ഇന്ത്യ മികച്ച ലീഡിലേക്ക് | Oneindia Malayalam
1
43623
അഡ്‌ലെയ്ഡ്: രണ്ടു ദിവസം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ 15 റണ്‍സിന്റെ നേരിയ ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ പിടിമുറുക്കി. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 151 റണ്‍സെടിത്തുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 166 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരനായ ചേതേശ്വര്‍ പുജാരയോടൊപ്പം (40*) മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അജിങ്ക്യ രഹാനെയാണ് (1*) ക്രീസില്‍.
ക്യാപ്റ്റന്‍ വിരാട് കോലി (34), ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (44), മുരളി വിജയ് (18) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓസീസിനായി ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യ വിക്കറ്റില്‍ വിജയ്-രാഹുല്‍ ജോടി 63 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ പുജാര-കോലി സഖ്യം 71 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയതാണ് കളിയില്‍ ഇന്ത്യയുടെ നില ഭദ്രമാക്കിയത്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 250 റണ്‍സ് പിന്തുടര്‍ന്ന കംഗാരുപ്പട മൂന്നാംദിനം രാവിലെ തന്നെ 235 റണ്‍സിനു പുറത്തായി. ഏഴിന് 191 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച ഓസീസിനെ സ്‌കോറിലേക്ക് 44 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. മൂന്നാം ദിനം വീണ മൂന്നു വിക്കറ്റുകളില്‍ രണ്ടും മുഹമ്മദ് ഷമി നേടി. ജസ്പ്രീത് ബുംറയ്ക്കാണ് മറ്റൊരു വിക്കറ്റ്. 72 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ ട്രാവിസ് ഹെഡ്ഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക് (15), ജോഷ് ഹാസ്ല്‍വുഡ് (0) എന്നിവരാണ് മൂന്നാംദിനം പുറത്തായത്. 167 പന്തില്‍ ആറു ബൗണ്ടറികളോടൊണ് ഹെഡ്ഡ് 72 റണ്‍സ് നേടിയത്. മഴയെത്തുടര്‍ന്ന് അല്‍പ്പം വൈകിയാണ് മൂന്നാംദിനം കളി പുനരാരംഭിച്ചത്.
നേരത്തേ 123 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 250 വരെയെത്തിച്ചത്. മുന്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ പുജാര ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ തന്റെ കന്നി സെഞ്ചറിയാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരൊന്നും അര്‍ധസെഞ്ച്വറി തികച്ചില്ല. രോഹിത് ശര്‍മ 37 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്തും ആര്‍ അശ്വിനും 25 റണ്‍സ് വീതമെടുത്തു പുറത്തായി.
ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഹാസ്ല്‍വുഡ് തന്നെയാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
ഇന്ത്യ പ്രതീക്ഷിച്ച തുടക്കം
മൂന്നാം ദിനം പ്രതീക്ഷിച്ച തുടക്കമാണ് ഇന്ത്യക്കു ലഭിച്ചത്. മഴ മൂലം വൈകി തുടങ്ങിയ കളിയുടെ നാലാം ഓവറില്‍ തന്നെ ഇന്ത്യ ഓസ്‌ട്രേലിയയുടെ എട്ടാം വിക്കറ്റ് പിഴുതു. ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കു ബ്രേക്ത്രൂ നല്‍കിയത്. 15 റണ്‍സെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കിനെ ബുംറ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സമ്മാനിക്കുകയായിരുന്നു. ഓസീസ് എട്ടിന് 204.
രസം കെടുത്തി മഴ
കളിയുടെ തുടക്കം വൈകിപ്പിച്ച മഴ ഒരിക്കല്‍ക്കൂടി മല്‍സരത്തിനു വില്ലനാവുന്നതാണ് പിന്നീട് കണ്ടത്. ഓസീസ് എട്ടിന് 204 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ മൂലം കളി നിര്‍ത്തേണ്ടിവന്നത്.
ഇതേ തുടര്‍ന്നു ഏഴോവര്‍ വെട്ടിക്കുറച്ചാണ് പിന്നീട് മല്‍സരം പുനരാരംഭിച്ചത്.
ഷമിയുടെ ഇരട്ട പ്രഹരം
ഹെഡ്ഡ്- നതാന്‍ ലിയോണ്‍ സഖ്യം വിക്കറ്റില്‍ പിടിതരാതെ ഇന്ത്യയെ അസ്വസ്ഥരാക്കുന്നതിനിടെയാണ് ഷമി രക്ഷകനായത്. ടീമിന്റെ ടോപ്‌സ്‌കോററായ ഹെഡ്ഡിനെ 99ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ഷമി പുറത്താക്കി. പന്ത് ക്യാച്ചെടുത്താണ് ഹെഡ്ഡ് ക്രീസ് വിട്ടത്.
തൊട്ടടുത്ത പന്തില്‍ അവസാന ബാറ്റ്‌സ്മാനായ ജോഷ് ഹാസ്ല്‍വുഡിനെ ആദ്യ ബോളില്‍ തന്നെ പന്തിന് സമ്മാനിച്ച് ഷമി ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഒടുവില്‍ വിജയ്-രാഹുല്‍ ജോടി ക്ലിക്ക്ഡ്
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ഓപ്പണര്‍മാരായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നു നല്‍കിയത്. ഓസീസ് ബൗളിങ് ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ട ഇരുവരും ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഈ സഖ്യം കരുത്താര്‍ജിക്കുന്നതിനിടെയാണ് വിജയ് മടങ്ങിയത്. 18 റണ്‍സെടുത്ത വിജയിയെ മിച്ചെല്‍ സ്റ്റാര്‍ക്ക് ഹാന്‍ഡ്‌സോംബിന്റെ കൈകളിലെത്തിക്കുകയായിരുന്നു
തുടക്കം മുതലാക്കാനാവാതെ രാഹുല്‍
തുടര്‍ച്ചയായി ഇന്നിങ്‌സുകളില്‍ ഫ്‌ളോപ്പായതിനെ തുടര്‍ന്ന് ടീമിലെ സ്ഥാനം തന്നെ ഭീഷണിയിലായ രാഹുല്‍ മികച്ച ഇന്നിങ്‌സാണ് രണ്ടാമിന്നിങ്‌സില്‍ കാഴ്ച്ചവച്ചത്. ആക്രമിച്ചു കളിച്ച രാഹുലിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് പക്ഷെ വലിയ ഇന്നിങ്‌സിലേക്കു മാറ്റാനായില്ല.
67 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുടമക്കം 44 റണ്‍സെടുത്ത് രാഹുല്‍ പുറത്താവുകയായിരുന്നു. ടീം സ്‌കോര്‍ 76ല്‍ വച്ച് ജോഷ് ഹാസ്ല്‍വുഡാണ് രാഹുലിനെ ടിം പെയ്‌നിന്റെ ഗ്ലൗസുകളിലെത്തിച്ചത്.
കൂട്ടുകെട്ട് തകര്‍ത്ത് ലിയോണ്‍
കോലി-പുജാര സഖ്യം മൂന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടെയാണ് ഓസീസ് നിര്‍ണായക ബ്രേക്ത്രൂ നേടിയത്.
കളി തീരാന്‍ കുറഞ്ഞ ഓവര്‍ മാത്രം ശേഷിക്കെയായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം. ലിയോണിന്റെ പന്തില്‍ ഫിഞ്ചാണ് കോലിയെ ക്യാച്ച് ചെയ്തു പുറത്താക്കിയത്. 104 പന്തില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.
Allow Notifications
You have already subscribed