ആരാവും സ്മിത്തിന്റെ പിന്‍ഗാമി... ഇവരിലൊരാള്‍? മുഖം മാറുന്ന കംഗാരുപ്പട

Written By:

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മാറുകയാണ്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ വിലക്കിയതോടെയാണിത്. സ്മിത്തും വാര്‍ണറും ഒരു വര്‍ഷത്തെ വിലക്കാണ് നേരിടുന്നതെങ്കില്‍ ബാന്‍ക്രോഫ്റ്റിനു ഒമ്പതു മാസം കളിക്കാനാവില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മൂന്നു താരങ്ങള്‍ക്കുമെതിരേ കടുത്ത നടപടി സ്വീകരിച്ചത്.

സ്മിത്തിനു വിലക്ക് നേരിട്ടതോടെ ഓസ്‌ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റന്‍ ആരാവുമെന്നതാണ് പ്രധാന ചോദ്യം. സീനിയോറിറ്റിയും പ്രകടനമികവും പരിഗണിച്ചാവും പുതിയ നായകനെ ക്രിക്കറ്റ് ഓസ്ട്രലിയ തിരഞ്ഞെടുക്കുക. ഓസീസ് ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട താരങ്ങള്‍ ഇവരാണ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയയുടെ അവിഭാജ്യഘടകമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന താരമാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങുന്ന മാക്‌സ്‌വെല്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ ഏറ്റവും അനുയോജ്യനായ താരം കൂടിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിച്ചിരുന്നു. സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ വിലക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
2017ല്‍ ബംഗ്ലാദേശിനെതിരേ ടെസ്റ്റ് കളിച്ച ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തെ മികച്ച പ്രകടനം ടെസ്റ്റ് ടീമിലേക്കുള്ള മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഓസീസിനു വേണ്ടി 81 ഏകദിന മല്‍സരങ്ങളില്‍ നിന്നായി 2069 റണ്‍സ് മാക്‌സ്‌വെല്‍ നേടിയിട്ടുണ്ട്. 123.06 ആണ് സ്്‌ട്രൈക്ക്‌റേറ്റ്. കൂടാതെ 45 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു മാക്‌സ്‌വെല്‍.

മിച്ചെല്‍ മാര്‍ഷ്

മിച്ചെല്‍ മാര്‍ഷ്

മാര്‍ഷ് സഹോദരന്‍മാരില്‍ രണ്ടാമത്തെ താരമായ മിച്ചെല്‍ മാര്‍ഷും ഓസ്‌ട്രേലിയിയയുടെ നായകസ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ്. പരിക്കിനെ തുടര്‍ന്നു 2017ല്‍ വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 2017 നവംബറില്‍ കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ടീമിനെ മാര്‍ഷ് നയിച്ചിരുന്നു. ടീമിനെ ജെഎല്‍ടി കപ്പില്‍ ജേതാക്കളാക്കാനും അദ്ദേഹത്തിനു സാധിച്ചു. മൂന്നു ഫോര്‍മാറ്റിലും ഓസീസിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് 26 കാരനായ ഓള്‍റൗണ്ടര്‍ കാഴ്ചവയ്ക്കുന്നത്.
ഓസ്‌ട്രേലിയക്കു വേണ്ടി 53 ഏകദിനങ്ങളില്‍ നിന്നും 1428 റണ്‍സും 44 വിക്കറ്റുകളും മാര്‍ഷ് നേടിയിട്ടുണ്ട്. 2010ല്‍ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ഐസിസി ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ മാര്‍ഷായിരുന്നു ക്യാപ്റ്റന്‍. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് അന്നു വിശേഷിപ്പിക്കപ്പെട്ട താരം കൂടിയാണ് അദ്ദേഹം.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

രൂപസാദൃശ്യം കൊണ്ടും ബാറ്റിങ് ശൈലി കൊണ്ടും ഡേവിഡ് വാര്‍ണറുമായി ഏറെ സാമ്യമുള്ള താരമാണ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്. വാര്‍ണറിനെപ്പോലെ തന്നെ അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ വാര്‍ണര്‍ ടീമിലുള്ളതിനാല്‍ പലപ്പോഴും തഴയപ്പെട്ട ഫിഞ്ചിന് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ വിക്ടോറിയ ടീമിനെയും ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിനെയും നയിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനു മുതല്‍ക്കൂട്ടാണ്. ഐപിഎല്ലിലെ മുന്‍ ടീം പൂനെ വാരിയേഴ്‌സിനെയും നേരത്തേ അദ്ദേഹം നയിച്ചിരുന്നു.
88 ഏകദിനങ്ങളില്‍ നിന്നും 3200 റണ്‍സ് ഫിഞ്ച് നേടിയിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍.

അവര്‍ അത്ര മോശക്കാരല്ല, ഒരവസരം കൂടി നല്‍കാമായിരുന്നു... വികാരധീനനായി ലേമാന്‍

ഈ തോല്‍വി മുഖത്തേറ്റ ഇടി!! ലോകകപ്പ് സാധ്യത എത്രത്തോളം? മറഡോണയ്ക്കു ചിലത് പറയാനുണ്ട്

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 29, 2018, 12:00 [IST]
Other articles published on Mar 29, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍