ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത നേടിക്കൊടുത്തത് ജ്യോത്സ്യന്‍! നാണക്കേടെന്ന് മുന്‍ താരം

ഇന്ത്യന്‍ ഫുട്‌ബോളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്! സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ദേശീയ ടീം എ എഫ് സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി രാജ്യത്തിന് അഭിമാനമായത് ഒരു വശത്ത് , ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണ സമിതിയായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ (എ ഐ എഫ് എഫ്) സുപ്രീം കോടതി പിരിച്ചു വിട്ട് താത്കാലിക ഭരണ സമിതിയെ ചുമതലപ്പെടുത്തിയത് മറ്റൊരു വശത്ത്.

എന്നാല്‍, ഇപ്പോള്‍ മറ്റൊരു കാര്യം കൂടി ഇന്ത്യന്‍ ഫുട്‌ബോളിനെ ചുറ്റിപ്പറ്റി ചര്‍ച്ചയാവുകയാണ്. എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ ടീമില്‍ കളിക്കാരെ പ്രചോദിപ്പിക്കാന്‍ ജ്യോത്സ്യന്‍മാരുണ്ടായിരുന്നത്രേ! പതിനാറ് ലക്ഷം രൂപക്ക് ആസ്‌ട്രോളജിക്കല്‍ സ്ഥാപനവുമായി എ ഐ എഫ് എഫ് കരാറിലെത്തിയിട്ടുണ്ട്. ഒരു ജ്യോത്സ്യനാണത്രെ, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നയിച്ചത്. മൂന്ന് സെഷന്‍ ഇതിനകം നടന്നു കഴിഞ്ഞു. വരാനുള്ള ഏഷ്യന്‍ കപ്പിലും ഈ ജ്യോത്സ്യന്റെ സേവനം കരാര്‍ പ്രകാരം ലഭ്യമാകുമത്രെ.

ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്‌ട്രോളജി ഏജന്‍സിയുമായി കരാറിലെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ തനുമോയ് ബോസ് കടുത്ത വിമര്‍ശനമാണ് നടത്തിയത്. നേരാം വണ്ണം യൂത്ത് ലീഗ് മത്സരങ്ങളില്ല, പ്രൗഢമായിരുന്ന ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്തലാക്കി, ഇപ്പോഴിതാ ജ്യോത്സ്യനെ ടീമില്‍ നിയമിച്ചിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബോസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

എ ഐ എഫ് എഫ് ഉദ്യോഗസ്ഥര്‍ക്ക് വിദേശപര്യടനം നടത്തുന്നതിലാണ് ശ്രദ്ധ. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനത്തിനും പുരോഗതിക്കുമായി ഒന്നും ചെയ്യുന്നില്ലെന്നും ബോസ് വിമര്‍ശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ താരങ്ങളൊന്നും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, പേരു വെളിപ്പെടുത്താത്ത കൊല്‍ക്കത്തയില്‍ നിന്നുള്ള ടീം അംഗം പറഞ്ഞത് തനിക്ക് ഒരു ജ്യോത്സ്യന്റെയും ഉപദേശം ലഭിച്ചിട്ടില്ലെന്നാണ്. ക്യാമ്പില്‍ വൈകി എത്തിയതിനാല്‍ നഷ്ടമായതാണോ എന്നറിയില്ലെന്നും താരം വ്യക്തമാക്കി.

സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്തത്. കംബോഡിയയെ മറുപടിയില്ലാത്തരണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനെ 1-2ന് തോല്‍പ്പിച്ചു. ഹോങ്കോംഗിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഏഷ്യന്‍ കപ്പ് യോഗ്യത ആധികാരികമാക്കി.

ടീം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാജ്യത്തെ ഫുട്‌ബോള്‍ ആരാധകരും മുന്‍ താരങ്ങളും വലിയ നിരാശയിലാണ്. എന്തിനേറെ ടീമിന്റെ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക് വരെ പൊട്ടിത്തെറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുത്തഴിഞ്ഞ ഭരണം തന്നെയാണ് ഇവരെയൊക്കെ നിരാശപ്പെടുത്തുന്നത്. ഫിഫയുടെ മത്സര കലണ്ടറില്‍ കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച് എ ഐ എഫ് എഫിന്റെ ഭാഗത്ത് നിന്നുണ്ടായ തണുപ്പന്‍ നിലപാട് കോച്ച് സ്റ്റിമാക് ചോദ്യം ചെയ്തു. ശമ്പളത്തിന് വേണ്ടി മാത്രമല്ല, കോച്ചിംഗ് ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കി സ്റ്റിമാസ് സെപ്തംബറോടെ കരാര്‍ അവസാനിപ്പിച്ച് മടങ്ങുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു.

ഐ എസ് എല്‍ ഫുട്‌ബോളിനാണ് ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം ലഭിക്കുന്നത്. ചെറിയ ഫോര്‍മാറ്റില്‍ ലീഗ് സംഘടിപ്പിക്കുന്നത് ദീര്‍ഘകാല ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യില്ലെന്നും സ്റ്റിമാക് ചൂണ്ടിക്കാട്ടിയിരുന്നു. ഐ എസ് എല്‍ ടീമുകളുടെ എണ്ണം പതിനെട്ടിലേക്ക് ഉയര്‍ത്താനും, റെലഗേഷനും പ്രമോഷനുമുള്ള ലീഗ് ആയി മാറ്റണമെന്നും സ്റ്റിമാക് നിര്‍ദേശം വെച്ചിരുന്നു. ഐ പി എല്‍ ക്രിക്കറ്റിന്റെ സംപ്രേഷണത്തിന് അനുസൃതമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരഷെഡ്യൂള്‍ തീരുമാനിക്കേണ്ടി വരുന്നത് വലിയ ഗതികേടാണെന്നും ഹെഡ് കോച്ച് ചൂണ്ടിക്കാട്ടിയിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ വെള്ളാനകളെ ലക്ഷ്യമിട്ടാണ് കോച്ചിന്റെ പല പ്രസ്താവനകളും.

അതിനിടെ, സമയത്തിന് തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ പിരിച്ചു വിട്ടിരുന്നു. സുപ്രീം കോടതി നിയോഗിച്ച താല്‍ക്കാലിക ഭരണസമിതി (സി ഒ എ) ഭരണം ഏറ്റെടുത്തിരിക്കുകയാണ്. ഫുട്‌ബോള്‍ ഭരണസമിതി സ്വതന്ത്ര്യ സംവിധാനമാണെന്നും അതില്‍ രാജ്യത്തെ ഭരണകൂടമോ കോടതിയോ ഇടപെടുന്നത് ഫിഫ അംഗീകരിക്കില്ല. വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫിഫ, എ എഫ് സി പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്.

പന്ത്രണ്ട് വര്‍ഷമായി പ്രസിഡന്റ്സ്ഥാനത്ത് തുടരുന്ന പ്രഫുല്‍ പട്ടേലിനെ സുപ്രീംകോടതി പുറത്താക്കിയത് ഫിഫ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ വിലക്ക് വന്നേക്കും. ദേശീയ കായിക നയം പിന്തുടര്‍ന്ന് എ ഐ എഫ് എഫ് ഭരണഘടന പരിഷ്‌കരിക്കുകയും തെരഞ്ഞെടുപ്പ് നടത്തുകയുമാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയ താത്കാലിക ഭരണ സമിതിയുടെ ദൗത്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 22, 2022, 13:47 [IST]
Other articles published on Jun 22, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X