ഓസീസിനെ വീഴ്ത്താന്‍ സ്പിന്നല്ല, ഇന്ത്യയുടെ ആയുധം പേസ്, അശ്വിനും ജഡേജയുമില്ല...

Written By:

ദില്ലി: ശ്രീലങ്കന്‍ പര്യടനം അവിസ്മരണീയമാക്കി മാറ്റിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അടുത്ത വെല്ലുവിളി വമ്പന്‍മാരായ ഓസ്‌ട്രേലിയയില്‍ നിന്ന്. നാട്ടില്‍ ഓസീസിനെതിരേ നടക്കാനിരിക്കുന്ന അഞ്ച് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മല്‍സരം സ്പിന്നിനെ തുണയ്ക്കുന്ന സ്വന്തം പിച്ചിലാണെങ്കിലും പേസ് ബൗളിങിലൂടെ കംഗാരുക്കളെ തകര്‍ക്കാനാണ് ഇന്ത്യയുടെ നീക്കം. പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. അതേസമയം, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെ ടീമിലുള്‍പ്പെട്ടിയില്ല. ലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഇവര്‍ ഇല്ലായിരുന്നു.

1

ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്റെ നെടുംതൂണുകളായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയാണ് ബിസിസിഐ 16 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വിശ്രമം നല്‍കുകയായിരുന്നുവെന്ന് ബോര്‍ഡ് അറിയിച്ചു. ലങ്കന്‍ പര്യടനത്തിലുള്ള ടീമിലെ ഒരാളെ മാത്രം ഒഴിവാക്കിയ ഇന്ത്യ അതേ സംഘത്തെ തന്നെ ഓസീസിനെതിരേയും അണിനിരത്തും. ശര്‍ദ്ദുല്‍ താക്കൂര്‍ മാത്രമാണ് ഒഴിവാക്കപ്പെട്ട താരം.

2

റൊട്ടേഷന്‍ പോളിസി അനുസരിച്ചാണ് ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തതെന്നു മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. ലങ്കയില്‍ ടീമിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരെ ഓസീസിനെതിരേയും നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 17നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ഏകദിനം. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പര കൂടാതെ മൂന്നു ടി ട്വന്റികളിലും ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കും.

Story first published: Sunday, September 10, 2017, 14:53 [IST]
Other articles published on Sep 10, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍