നിദാഹാസ് ട്രോഫി: കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ... ഷോക്ക് മാറാതെ ലങ്ക

Written By:

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. തിങ്കളാഴ്ച നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.

ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക.

കനത്ത തോല്‍വി

കനത്ത തോല്‍വി

ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത പരാജയമാണ് ലങ്കയോട് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റിങില്‍ തിളങ്ങിയ ഇന്ത്യക്ക് അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിര തിരിച്ചടിയാവുകയായിരുന്നു.
ഇന്ത്യ നല്‍കിയ 175 റണ്‍സെന്ന വിജയലക്ഷ്യം ലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയതേയില്ല. 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. ഭുനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നീ മുന്‍നിര പേസര്‍മാരുടെ അഭാവം മുതലെടുത്താണ് ലങ്ക ഇന്ത്യയെ കശാപ്പ് ചെയ്തത്.

 ശക്തമായി തിരിച്ചുവന്നു

ശക്തമായി തിരിച്ചുവന്നു

ആദ്യ കളിയിലെ തോല്‍വിക്കു ശേശഷം ശക്തമായ തിരിച്ചുവരവാണ് ബംഗ്ലാദേശിനെതിരായയ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ നടത്തിയത്. ബൗളിങ് നിര ഫോമിലേക്കുയര്‍ന്നതോടെ ആറു വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഇന്ത്യ ടൂര്‍ണമെന്റിലേക്കു തിരിച്ചുവരികയായിരുന്നു.
ജയദേവ് ഉനാട്കട്ട് ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റെടുത്തപ്പോള്‍ പുതുമുഖ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് രണ്ടു വിക്കറ്റ് ലഭിച്ചു.
ബംഗ്ലാദേശ് നല്‍കിയ 140 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.

രോഹിത്തിന്റെ മോശം ഫോം

രോഹിത്തിന്റെ മോശം ഫോം

ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന ഏക ഘടകം. ടൂര്‍ണമെന്റില്‍ ഇതുവരെ താളം കണ്ടെത്താന്‍ രോഹിത്തിനായിട്ടില്ല. ആദ്യ കളിയില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പുറത്തായ രോഹിത്തിന് രണ്ടാമത്തെ മല്‍സരത്തില്‍ 17 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ.
അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് രോഹിത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് രോഹിത് ഫോമിലേക്കുയരേണ്ടത് നിര്‍ണായകമാണ്.
എംഎസ് ധോണിയുടെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റിഷഭ് പന്തും ആദ്യ രണ്ടു കളികളില്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഈ പരമ്പരയില്‍ പന്തിന് മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ. പന്തിനു പകരം തിങ്കളാഴ്ച ലോകേഷ് രാഹുലിന് ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

ധവാന്‍ തുറുപ്പുചീട്ട്

ധവാന്‍ തുറുപ്പുചീട്ട്

പ്രമുഖതാരങ്ങളുടെ അഭാവത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഈ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ധവാന്‍ അര്‍ധസെഞ്ച്വറിയുമായി മിന്നിയിരുന്നു. ലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ 10 റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ 174 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചത് ധവാനായിരുന്നു. 90 റണ്‍സാണ് കളിയില്‍ താരം നേടിയത്.
ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ കളിയിലും ധവാന്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. 55 റണ്‍സാണ് താരം നേടിയയത്.

കുശാല്‍ പെരേരയെ സൂക്ഷിക്കണം

കുശാല്‍ പെരേരയെ സൂക്ഷിക്കണം

ഇന്ത്യയുടെ തുറുപ്പുചീട്ട് ധവാനാണെങ്കില്‍ ലങ്കയുടേത് കുശാല്‍ പെരേരയാണ്. ആദ്യ കളിയില്‍ ഇന്ത്യയില്‍ നിന്നും ജയം തട്ടിത്തെറിപ്പിച്ചത് കുശാല്‍ ആയിരുന്നു. വെറും 37 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 66 റണ്‍സാണ് കുശാല്‍ നേടിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശിനോട് അഞ്ചു വിക്കറ്റിന് തോറ്റ രണ്ടാമത്തെ കളിയിലും ലങ്കന്‍ സ്‌കോര്‍ 200 കടത്തിയത് കുശാല്‍ ആണ്. 48 പന്തില്‍ താരം 74 റണ്‍സ് അടിച്ചെടുത്തിരുന്നു.
അതുകൊണ്ടു തന്നെ തിങ്കളാഴ്ചത്തെ മല്‍സരത്തില്‍ കുശാലിനെ എത്രയും പെട്ടെന്ന് പുറത്താക്കുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം.

'വിരുന്നുകാരായി' വന്ന് വീട്ടുകാരായി മാറി... ഇന്ത്യന്‍ മനസ്സ് കീഴടക്കിയ വിദേശ താരങ്ങള്‍

ഐപിഎല്‍: 66 പന്തില്‍ 175*, ഗെയ്‌ലിന്റെ റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകരും... ഇവര്‍ക്ക് അതിനാവും

Story first published: Sunday, March 11, 2018, 16:27 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍