T20 WC 2026: സിംപിളായി അവൻ 150 അടിച്ചേനേ; സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി മതിയാകാതെ മുൻ സിഎസ്കെ താരം
ടി20 ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ പേസറും സിഎസ്‌കെ താരവുമായിരുന്ന ലക്ഷ്മിപതി ബാലാജി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സഞ്ജു പുറത്തായില്ലായിരുന്നുവെങ്കിൽ വ്യക്തിഗത സ്കോർ 150 കടത്തുമായിരുന്നുവെന്ന് ബാലാജി അഭിപ്രായപ്പെട്ടു. മുൻ സഹതാരം സുബ്രഹ്മണ്യം ബദ്രിനാഥിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാർത്ഥതയില്ലാത്ത ബാറ്റിംഗ്
"സെഞ്ചുറിക്ക് വെറും 11 റൺസ് മാത്രം അകലെ നിൽക്കുമ്പോഴാണ് സഞ്ജു വലിയ ഷോട്ടിന് മുതിർന്ന് പുറത്തായത്. ഒരു മുതിർന്ന താരം കാണിക്കുന്ന പക്വതയോടെയാണ് സഞ്ജു ബാറ്റ് ചെയ്തത്. വാങ്കഡെയിൽ ഒരു സ്കോറും സുരക്ഷിതമല്ലെന്ന് അവനറിയാമായിരുന്നു, അതുകൊണ്ടാണ് മൈൽസ്റ്റോണുകൾ നോക്കാതെ അവൻ ടീമിനായി അടിച്ചുകളിച്ചത്. പതിനാലാം ഓവറിൽ പുറത്തായില്ലായിരുന്നുവെങ്കിൽ സഞ്ജു അന്ന് 150 റൺസ് അടിച്ചേനെ," ബാലാജി പറഞ്ഞു. അഭിഷേക് ശർമ്മ പരാജയപ്പെടുമ്പോൾ സഞ്ജു ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ടീമിന് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടുകെട്ടുകൾ നിർണ്ണായകം
സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ശിവം ദുബെയും നടത്തിയ പ്രകടനങ്ങളെ ബദ്രിനാഥ് അഭിനന്ദിച്ചു. "സഞ്ജുവിന്റെ ഇന്നിംഗ്‌സ് പോലെ തന്നെ പ്രശംസ അർഹിക്കുന്നതാണ് ഇഷാൻ കിഷനുമായി ചേർന്നുള്ള 97 റൺസിന്റെയും ശിവം ദുബെയുമായുള്ള 43 റൺസിന്റെയും കൂട്ടുകെട്ടുകൾ. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജുവിനെ തേടിയെത്തിയത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്," ബദ്രിനാഥ് വ്യക്തമാക്കി.
സഞ്ജു സാംസൺ നൽകുന്ന ഈ തുടക്കം താഴെയുള്ള ബാറ്റർമാർക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ വലിയ 'കുഷ്യൻ' നൽകുന്നുണ്ടെന്നും ഇരുവരും നിരീക്ഷിച്ചു. ന്യൂസിലൻഡിനെതിരായ ഫൈനലിലും സഞ്ജുവിൽ നിന്ന് ഇതേ സമീപനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും തന്ത്രശാലികളായ ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ അഹമ്മദാബാദിൽ ഒരു ഹൈ-സ്കോറിംഗ് പോരാട്ടമാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസുമായി തിളങ്ങിയ സഞ്ജു സാംസണും മാന്ത്രിക ബൗളിംഗുമായി ജസ്പ്രീത് ബുംറയും ഇന്ത്യയുടെ തുറുപ്പുചീട്ടുകളാകുമ്പോൾ, ഫിൻ അലന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെത്തിയ ആത്മവിശ്വാസത്തിലാണ് കിവീസ് പട. കറുത്ത മണ്ണും ചുവന്ന മണ്ണും കലർന്ന 'മിക്സഡ് സോയിൽ' പിച്ചിലാകും മത്സരം നടക്കുകയെന്നത് ബാറ്റർമാർക്കും പേസർമാർക്കും ഒരുപോലെ അനുകൂലമാകും. സ്വന്തം നാട്ടിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുമ്പോൾ, 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീർ ഓർമ്മകൾ മായ്ക്കാൻ ഇന്ത്യക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്.
ഫൈനലിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ ആരാധകരെ ഞെട്ടിക്കുന്ന വെല്ലുവിളിയാണ് കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നടത്തിയത്. "ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർത്ത് ട്രോഫി ഉയർത്താൻ ഞങ്ങൾക്ക് മടിയില്ല" എന്ന് പറഞ്ഞ സാന്റ്നർ, ഗാലറിയിലെ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകരെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. സമ്മർദ്ദം പൂർണ്ണമായും ആതിഥേയരായ ഇന്ത്യയുടെ മേലാണെന്നും ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർമാർ ഭീഷണിയാണെങ്കിലും തങ്ങളുടെ സ്വാഭാവിക ശൈലിയിൽ കളിച്ചാൽ അട്ടിമറി സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്കറ്റ് വീഴ്ത്തുകയോ അല്ലെങ്കിൽ ബൗണ്ടറികൾ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ലളിതമായ തന്ത്രവുമായാണ് കിവീസ് നാളെ കളത്തിലിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications