
ചിറ്റഗോങ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു കൂറ്റന്‍ വിജയലക്ഷ്യം നല്‍കി ടീം ഇന്ത്യ. 513 റണ്‍സെന്ന വന്‍ വിജയലക്ഷ്യമാണ് ആതിഥേയര്‍ക്കു മുന്നില്‍ ഇന്ത്യ വച്ചിരിക്കുന്നത്. രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (25), സക്കീര്‍ ഹസന്‍ (17) എന്നിവരാണ് ക്രീസില്‍. രണ്ടു ദിവസവും മൂഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ ജയിക്കാന്‍ ഇനിയും 471 റണ്‍സ് കൂടി വേണം.
254 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെയും (110) ചേതേശ്വര്‍ പുജാരയുടെയും (102*) സെഞ്ച്വറികളാണ ഇന്ത്യ്ക്കു ശക്തമായ അടിത്തറ നല്‍കിയത്.
നായകന്‍ കെഎല്‍ രാഹുല്‍ 23 റണ്‍സെടുത്ത് മടങ്ങി. പുജാരയ്‌ക്കൊപ്പം 19 റ്ണ്‍സുമായി വിരാട് കോലിയായിരുന്നു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍. 152 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. പുജാര 130 ബോളില്‍ 13 ബൗണ്ടറികളടിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സെടുത്തിരുന്നു.

എട്ടു വിക്കറ്റിനു 133 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍ ഇന്നു കളി പുനരാരംഭിച്ചത്. 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ശേഷിച്ച രണ്ടു വിക്കറ്റുകള്‍ കൂടി പിഴുത് ബംഗ്ലാ ഇന്നിങ്‌സിനു ഇന്ത്യ തിരശീലയിടുകയായിരുന്നു. എബാദത്ത് ഹുസൈനെ (17) കുല്‍ദീപ് യാദവും മെഹ്ദി മിറാസിനെ (25) അക്ഷര്‍ പട്ടേലുമാണ് മടക്കിയത്.
ഇന്ത്യക്കായി കുല്‍ദീപ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. മുഹമ്മദ് സിറാജിനു മൂന്നും ഉമേഷ് യാദവ്, അക്ഷര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (0), സക്കീര്‍ ഹസന്‍ (20), യാസിര്‍ അലി (4), ലിറ്റണ്‍ ദാസ് (24), മുഷ്ഫിഖുര്‍ റഹീം (28), നായകന്‍ ഷാക്വിബുല്‍ ഹസന്‍ (3), നൂറുല്‍ ഹസന്‍ (16), തെയ്ജുല്‍ ഇസ്ലാം (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
നേരത്തേ ഇന്ത്യയെ 400ന് മുകളില്‍ നേടാന്‍ സഹായിച്ചത് മൂന്നു പേരുടെ ഫിഫ്റ്റികളായിരുന്നു. 90 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ടോപ്‌സ്‌കോറര്‍. 203 ബോളുകള്‍ നേരിട്ട അദ്ദേഹം 11 ഫോറുകളടിച്ചു. ശ്രേയസ് അയ്യര്‍ (86), ആര്‍ അശ്വിന്‍ (58) എന്നിവരും തിളങ്ങി. റിഷഭ് പന്ത് (46), കുല്‍ദീപ് യാദവ് (40) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി തെയ്ജു്ല്‍ ഇസ്ലാമും മെഹ്ദി ഹസനും നാലു വിക്കറ്റുകള്‍ വീതം പങ്കിട്ടു.