാ സില്‍വയുടെ വകയായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ്‌ താരം സ്‌കോര്‍ ചെയ്‌തത്‌.

അതേസമയം, ഉത്തര കൊറിയക്കെതിരേ നാലാം മിനിറ്റില്‍ മോഹയാണ്‌ സ്‌പെയിനിന്റെ ആദ്യ ഗോളിനു അവകാശിയായത്‌. സെസാര്‍ ഗെലാബേര്‍ട്ട്‌ നല്‍കിയ പാസ്‌ മോഹ വലയിലേക്ക്‌ പായിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ക്ക്‌ ഒരു അവസരവുമുണ്ടായിരുന്നില്ല. തുടര്‍ന്നു ലീഡുയര്‍ത്താന്‍ സ്‌പെയിനിനു നിരവധി അവസരങ്ങളാണ്‌ ലഭിച്ചത്‌. പക്ഷെ ഒന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. 71ാം മിനിറ്റില്‍ വിജയവും നോക്കൗട്ട്‌റൗണ്ടും ഭദ്രമാക്കി സ്‌പെയിന്‍ രണ്ടാം ഗോളും നേടി. ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ സെസാര്‍ ഗെലാബേര്‍ട്ടാണ്‌ സ്‌പെയിനിനായി നിറയൊഴിച്ചത്‌.

Story first published: Friday, October 13, 2017, 22:12 [IST]
Other articles published on Oct 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍