കോലിയെ ടീമിലെടുത്തതിനാല്‍ തന്നെ പുറത്താക്കി; വെളിപ്പെടുത്തലുമായി വെങ്‌സര്‍ക്കാര്‍

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് വിവാദത്തിന് തിരികൊളുത്തി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ചീഫ് സെലക്ടര്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയതിന് കാരണം വിരാട് കോലിയെ ടീമില്‍ ഉള്‍ക്കൊള്ളിച്ചതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. 2008ല്‍ പുതുമുഖമായ കോലിയെ ടീമിലെടുത്തത് തന്റെ പുറത്താകലിന് കാരണമായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Dilip Vengsarkar

അന്ന് ബിസിസിഐ ട്രഷറര്‍ ആയിരുന്ന എന്‍ ശ്രീനിവാസന് കോലിയില്‍ താത്പര്യമുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ധോണിക്കും ശ്രീനിവാസനും ബദരീനാഥിനെ ടീമിലെടുക്കാനായിരുന്നു താത്പര്യം. എന്നാല്‍, അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീം ക്യാപ്റ്റന്‍ വിരാട് കോലിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമായിരുന്നെന്നും അത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

ബദരിനാഥ് പിന്നീട് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ചെന്നൈ ടീമില്‍ ക്യാപ്റ്റന്‍ ധോണിക്ക് കീഴില്‍ കളിക്കുകയും ചെയ്തിരുന്നു. കോലിയാണ് ശരിയായ തെരഞ്ഞെടുപ്പെന്ന് തനിക്ക് ബോധ്യമായിരുന്നു. എന്നാല്‍, ധോണിയോ കോച്ച് ഗ്യാരി കേസ്റ്റനോ തനിക്ക് പിന്തുണ നല്‍കിയില്ല.

ഓസ്‌ട്രേലിയയില്‍ നടന്ന ഇന്ത്യ എ ടീമില്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തിയിരുന്നു. നാലു രാഷ്ട്രങ്ങള്‍ പങ്കെടുത്ത ആ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. ഇതോടെ ശ്രീലങ്കയിലേക്കുള്ള സീനിയര്‍ ടീമില്‍ കോലിയെ തെരഞ്ഞെടുക്കുകയായിരുന്നെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 2006ലായിരുന്നു വെങ്‌സര്‍ക്കാര്‍ ബിസിസിഐ ചീഫ് സെലക്ടറായി ചുമതലയേല്‍ക്കുന്നത്. കാലാവധി തീരുന്നതിന് മുന്‍പ് പുറത്താക്കുകയും ചെയ്തു.

Story first published: Friday, March 9, 2018, 6:46 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍