കോലിയെ പോലെ കളിക്കാന്‍ സച്ചിന് കഴിയില്ല; സച്ചിനെ കുത്തിനോവിച്ച് ഷെയിന്‍ വോണ്‍

Posted By: rajesh mc

മുംബൈ: ഓസ്‌ട്രേലിയക്കാര്‍ക്ക് ഒരു വിചാരമുണ്ട്. മറുവശത്തുള്ളവരെ ചീത്ത വിളിച്ചും, പരിഹസിച്ചും തളര്‍ത്താമെന്ന്. ഇതുവഴി നേട്ടം കൊയ്യാമെന്ന്. ഇങ്ങനെയൊക്കെ വിചാരിച്ച് കളത്തിലിറങ്ങിയ അവര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇതിന്റെ കലിപ്പ് ഇപ്പോഴും ഷെയിന്‍ വോണ്‍ പോലുള്ളവര്‍ക്ക് മാറിയിട്ടില്ലെന്ന് തോന്നുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മെന്ററായ വോണ്‍ സച്ചിനെ കുത്തിനോവിച്ചാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

നിലവില്‍ ലോക ക്രിക്കറ്റില്‍ വിരാട് കോലിയെയും, എബി ഡി വില്ലിയേഴ്‌സിനെയും മറികടക്കാന്‍ പറ്റിയ താരങ്ങളിലെന്ന് ഷെയിന്‍ വോണ്‍ പറഞ്ഞുവെയ്ക്കുന്നു. ഇതിനിടെയാണ് പഴയ രോഷം ഉള്ളില്‍ വെച്ച് കൊണ്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഇന്ത്യന്‍ ഇതിഹാസ താരത്തിനിട്ടൊരു തട്ട് കൊടുക്കുന്നത്. വിരാട് കോലി കളിക്കുന്നത് പോലൊന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിചാരിച്ചാല്‍ കളിക്കാന്‍ കഴിയില്ലത്രേ. വിരാട് ഏകദിനങ്ങളില്‍ നടത്തുന്ന ചേസിംഗൊന്നും സച്ചിന് പോലും പറ്റില്ല, വോണ്‍ അഭിപ്രായപ്പെട്ടു.

shanewarne

ഞങ്ങളുടെ തലമുറയില്‍ സച്ചിനും, ബ്രയന്‍ ലാറയുമാണ് ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായി വിലയിരുത്തിയിരുന്നത്. പക്ഷെ ഇവരില്‍ നിന്നും വിരാടിനെയും, ഡി ഡിവില്ലിയേഴ്‌സിനെയും വേര്‍തിരിച്ച് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏതൊരു മികച്ച താരത്തിനും ഒപ്പമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ നിലവാരം. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും, അഭിനിവേശവും മികച്ചതാണ്. ഒരു പത്ത് വര്‍ഷം കൂടി കഴിഞ്ഞാല്‍ സച്ചിനെന്ന പേര് പറയുന്ന അതേ അളവിലാകും വിരാടിന്റെ സ്ഥാനം, വോണ്‍ പ്രവചിക്കുന്നു.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ നിന്നും ഇടവേളയെടുത്ത് ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനിറങ്ങുന്ന വിരാടിന്റെ ആത്മാര്‍ത്ഥതയെ വോണ്‍ പുകഴ്ത്തുന്നു. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പര്യടത്തിന് മുന്നോടിയാണ് ഇതെല്ലാം, ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹം അത്രയേറെ മാനിക്കുന്നത് കൊണ്ടാണത്, വോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 7:40 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍