ലോകകപ്പ് ഫുട്‌ബോള്‍ അര്‍ജന്റീനയിലേക്ക്?; ആരാധകര്‍ ആവേശത്തില്‍

Posted By: rajesh mc

ബ്യൂണസ് ഐറിസ്: ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നൊരു പഴമൊഴിയുണ്ട്. ഇതിപ്പോള്‍ ഒരുമയുണ്ടെങ്കില്‍ ലോകകപ്പും നടത്താം എന്നാക്കി മാറ്റാവുന്ന അവസ്ഥയാണ്. ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം അരുളാന്‍ ആഗ്രഹിക്കാത്ത രാജ്യം ഏതാണുള്ളത്. പക്ഷെ ഒറ്റയ്ക്ക് അത് നടപ്പാക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാണ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയും, പരാഗ്വേയും, ഉറുഗ്വായും കൈകോര്‍ക്കുന്നത്. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയാണ് ഇൗ മൂവര്‍ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി 12 നഗരങ്ങളുടെ പട്ടികയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ ധാരണയായി.

ഈ പദ്ധതി വഴി അര്‍ജന്റീനയുടെ എട്ട് നഗരങ്ങളിലും, പരാഗ്വേയ്, ഉറുഗ്വായ് എന്നിവിടങ്ങളിലെ രണ്ട് നഗരങ്ങളില്‍ വീതവും ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുമെന്ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നഗരങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത നാല് വര്‍ഷത്തേക്ക് ബിഡ്ഡിംഗ് നടത്താന്‍ അവസരമില്ലെങ്കിലും മൂന്ന് രാഷ്ട്രങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ സംയുക്തമായി അപേക്ഷ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. 48 ടീമുകള്‍ മത്സരിക്കാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റിന് അവകാശം നേടാന്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ ശക്തമായ മത്സരം നേരിടേണ്ടി വരും.

argentina

1930-ലെ ആദ്യ ലോകകപ്പ് നടത്തിയ ഉറുഗ്വായ് വീണ്ടും വേദിയാകുകയെന്ന മോഹത്തോടെയാണ് അര്‍ജന്റീനയ്‌ക്കൊപ്പം കൂട്ടുകൂടിയത്. പരാഗ്വേയ് പിന്നീടാണ് ഇവര്‍ക്കൊപ്പം ചേരുന്നത്. സ്‌പെയിനിലേക്കുള്ള യാത്രയില്‍ ദേശീയ ക്യാപ്റ്റന്‍ ലിയണല്‍ മെസിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അര്‍ജന്റൈന്‍ ഫുട്‌ബോള്‍ നേതൃത്വം വ്യക്തമാക്കി. ലോകകപ്പ് നടത്താന്‍ രാഷ്ട്രീയ ബന്ധമല്ല താരങ്ങളുടെ പിന്തുണയാണ് ആവശ്യമെന്ന് സ്‌പോര്‍ട്ട് സെക്രട്ടറി കാര്‍ലോസ് മാക് അലിസ്റ്റര്‍ വ്യക്തമാക്കി. മെസിക്ക് പുറമെ ഉറുഗ്വായ് താരം ലൂയിസ് സുവാരസും നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു.

അര്‍ജന്റീന-സ്‌പെയിന്‍ സൗഹൃദമത്സരത്തില്‍ '2030-ലേക്ക് ഒരുമിച്ച്' എന്ന ബാന്‍ഡ് ധരിക്കാന്‍ മെസി ഒരുങ്ങിയതാണെങ്കിലും പരുക്ക് മൂലം കളത്തിലിറങ്ങിയില്ല. ജാവിയര്‍ മസ്‌കെരാനോയാണ് പകരം ബാന്‍ഡ് അണിഞ്ഞത്. എത്ര പണം ഓരോ രാജ്യത്തിനും ചെലവ് വരുമെന്നല്ല കൃത്യതയോടെ ഒരുമിച്ച് പദ്ധതി നടപ്പാക്കുകയാണ് പ്രധാനമെന്നും സംഘാടകര്‍ കരുതുന്നു.

Story first published: Wednesday, April 11, 2018, 9:52 [IST]
Other articles published on Apr 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍