ഐപിഎല്‍: പഞ്ചാബിന്റെ 'അശ്വ'മേധം തുടങ്ങി, ഡല്‍ഹിയെ തകര്‍ത്തത് ആറു വിക്കറ്റിന്... രാഹുല്‍ കസറി

Written By:
IPL 2018 : IPLലെ ഏറ്റവും വേഗതയേറിയ Fifty നേടി KL Rahul | Oneindia Malayalam

ചണ്ഡീഗഡ്: ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ച്വറിയുമായി ലോകേഷ് രാഹുല്‍ കത്തിക്കയറിയപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റിന്റെ അനായാസ വിജയം. 18,5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു പഞ്ചാബിന്റെ വിജയം.

1

അമിത് മിശ്ര എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറികള്‍ കൊണ്ടും സിക്സര്‍ കൊണ്ടും രാഹുല്‍ കളംനിറഞ്ഞപ്പോള്‍ 14 പന്തില്‍ അര്‍ധസെഞ്ച്വറിയും റെക്കോഡും രാഹുലിന്റെ പേരിലാവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി 15 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ സുനില്‍ നരെയ്നിന്റെയും സണ്‍റൈസേഴ്സിനെതിരേ കൊല്‍ക്കത്തക്കായി 2014ല്‍ യൂസുഫ് പഠാനിന്റേയും ഐപിഎല്‍ റെക്കോഡാണ് രാഹുല്‍ തിരുത്തിയത്. രാഹുലിനു പുറമേ മലയാളി കൂടിയായ കരുണ്‍ നായരും അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 33 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 50 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്. മൂന്നാം ഓവര്‍ എറിഞ്ഞ മിശ്രയുടെ ആദ്യ അഞ്ച് പന്തില്‍ നിന്ന് രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 24 റണ്‍സാണ് 25 കാരനായ രാഹുല്‍ പഞ്ചാബിന് വേണ്ടി അടിച്ചുകൂട്ടിയത്.

2

ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗത്തില്‍ നേടുന്ന അര്‍ധസെഞ്ച്വറിയെന്ന റെക്കോഡ് ഈ ബാംഗ്ലൂരുകാരന്റെ പേരിലായി. അതോടൊപ്പം ട്വന്റി ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ നേടുന്ന മൂന്നാമത്തെ അര്‍ധസെഞ്ച്വറി കൂടിയാണിത്. ഇംഗ്ലണ്ടിനെതിരേ 12 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യയുടെ യുവരാജ് സിങാണ് ട്വന്റി ചരിത്രത്തില്‍ വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടിയ താരം. 16 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടെ 51 റണ്‍സെടുത്ത രാഹുലിനെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ മുഹമ്മദ് ഷമി പിടികൂടുകയായിരുന്നു. ഡേവിഡ് മില്ലര്‍ 24ഉം മാര്‍കസ് സ്റ്റോയ്നിസ് 22ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

യുവരാജ് 12ഉം മായങ്ക് അഗര്‍വാള്‍ 7ഉം റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, ഡാനിയേല്‍ ക്രിസ്റ്റിയന്‍, രാഹുല്‍ ടെവാറ്റിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി

3

നേരത്തെ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ അര്‍ധസെഞ്ച്വറിയാണ് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഗംഭീര്‍ 42 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും സഹിതം 55 റസെടുത്തു. റിഷാഭ് പാന്ത് 13 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെ 28ഉം ക്രിസ് മോറിസ് പുറത്താവാതെ 16 പന്തില്‍ ഓരോ വീതം ഫോറും സിക്സറും സഹിതം 27 റസും നേടി.
പഞ്ചാബിനു വേണ്ടി അരങ്ങേറ്റക്കാരനായ അഫ്ഗാനിസ്താന്‍ ഓഫ്സ്പിന്നര്‍ മുജീബ് റഹ്മാനും മോഹിത് ശര്‍മയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കൂടാതെ ഗംഭീറിനെ റണ്ണൗട്ടാക്കി റഹ്മാന്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി. അശ്വിനും അക്ഷര്‍ പട്ടേലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടീം

പഞ്ചാബ്: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, യുവരാജ് സിങ്, ഡേവിഡ് മില്ലര്‍, മാര്‍കസ് സ്റ്റോയിനിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ടൈ, മോഹിത് ശര്‍മ, മുജീബ് റഹ്മാന്‍.

ഡല്‍ഹി: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), കോളിന്‍ മുണ്‍റോ, റിഷാഭ് പാന്ത്, ശ്രേയാഷ് അയ്യര്‍, ക്രിസ് മോറിസ്, വിജയ് ശങ്കര്‍, ഡാനിയേല്‍ ക്രിസ്റ്റിയന്‍, അമിത് മിശ്ര, രാഹുല്‍ ടെവാറ്റിയ, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 8, 2018, 16:14 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍