തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍

ക്രിക്കറ്റില്‍ അപൂര്‍വമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ഒരൊറ്റ രാജ്യത്തിനെതിരെ 6,000 രാജ്യാന്തര റണ്‍സും 300 വിക്കറ്റുമെന്ന അപൂര്‍വ റെക്കോര്‍ഡ് ഷാക്കിബ് സ്വന്തം പേരില്‍ കുറിച്ചു. തിങ്കളാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ഷാക്കിബ് അല്‍ ഹസന്‍ പുതിയ പൊന്‍തൂവല്‍ ചൂടിയത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ബംഗ്ലാദേശില്‍ പര്യടനം നടത്തുകയാണ്. 3 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്. വാതുവെയ്പ്പുകാര്‍ ബന്ധപ്പെട്ട വിവരം മറച്ചുവെച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഷാക്കിബിന്റെ തിരിച്ചുവരല്‍ പരമ്പര കൂടിയാണിത്.

എന്തായാലും രണ്ടാമൂഴം ഷാക്കിബ് അല്‍ ഹസന്‍ ഗംഭീരമാക്കി. മൂന്നാം ഏകദിനത്തില്‍ എട്ടു റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റുകളാണ് താരം പിഴുതത്. ഷാക്കിബിന്റെ ബൗളിങ് മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെ 122 റണ്‍സില്‍ തളയ്ക്കാനും ബംഗ്ലാദേശിന് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനെത്തിയ ഷാക്കിബ് 51 റണ്‍സ് തികയ്ക്കുന്നതും ആരാധകര്‍ കണ്ടു. മത്സരം ആറ് വിക്കറ്റിന് ആതിഥേയരായ ബംഗ്ലാദേശാണ് ജയിച്ചത്. നേരത്തെ, രണ്ടാം ഏകദിനത്തിലും ആധികാരിക ജയം ബംഗ്ലാദേശ് കുറിച്ചിരുന്നു. 148 റണ്‍സിന് സന്ദര്‍ശകരെ ഒതുക്കിയ ബംഗ്ലാ കടുവകള്‍ ഏഴു വിക്കറ്റിനാണ് ജയിച്ചു കയറിയത്. അന്നത്തെ മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ 43 റണ്‍സ് നേടുകയുണ്ടായി.

ക്രിക്കറ്റില്‍ ഷാക്കിബിന്റെ പേരില്‍ മാത്രമുള്ള ഒരുപിടി റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും 5 വിക്കറ്റ് നേട്ടം കുറിക്കുന്ന ആദ്യത്തെ ബംഗ്ലാദേശ് താരമാണ് ഇദ്ദേഹം. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കയ്യടക്കുന്ന നാലാമത്തെ ബൗളറും ഷാക്കിബ് തന്നെ. ഷേര്‍-ഇ-ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ നിന്നും 76 വിക്കറ്റുകളാണ് ഇതുവരെ ഷാക്കിബ് അല്‍ ഹസന്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഒരൊറ്റ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു നേടുന്ന ബൗളറെന്ന വിശേഷണവും ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഷാക്കിബിന്റെ പേരിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 10,000 റണ്‍സും 500 വിക്കറ്റും പിന്നിട്ട ഓള്‍റൗണ്ടറും ഷാക്കിബ് അല്‍ ഹസനാണ്. ഒരേ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും ഡെക്കും കുറിച്ച ഏഴു ബാറ്റ്‌സ്മാന്മാരില്‍ ഒരാളെന്ന റെക്കോര്‍ഡും ഇദ്ദേഹം പങ്കിടുന്നു. ഫെബ്രുവരി 3 -ന് ചാറ്റോഗ്രാമില്‍ ആരംഭിക്കുന്ന ബംഗ്ലാദേശ് - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ ഷാക്കിബ് അല്‍ ഹസനും കളിക്കുമെന്നാണ് സൂചന.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: shakib al hasan
Story first published: Monday, January 25, 2021, 19:44 [IST]
Other articles published on Jan 25, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X