കോവിഡിന്റെ പുതിയ വകഭേദം, ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര അനിശ്ചിതത്വത്തില്‍, നീട്ടിവെക്കാന്‍ സാധ്യത

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പര അടുത്തമാസം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക വേദിയാവുന്ന ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രണ്ട് ടീമുകളും ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്ന കോവിഡിന്റെ പുതിയ വകഭേദം പരമ്പരയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അതിവ്യാപന ശേഷിയും കൂടുതല്‍ മരണ സാധ്യതയുള്ളതുമായ വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഏഴോളം രാജ്യങ്ങളില്‍ ഇത് കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളും വരുത്തിക്കഴിഞ്ഞു. ഒമൈക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയും അയര്‍ലന്‍ഡും തമ്മില്‍ നടത്താനിരുന്ന പരമ്പര റദ്ദാക്കിക്കഴിഞ്ഞു. ഡിസംബറിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പര നടക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദം വ്യാപന ശേഷി കൂടുതലുള്ളതിനാല്‍ പരമ്പര നീട്ടിവെക്കാനാണ് സാധ്യത കൂടുതല്‍.

ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും ബിസിസിഐയും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. വരുന്ന ദിവസങ്ങളിലെ വൈറസിന്റെ വ്യാപനത്തെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. അതേ സമയം നിലവിലെ സാഹചര്യത്തില്‍ പരമ്പര റദ്ദാക്കേണ്ട സാഹചര്യമില്ലെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ വൃത്തങ്ങള്‍ പറയുന്നത്.

'ബിസിസി ഐയുമായി ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. നിലവില്‍ പരമ്പര റദ്ദാക്കേണ്ട യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ല. വൈറസിന്റെ വികസനം എങ്ങനെയെന്നത് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ദിവസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ദക്ഷിണാഫ്രിക്കയിലേക്കെത്തുന്ന ടീമുകള്‍ക്ക് കളിക്കാനുള്ള മികച്ച അന്തരീക്ഷം ഒരുക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്'-ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തലവനായ ലാവ്‌സന്‍ നെയ്‌ഡോയെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇന്ത്യയുടെ എ ടീം ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിന മത്സരം പുരോഗമിക്കവെ ഇത്തരമൊരു വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതുവരെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയുടെ എ ടീം കളിക്കുന്ന സ്ഥലത്ത് നിന്നും വളരെ ദൂരെയാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നതിനാല്‍ വലിയ ആശങ്കകളില്ല. എന്നാല്‍ പെട്ടെന്ന് വ്യാപിക്കുന്ന വകഭേദമാണിതെന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ് എല്ലാവരും.

'നിലവില്‍ ഇന്ത്യ എ ടീമിന്റെ മത്സരം നടക്കുന്ന വേദിയും പുതിയ വകഭേദം കണ്ടെത്തിയ സ്ഥലവും തന്നെ 1000 മെല്‍സ് ദൂരമുണ്ട്. നിലവില്‍ സുരക്ഷാപ്രശ്‌നങ്ങളില്ല. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കന്‍ അധികൃതരും ആരോഗ്യ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബയോബബിള്‍ സുരക്ഷയോടൊപ്പം ടീമിന്റെ ഹോട്ടല്‍ എപ്പോഴും സാനിറ്റൈസ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.മറ്റ് പ്രശ്‌നങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ പരമ്പര തുടരാനാണ് തീരുമാനം'-ഇന്ത്യന്‍ എ ടീം മാനേജര്‍ അനില്‍ പട്ടേല്‍ പറഞ്ഞു.

ഇതിനോടകം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്ന വിദേശികള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ എല്ല സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതി തീവ്ര വ്യാപനത്തിന് ശേഷിയുള്ള വൈറസാണിത്. അതിനാല്‍ എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നുപിടിച്ചാല്‍ വീണ്ടുമൊരു അടച്ചിടലിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുണ്ട്.

ഇന്ത്യ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര പാതിവഴിയില്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ കോവിഡ് വ്യാപന സമയത്തും ദക്ഷിണാഫ്രിക്കന്‍ പരമ്പര മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയായതിനാല്‍ കരുതലോടെ മാത്രമെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനമെടുക്കൂ. ഇപ്പോളൊരു അതി തീവ്ര വ്യാപനം ഉണ്ടായാല്‍ അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനെവരെ അത് ബാധിച്ചേക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 27, 2021, 10:54 [IST]
Other articles published on Nov 27, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X