ഒടുവില്‍ അത് സംഭവിക്കുന്നു; വര്‍ഷങ്ങള്‍ക്കുശേഷം ഒരു ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റിനെത്തുന്നു

Posted By: അന്‍വര്‍ സാദത്ത്

ഇസ്ലാമാബാദ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിനുശേഷം ഒരു മുന്‍നിര ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തുന്നു. ഏതാണ്ട് പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം വെസ്റ്റിന്‍ഡീസ് ആണ് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്.

അടുത്തമാസം മൂന്ന് ടി20 പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാനിലെത്തുമ്പോള്‍ മുമ്പെങ്ങുമില്ലാത്തവിധം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തുക. കാരണം ഇനിയൊരു ആക്രമണം കൂടിയുണ്ടായാല്‍ മറ്റൊരു രാജ്യം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയേക്കില്ലെന്നുറപ്പാണ്.

flag

2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരാ ആക്രമണത്തിനുശേഷം മുന്‍നിര ടീമുകള്‍ പാക്കിസ്ഥാനിലെത്താത്തത് രാജ്യത്തെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് വിഘാതമായിരുന്നു. 2015ല്‍ സിംബാബ്‌വേ പാക്കിസ്ഥാനില്‍ പര്യടനത്തിലെത്തിയിരുന്നെങ്കിലും മറ്റു ടീമുകള്‍ എത്തിയിരുന്നില്ല. ദുബായില്‍ ഹോം മാച്ചുകള്‍ സംഘടിപ്പിച്ചാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ തുടര്‍ന്നിരുന്നത്. വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാനിലെത്തുന്നതോടെ കൂടുതല്‍ ടീമുകള്‍ ക്രിക്കറ്റ് കളിക്കാന്‍ ധൈര്യം കാണിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും സുരക്ഷാ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് വിന്‍ഡീസ് പാക്കിസ്ഥാനിലെത്താമെന്ന് സമ്മതിച്ചത്. ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം പാക്കിസ്ഥാന് ആയിരിക്കും. അതേസമയം, പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Monday, March 12, 2018, 5:32 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍