ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ തകര്‍പ്പന്‍ ഫിനിഷിങിലൂടെ ടീം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച റിങ്കു സിങിനെ പുകഴ്ത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സഹ കോച്ചായ അഭിഷേക് നായര്‍. വിശാഖപട്ടണത്തു കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഇന്ത്യ റണ്‍ചേസില്‍ റെക്കോര്‍ഡ് വിജയം കൊയ്തപ്പോള്‍ 14 ബോളില്‍ നാലു ഫോറടക്കം റിങ്കു പുറത്താവാതെ 22 റണ്‍സെടുത്തിരുന്നു.
അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ അദ്ദേഹം സിക്‌സര്‍ പറത്തിയെങ്കിലും ഇതു നോ ബോള്‍ വിളിക്കപ്പെട്ടതു കാരണം സിക്‌സര്‍ നിഷേധിക്കപ്പെടുകയായിരുന്നു. തന്റെ ഫിനിഷിങ് പാടവം ഒരിക്കല്‍ക്കൂടി അടിവരയിടുന്നതായിരുന്നു ഡെത്ത് ഓവറുകളില്‍ റിങ്കുവിന്റെ പ്രകടനം.

2022ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ കെകെആര്‍ തിരികെ വാങ്ങിക്കണമെന്നാവശ്യപ്പെട്ട് റിങ്കു വിളിച്ച് അപേക്ഷിച്ചിരുന്നുവെന്നാണ് ജിയോ സിനിമയുടെ ഷോയില്‍ കമന്റേറ്ററായിരുന്ന അഭിഷേക് വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ മൂന്ന്-നാലു വര്‍ഷത്തോളം കളിക്കാതിരുന്ന ശേഷം പിന്നീട് അവസരം ലഭിക്കുമ്പോള്‍ ഈ തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന താരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ.
റിങ്കു സിങ് ഇതിനു ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. അവന്‍ ഒരിക്കലും പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാറില്ല. ഐപിഎല്ലിന്റെ ഒരു സീസണിന്റെ (2021) പകുതിയില്‍ വച്ച് റിങ്കുവിന്റെ കാല്‍മുട്ടിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു അവനു കളിക്കാന്‍ കഴിയാതെ വരികയും ഞങ്ങള്‍ അന്നു ഫൈനല്‍ വരെയെത്തുകയും ചെയ്തിരുന്നു.
2022ലെ ഐപിഎല്ലിന്റെ ലേലത്തിനു മുമ്പ് റിങ്കു എന്നെ വിളിക്കുകയും ലേലത്തില്‍ തന്നെ ടീമിലെടുക്കണമെന്നു അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ വര്‍ഷം താന്‍ ഉറപ്പായും നന്നായി പെര്‍ഫോം ചെയ്യുമെന്നു പറയുകയും ചെയ്തു. എന്തു വന്നാലും നിന്നെ ഞങ്ങള്‍ വിടാന്‍ പോവില്ലെന്നായിരുന്നു റിങ്കുവിനോടു താന്‍ അന്നു പറഞ്ഞതെന്നും അഭിഷേക് നായര്‍ വ്യക്തമാക്കി.
2022ലെ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് റിങ്കു കളിച്ചത്. ഇവയില്‍ നിന്നും നേടിയത് 174 റണ്‍സുമായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലാണ് താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. 14 മല്‍സരങ്ങളില്‍ നിന്നും 59.25 ശരാശരിയില്‍ 149.53 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സ് റിങ്കു സ്‌കോര്‍ ചെയ്തിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ദേശീയ ടീമിലേക്കു താരത്തിനു വഴി തുറന്നതും കെകെആറിനായി ഫിനിഷറുടെ റോളില്‍ നടത്തിയ ചില തീപ്പൊരി പ്രകടനങ്ങളാണ്.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇത്രയും ശാന്തനായി ബാറ്റ് ചെയ്യുകയെന്നതു എല്ലാവരെക്കൊണ്ടും പറ്റുന്ന കാര്യമല്ലെന്നു ഓസീസിനെതിരായ റിങ്കുവിന്റെ ഇന്നിങ്‌സിനെക്കുറിച്ച് അഭിഷേക് ചൂണ്ടിക്കാട്ടി. നല്ല മനക്കരുത്തുണ്ടെങ്കില്‍ മാത്രമേ ഈ തരത്തിലുള്ള ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യക്കു വേണ്ടി മൂന്നാമത്തെ തവണയാണ് റിങ്കു ഈ തരത്തിലുള്ള ഒരു ഇന്നിങ്‌സ് കളിച്ചത്.
മൂന്നാമത്തെ തവണയും സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യക്കു അവനെ ആവശ്യമായി വരികയും ചെയ്തു. അതു ഫലവും കണ്ടിരിക്കുകയാണ്. പത്തു വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്ന ആളെപ്പോലെയാണ് റിങ്കു കാണപ്പെടുന്നതെന്നും അഭിഷേക് നായര്‍ അഭിപ്രായപ്പെട്ടു.
ഫിനിഷിങെന്ന കലയിലെ മാസ്റ്ററാണ് താനെന്നു റിങ്കു നമുക്കു കാണിച്ചു തന്നിരിക്കുകയാണ്. ഇതൊരിക്കലും എളപ്പമുള്ള കാര്യമല്ല. എംഎസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം ഇതു നേരത്ത ചെയ്തിട്ടുള്ളതാണ്. പക്ഷെ അതിനു ശേഷം ഫിനിഷറുടെ റോള്‍ ഇത്രയും നന്നായി ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടായിട്ടില്ല. റിങ്കു നേടുന്ന റണ്‍സ് മാത്രമല്ല, അവന്‍ അതു സ്‌കോര്‍ ചെയ്യുന്ന രീതിയാണ് എടുത്തു പറയേണ്ടതെന്നും അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.