അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുലി, പക്ഷെ ഐപിഎല്ലില്‍ എലി!! ഇവര്‍ ഹീറോയില്‍ നിന്നും സീറോയിലേക്ക്...

Written By:

മുംബൈ: ഐപിഎല്ലിലൂടെ വന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും താരങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇവരുടെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. കഴിഞ്ഞ 10 സീസണുകള്‍ക്കിടെ എത്രയെത്ര താരങ്ങളെയാണ് ഐപിഎല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനു സംഭാവന ചെയ്തിരിക്കുന്നത്. ചില താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ദേശീയ ടീമിനു വേണ്ടി ഇപ്പോഴും കളിക്കുമ്പോള്‍ മറ്റുള്ളവര്‍ ഐപിഎല്ലിലെ പ്രകടനം ആവര്‍ത്തിക്കാനാവാതെ പുറത്തായി.

തിരിച്ചും സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ചില സൂപ്പര്‍ താരങ്ങള്‍ ഐപിഎല്ലില്‍ ഫ്‌ളോപ്പാവുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇത്തരത്തില്‍ ഹീറോയില്‍ നിന്നും ഐപിഎല്ലിലെ സീറോയായി മാറിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ മൈക്കല്‍ ക്ലാര്‍ക്ക്ഐപിഎല്ലില്‍ ദയനീയമായി പരാജയപ്പെട്ട താരങ്ങളിലൊരാളാണ്. റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മഗ്രാത്ത് എന്നിവരടങ്ങിയ സുവര്‍ണ തലമുറയുടെ വിടവാങ്ങലിനു ശേഷം ഓസീസ് ടീമിനെ മുന്നില്‍ നിന്നുനയിച്ച ക്യാപ്റ്റനാണ് ക്ലാര്‍ക്ക്. 2015ലെ ഏകദിന ലോകകപ്പില്‍ കംഗാരുപ്പട ജേതാക്കളായത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ടെസ്റ്റില്‍ 48ഉം ഏകദിനത്തില്‍ 44ഉം ബാറ്റിങ് ശരാശരി ക്ലാര്‍ക്കിനുണ്ടായിരുന്നു.
സ്്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ മിടുക്കനായ ക്ലാര്‍ക്ക് ഐപിഎല്ലില്‍ സ്റ്റാറാവുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. പക്ഷെ പൂനെ വാരിയേഴ്‌സിനായി രണ്ടു സീസണുകില്‍ കളിച്ച ക്ലാര്‍ക്ക് നിരാശാജനകനമായ പ്രകടനമാണ് കാഴ്ചവച്ചത്. ആറ് ഇന്നിങ്‌സുകളിലായി വെറും 98 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റായി വിലയിരുത്തപ്പെട്ടിരുന്ന അദ്ദേഹം നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കതിരായ ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ലക്ഷ്മണ്‍ കളിച്ച ഇന്നിങ്‌സ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചവയുടെ ലിസ്റ്റിലണ്ടാവും. ക്രിക്കറ്റിലെ രാജാക്കന്‍മാരായ ഓസീസിനെതിരേയായിരുന്നു ലക്ഷ്മണിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത്.
കരിയറിന്റെ അവസാന കാലത്ത് ഐപിഎല്ലിലും ഒരുകൈ നോക്കിയ അദ്ദേഹത്തിനു പക്ഷെ നിരാശയായിരുന്നു ഫലം. ആദ്യ മൂന്നു സീസണുകളിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ലക്ഷ്മണ്‍. നാലാം സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും താരം കളിച്ചു. പക്ഷെ 20 ഇന്നിങ്‌സുകളില്‍ നിന്നും 282 റണ്‍സ് മാത്രമാണ് ലക്ഷ്മണിനു നേടാന്‍ സാധിച്ചത്.

ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍

ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍

ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ വിരമിക്കലിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബാറ്റ്‌സ്മാനാണ് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. ടെസ്റ്റില്‍ 50നു മുകളില്‍ ബാറ്റിങ് ശരാശരിയുണ്ടായിരുന്ന താരമാണ് ചന്ദര്‍പോള്‍. ഏതു തരം പിച്ചിലും എത്ര ശക്തരമായ ബൗളിങ് നിരയ്‌ക്കെതിരേയും പിടിച്ചുനില്‍ക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ടായിരുന്നു.
വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ അത്ര കേമനല്ലാത്ത ചന്ദര്‍പോളിനെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ടീമിലെത്തിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. അവരുടെ ആശങ്ക ശരിയാവുകയും ചെയ്തു. ആര്‍സിബിക്കു വേണ്ടി വെറും മൂന്നു മല്‍സരങ്ങള്‍ മാത്രം കളിച്ച ചന്ദര്‍പോളിനു 25 റണ്‍സാണ നേടാന്‍ സാധിച്ചത്. പിന്നീടൊരിക്കലും താരം ഐപിഎല്ലില്‍ കളിച്ചിട്ടുമില്ല.

ആന്‍ഡ്രു ഫ്‌ളിന്റോഫ്

ആന്‍ഡ്രു ഫ്‌ളിന്റോഫ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ സ്ഥാനം. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മികവും തീപാറുന്ന ബൗളിങുമാണ് ഫ്‌ളിന്റോഫിനെ അപകടകാരിയാക്കിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 226ഉം ഏകദിനത്തില്‍ 169ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. കൂടാതെ ഏകദിനത്തിലും ടെസ്റ്റിലുമായി ഏഴായിരത്തില്‍ അധികം റണ്‍സും ഫ്‌ളിന്റോഫ് നേടി. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഏറെക്കുറെ തനിച്ചു ജേതാക്കളാക്കാനും അദ്ദേഹത്തിനു സാധിച്ചു.
പക്ഷെ ഐപിഎല്ലിലേക്കുള്ള വരവ് ഫ്‌ളിന്റോഫിനു നിരാശ മാത്രമാണ് സമ്മാനിച്ചത്. ഒരേയൊരു സീസണ്‍ മാത്രമാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. 2009ല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മൂന്നു മല്‍സരങ്ങള്‍ കളിച്ച ഫ്‌ളിന്റോഫിന് 62 റണ്‍സെടുത്താനേ കഴിഞ്ഞുള്ളൂ.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെട്ട താരമാണ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ടെസ്റ്റില്‍ 50നു മുകളിലും ഏകദിനത്തില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. നിലവില്‍ ഓസ്‌ട്രേലിയയുടെ പല റെക്കോര്‍ഡുകളും പോണ്ടിങിന്റെ പേരിലാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ തന്റെ യഥാര്‍ഥ മികവ് അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഐപിഎല്ലിലും പോണ്ടിങിന് തിരിച്ചടിയായത് ഇതു തന്നെയാണ്.
ഐപിഎല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു പോണ്ടിങ്. 2013ല്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിലുമെത്തി. മൂന്നു സീസണുകളിലുമായി ആകെ ഒമ്പത് ഇന്നിങ്‌സുകളില്‍ കളിച്ച പോണ്ടിങിന് വെറും 91 റണ്‍സാണ് നേടാനായത്.

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇറ്റലി... അസൂറികളെ നേര്‍വഴി കാട്ടാന്‍ മാന്‍സിനിയെത്തി

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 11:18 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍