ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ അടുത്തയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ തന്റെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ചില സര്‍പ്രൈസുകളുമായിട്ടാണ് അദ്ദേഹം ലോകകപ്പ് ടീമിനെ നിര്‍ദേശിച്ചിരിക്കുന്നത്. ഭാജിയുടെ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ തഴയപ്പെട്ടുവെന്നതാണ്. കൂടാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും ടീമില്‍ ഇടം ലഭിച്ചില്ല.
രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ വേണമെന്നു ഇതിനകം തന്നെ അഭിപ്രായപ്പെട്ടു കഴിഞ്ഞയാളാണ് ഭാജി. ഇത്തവണ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം സഞ്ജുവിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റിഷഭ് പന്താണ് ലോകകപ്പ് സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഹാര്‍ദിക്, അക്ഷര്‍ എന്നിവരെക്കൂടാതെ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ്. ഐപിഎല്ലില്‍ ഇത്തവണ തുടര്‍ച്ചയായി ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ കിടിലന്‍ സെഞ്ച്വറിയോടെ ജയ്‌സ്വാള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മുന്‍ നായകനും ഐപിഎല്ലില്‍ ഇത്തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ വിരാട് കോലി മൂന്നാം നമ്പറിലും 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നാലാംനമ്പറിലുമുണ്ട്.
സഞ്ജുവും റിഷഭും ലോകകപ്പ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാരാവുമ്പോള്‍ ആര്‍ക്കായിരിക്കും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയെന്നത് ടീം മാനേജ്‌മെന്റിന്റെ കൈകളിലാണ്. ഫിനിഷിങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഹീറോയായി മാറിയ റിങ്കു സിങിനെ ഭാജി ടീമിലെടുത്തിട്ടുണ്ട്. ഹാര്‍ദിക്കിനു പകരം വമ്പനടിക്കാരനായ ശിവം ദുബെയാണ് ലോകകപ്പ് ടീമിലെത്തിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വന്‍ ഫ്‌ളോപ്പായതോടെയാണ് ഹാര്‍ദിക്കിനു ഭാജിയുടെ ടീമില്‍ സ്ഥാനം നഷ്ടമായത്. നേരത്തേ മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, അമ്പാട്ടി റായുഡു എന്നിവരും ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോള്‍ ഹാര്‍ദിക് തഴയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഭാജിയും ഇതേ തീരുമാനം എടുത്തിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഹര്‍ഭജന്റെ ലോകകപ്പ് ടീമിന്റെ ഭാഗമാണ്. അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയാണ് അദ്ദേഹം കൂടുതല്‍ അനുഭവസമ്പത്തുള്ള ജഡ്ഡുവിനെ ഉള്‍പ്പെടുത്തിയത്.
യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് സ്പിന്നര്‍മാരായി ടീമിലേക്കു വന്നത്. കുല്‍ദീപ് നേരത്തേ തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ഐപിഎല്ലില്‍ വീണ്ടും മിന്നിച്ചതോടെ ചഹലിനു നറുക്കുവീഴുകയായിരുന്നു. നാലു ഫാസ്റ്റ് ബൗളര്‍മാരാണ് ഹര്‍ഭജന്റെ ലോകകപ്പ് സ്‌ക്വാഡിലുള്ളത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ചുക്കാന്‍ പിടിക്കുന്ന ബൗളിങ് ആക്രമണത്തില്‍ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവരും ഇടം പിടിച്ചു. 150 കിമിക്കു മുകളില്‍ വേഗത്തില്‍ ഈ ഐപിഎല്ലില്‍ ബൗള്‍ ചെയ്ത് തരംഗമായി മാറിയ ബൗളറാണ് മായങ്ക്.
ഹര്‍ഭജന്റെ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്‌നാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.