ബൂം...ബൂം ബംഗ്ലാദേശ്, ഹീറോയായി മുഷ്ഫിഖുര്‍, ശ്രീലങ്കയെ തല്ലിത്തോല്‍പ്പിച്ചു

Written By:

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ മൂന്നാമത്തെ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിനു ത്രസിപ്പിക്കുന്ന ജയം. അസാധ്യമെന്നു തോന്നിച്ച വിജയലക്ഷ്യം അവിശ്വസനീയ ബാറ്റിങിലൂടെ ബംഗ്ലാ കടുവകള്‍ എത്തിപ്പിടിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ലങ്ക നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 214 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബംഗ്ലാദേശിന് ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല.

എന്നാല്‍ അടിക്ക് അടി തന്നെ തിരിച്ചുകൊടുക്കണമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ആതിഥേയരെ നിലത്തുനിര്‍ത്തിയില്ല. രണ്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ബംഗ്ലാദേശ് ജയം പൊരുതിനേടുകയായിരുന്നു. 35 പന്തില്‍ പുറത്താവാതെ നാലു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കം 72 റണ്‍സ് വാരിക്കൂട്ടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വീരനായകന്‍. തമീം ഇഖ്ബാല്‍ (47), ലിറ്റണ്‍ ദാസ് (43) എന്നിവരും മികച്ച പ്രകടനം നടത്തി. ഇതോടെ മൂന്നു ടീമുകളു രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയും വഴങ്ങി ഒപ്പത്തിനൊപ്പമാണ്. ശ്രീലങ്ക ആദ്യ കളിയില്‍ ഇന്ത്യെ തോല്‍പ്പിച്ചപ്പോള്‍ ബംഗ്ലാദേശ് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.

1

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും തീപ്പൊരി ബാറ്റിങ് കാഴ്ചവച്ച കുശാല്‍ പെരേരയാണ് (74) ലങ്കയെ 214 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. വെറും 48 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ ലങ്ക അഞ്ചു വിക്കറ്റിന് ഇന്ത്യയെ തുരത്തിയപ്പോള്‍ കുശാല്‍ തന്നെയായിരുന്നു ടോപ്‌സ്‌കോറര്‍.

കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റതിനാല്‍ ജയത്തോടെ പരമ്പരയിലേക്കു തിരിച്ചുവരികയെന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങിയത്. ടോസ് ലഭിച്ച ബംഗ്ലാ നായകന്‍ മഹമ്മൂദുള്ള ലങ്കയോടെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മഹമൂദുള്ളള തീരുമാനം ശരിയായിരുന്നില്ലെന്ന് ആദ്യ പത്തോവറിനുള്ളില്‍ തന്നെ വ്യക്തമായി. പതിനൊന്നാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ലങ്കയുടെ സ്‌കോര്‍ 100 കടന്നിരുന്നു. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് 30 പന്തില്‍ രണ്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടക്കം 57 റണ്‍സാണ് നേടിയത്.

മറ്റൊരു ഓപ്പണറായ ധനുഷ്‌ക ഗുണതിലക 26 റണ്‍സെടുത്തു മടങ്ങി. ദസുന്‍ ശനക (0), ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍ (2) ലങ്കയ്ക്ക് തുടര്‍ച്ചയായി നഷ്മായെങ്കിലും കുശാലിന്റെ ഇന്നിങ്‌സ് ലങ്കയുടെ നില ഭദ്രമാക്കി. പുറത്താവാതെ 32 റണ്‍സെടുത്ത ഉപുല്‍ തരംഗ കുശാല്‍ പെരേരയ്ക്കു മികച്ച പിന്തുണ നല്‍കി. മൂന്നു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാ ബൗളര്‍മാരില്‍ തിളങ്ങിയത്.

Story first published: Saturday, March 10, 2018, 21:13 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍