ഒരുപാട് പോരായ്മകള്‍ സീസണില്‍ മുംബൈ ടീമില്‍ പ്രകടമായിരുന്നു. മെഗാ ലേലത്തില്‍ സംഭവിച്ച പിഴവുകളായിരുന്നു മുംബൈയുടെ പതനത്തിനു ഏറ്റവും വലിയ കാരണം. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ മുംബൈയ്ക്കു ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില മേഖലകളില്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ മുംബൈയ്ക്കു 2023ലെ ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഇവ ഏതൊക്കെയാണെന്നു നോക്കാം.
ആശ്രയിക്കാവുന്ന സ്പിന്നര്‍
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റലും വലിയ പോരായ്മകളിലൊന്ന് ആശ്രയിക്കാവുന്ന മികച്ചൊരു സ്പിന്നറുടെ അഭാവമായിരുന്നു. മുരുഗന് അശ്വിനായിരുന്നു മുംബൈ നിരയിലെ പ്രധാനപ്പെട്ട ഇന്ത്യന്‍ സ്പിന്നര്‍. പക്ഷെ ദയനീയ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. വിക്കറ്റുകളെടുക്കാനായില്ലെന്നു മാത്രമല്ല റണ്ണൊഴുക്ക് തടയാനും അശ്വിനായില്ല.
പകരക്കാരനായി ടീമിലേക്കു വന്ന ഇടംകൈയന്‍ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ ബൗളിങിലെ വേരിയേഷനുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലംകൈയന്‍ ഓഫ് സ്പിന്നര്‍ റിത്വിക് ഷോക്കീനും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.ഇവര്‍ രണ്ടു പേരെ മാറ്റിനിര്‍ത്തിയാല്‍ മുംബൈയ്ക്കു ഈ സീസണില്‍ സ്പിന്‍ ബൗളിങിന്റെ കാര്യത്തില്‍ ആശ്വസിക്കാന്‍ ഒന്നും തന്നെയില്ല.
ഓവര്‍സീസ് കോമ്പിനേഷന്‍ കണക്കിലെടുക്കുമ്പോള്‍ അടുത്ത സീസണില്‍ മുംബൈയ്ക്കു ആവശ്യം മികച്ചൊരു ഇന്ത്യന്‍ സ്പിന്നറെയാണ്. അതിനായില്ലെങ്കില്‍ ഈ സീസണില്‍ ഒപ്പമുള്ള ഫാബിയന്‍ അലെനെ നിലനിര്‍ത്തേണ്ടതായി വരും. തിലക് വര്‍മ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാണെങ്കിലും താരത്തെ ഈ സീസണില്‍ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. വെറും രണ്ടോവര്‍ മാത്രമേ 19 കാരന് ബൗള്‍ ചെയ്തിട്ടുള്ളൂ.
വിശ്വസ്തനായ ഇന്ത്യന്‍ പേസര്‍
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേസാക്രമണത്തിന്റെ ചുമതല പൂര്‍ണമായും ജസ്പ്രീത് ബുംറയ്ക്കായിരുന്നു. പേസ് ബൗളിങില്‍ മികച്ചൊരു പങ്കാളിയെ അദ്ദേഹത്തിനു ലഭിക്കാതിരുന്നത് മുംബൈയ്ക്കു തിരിച്ചടിയായി. ജയദേവ് ഉനാട്കട്ട്, മലയാളി താരം ബേസില്‍ തമ്പി എന്നിവരായിരുന്നു ബുംറയുടെ പേസ് പങ്കാളിയാവേണ്ടിയിരുന്നത്. പക്ഷെ രണ്ടു പേര്‍ക്കും അതിനായില്ല.
അടുത്ത സീസണില്‍ ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ മുംബൈ ടീമിലേക്കു വരുമെങ്കിലും മികച്ചൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെക്കൂടി അവര്‍ കൊണ്ടുവന്നേ തീരൂ. വിദേശ താരങ്ങളുടെ കോമ്പിനേഷന്‍ ബാലന്‍സ് ചെയ്തു നിലനിര്‍ത്തണമെങ്കില്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ആവശ്യമാണ്. മുംബൈയ്ക്കു രണ്ടു വിദേശ പേസര്‍മാരെ കളിപ്പിക്കാം. അവര്‍ ദീര്‍ഘകാലമായി ചെയ്തുകൊണ്ടിരിക്കുന്നതാണിത്. പക്ഷെ ഒരു ഇന്ത്യന്‍ പേസറുള്ളത് എല്ലായ്പ്പോഴും സഹായകരമാണ്. സീം ബൗളിങ് ഓള്‍റൗണ്ടറെ അടുത്ത സീസണില്‍ മുംബൈയ്ക്കു കൊണ്ടുവരാനായാല്‍ അതു വലിയ പ്ലസ് പോയിന്റായി മാറും.
മികച്ചൊരു മധ്യനിര ബാറ്റര്‍
മുംബൈ ഇന്ത്യന്‍സിനു അടുത്ത സീസണില്‍ ആവശ്യം മികച്ചൊരു മധ്യനിര ബാറ്ററെയാണ്. ഈ വര്‍ഷം തിലക് വര്‍മ, ടിം ഡേവിഡ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു മുംബൈയുടെ മധ്യനിര ബാറ്റര്‍മാര്‍. ഇത്തവണ പൊള്ളാര്‍ഡിന്റെ മോശം ഫോം പരിഗണിക്കുമ്പോള്‍ അടുത്ത തവണ മികച്ചൊരു മധ്യനിര ബാറ്ററെ മുംബൈ കൊണ്ടുവന്നേ തീരൂ. ഡെവാള്‍ഡ് ബ്രെവിസ് പൊള്ളാര്‍ഡിനു മികച്ചൊരു പകരക്കാരനായി മാറുമായിരുന്നു. പക്ഷെ മുംബൈ അതിനു തയ്യാറായില്ല.
മറ്റു പല കോമ്പിനേഷനുകള്‍ കൂടി ആശ്രയിച്ചാവും മധ്യനിര ബാറ്ററുടെ പൊസിഷന്‍. തിലകും പൊള്ളാര്‍ഡും സ്ഥിരമായി ബൗള്‍ ചെയ്യുകയാണെങ്കില്‍ മുംബൈക്കു മറ്റൊരു മധ്യനിര ബാറ്റര്‍ കൂടി ആവശ്യമാണ്. പക്ഷെ അതു ഈ സീസണില്‍ സംഭവിച്ചിട്ടില്ല. പക്ഷെ മുബൈ ഒരു മൂന്നാം പേസറേയോ, പേസ് ബൗളിങ് ഓള്റൗണ്ടറെയോയാണ് കളിപ്പിക്കുന്നതെങ്കില്‍ മധ്യനിരയിലേക്കു ബാക്കപ്പ് ബാറ്ററെയാണ് മുംബൈ നോട്ടമിടേണ്ടത്.