ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിനിടെ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിന്റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍ ലോകം മുഴുവനും വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ ക്രിക്കറ്റിലെ സ്പിരിറ്റിനെക്കുറിച്ചും വാദങ്ങളുയരുകയാണ്. പുതുതായി ക്രീസിലെത്തിയ മാത്യൂസ് ഹെല്‍മറ്റ് കേടായതു കാരണം അതു മാറ്റി വാങ്ങി സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവെ ടൈംഡ് ഔട്ടിനായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്‍ അപ്പീല്‍ ചെയ്യുകയായിരുന്നു.
രണ്ടു മിനിറ്റനകം സ്‌ട്രൈക്ക് നേരിടണമെന്ന നിയമം ലംഘിച്ചതായി കണ്ടെത്തിയ മാത്യൂസിനെ അംപയര്‍ പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ലോക ക്രിക്കറ്റില്‍ ഈ തരത്തില്‍ പുറത്തായ ആദ്യ താരമായും അദ്ദേഹം മാറി. പക്ഷെ ഷാക്വിബ് അപ്പീല്‍ പിന്‍വലിച്ചിരുന്നെങ്കില്‍ മാത്യൂസിന് കളി തുടരാമായിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത പ്രവര്‍ത്തിയാണ് ഷാക്വിബ് കാണിച്ചതെന്നാണ് പലരും വിമര്‍ശിക്കുന്നത്.

ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെട്ട പഴയ ഒരു സംഭവം ആരാധകര്‍ കുത്തിപ്പൊക്കുകയും ചെയ്തിരിക്കുകയാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റ് എന്താണെന്നു രോഹിത്തിനെ കണ്ടു ഷാക്വിബ് പഠിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഈ വര്‍ഷം ജനുവരി 10നു ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിന മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.
ഇന്ത്യ വിജയമുറപ്പിച്ച മല്‍സരത്തില്‍ അവസാനത്തെ മൂന്നു ബോളില്‍ ലങ്കയ്ക്കു ജയിക്കാന്‍ 83 റണ്‍സാണ് വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയായിരുന്നു അവസാന ഓവര്‍ ബോള്‍ ചെയ്തത്. ടീമിലെ മറ്റു ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ദസുന്‍ ഷനക വീറോടെ പൊരുതി.
98 റണ്‍സുമായി ഷനക നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കെയാണ് ഷമി മങ്കാദിങ് റണ്ണൗട്ടിനു ശ്രമിച്ചത്. ഷനക ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ഷമി ബോള്‍ റിലീസ് ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ ബേല്‍സ് വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു വിക്കറ്റിനു വേണ്ടി അപ്പീലും ചെയ്തു. ഷനക അപ്പോള്‍ ക്രീസിനു പുറത്തായതിനാല്‍ നിയമപ്രകാരം അതു ഔട്ടുമായിരുന്നു.
പക്ഷെ റണ്ണൗട്ടിനായുള്ള ഷമിയുടെ അപ്പീലിനു പിന്നാലെ രോഹിത് അടുത്തേക്കു വരികയും അപ്പീല്‍ പിന്‍വലിക്കുന്നതായി അംപയറിനെ അറിയിക്കുകയുമായിരുന്നു. ഇതോടെ അതു ഔട്ട് തന്നെയാണോയെന്നു ഉറപ്പ് വരുത്താന്‍ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിട്ടതുമില്ല. ഷനക രക്ഷപ്പെടുകയും ചെയ്തു.

രോഹിത് അപ്പീല്‍ പിന്‍വലിച്ചതോട ക്രീസില്‍ തുടര്‍ന്ന ഷനക പിന്നീട് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യ 67 റണ്‍സിനു ജയിച്ച മല്‍സരത്തില്‍ 88 ബോളില്‍ നിന്നും ഷനക പുറത്താവാതെ 108 റണ്‍സെടുത്തിരുന്നു. ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ട് അപ്പോള്‍ അത്തരമൊരു തീരുമാനമെടുത്ത രോഹിത്തിനെ പലരും പ്രശംസിക്കുകയും ചെയ്തിരുന്നു.
ഷനകയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കാനുള്ള കാരണം മല്‍സരശേഷം രോഹിത് തുറന്നു പറയുകയും ചെയ്തിരുന്നു. ഷമി എന്തിനാണ് അതു ചെയ്തതെന്നു എനിക്കൊരു ഐഡിയയുമില്ല. ഷമി വിക്കറ്റിനായി അപ്പീല്‍ ചെയ്തപ്പോള്‍ ഷനക 98 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു. വളരെ ഗംഭീരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തത്.
ആ തരത്തില്‍ ഷനകയെ ഔട്ടാക്കാന്‍ പാടില്ല. അദ്ദേഹത്തെ പുറത്താക്കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ ചിന്തിച്ച ഷനകയുടെ പുറത്താവല്‍ ഇങ്ങനെ അല്ലായിരുന്നു. അദ്ദേഹത്തിനു വീണ്ടും അഭിനന്ദനം അറിയിക്കുകയാണ്. അത്ര നന്നായിട്ടാണ് ഈ മല്‍സരത്തില്‍ കളിച്ചതെന്നും രോഹിത് തുറന്നു പറഞ്ഞിരുന്നു.