ഔട്ടാണെന്ന് കരുതി ഇറങ്ങിപ്പോയി, തിരിച്ചുവന്ന് റിവ്യൂ കൊടുത്തപ്പോൾ നോട്ടൗട്ട്.. വിചിത്രം ഈ ഡിആർഎസ്!!

Posted By:

കൊൽക്കത്ത: നാടകീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഒന്നാം ടെസ്റ്റ്. ശ്രീലങ്കയുടെ ബാറ്റിംഗിനിടെ ഓൾറൗണ്ടർ ധിൽരുവൻ പെരേരയാണ് വിചിത്രമായ രീതിയില്‍ നോട്ടൗട്ടാണെന്ന് വിധിക്കപ്പെട്ടത്. ലങ്കൻ ഇന്നിംഗ്സിന്റെ അൻപത്തിയേഴാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമിയുടെ പന്തിൽ പെരേരയ്ക്കെതിരെ അംപയർ ലൈഗൽ ലോങ് എൽ ബി ഡബ്ലിയു വിധിക്കുകയായിരുന്നു.

അംപയർ ഔട്ട് വിളിച്ചതും പെരേര ഒന്നും നോക്കാതെ ക്രീസ് വിട്ടു. എന്നാൽ ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ എന്തോ ഓർത്തെന്നോണം തിരിച്ചുവന്ന പെരേര അംപയറുടെ തീരുമാനം റിവ്യൂ ചെയ്യുകയായിരുന്നു. പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വെച്ചാണ് പാഡിൽ തട്ടിയതെന്ന് റിവ്യൂവിൽ വ്യക്തമായതോടെ പെരേരയ്ക്ക് ജീവൻ തിരിച്ചുകിട്ടി. സംഭവം നടക്കുമ്പോൾ 7 പന്തിൽ റൺസൊന്നുമെടുത്തിരുന്നില്ല പെരേര. പിന്നീട് 27 പന്തുകൾ കളിച്ച പേരേരെ ഹെറാത്തിനൊപ്പം എട്ടാം വിക്കറ്റിൽ 43 റൺസ് ചേർത്തു.

dhilruvan

എന്നാൽ എന്ത് കൊണ്ടാണ് പെരേര ക്രീസ് വിട്ടതെന്നും എന്ത് കാരണം കൊണ്ടാണ് തീരുമാനം തിരിച്ചെത്തിയതെന്നും കളി കണ്ടവർ അത്ഭുതപ്പെടുകയാണ്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നേരത്തെ ബെംഗളൂരു ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡ്രസിങ് റൂമില്‍ നിന്നും സന്ദേശം സ്വീകരിച്ച് റിവ്യൂ കൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് അംപയർമാർ തടയുകയും ചെയ്തു. ഇതേച്ചൊല്ലി ഇന്ത്യ ഐ സി സിക്ക് പരാതി നൽകുക വരെ ഉണ്ടായി. ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 172നെതിരെ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 250 കടന്നിരിക്കുകയാണ്.

Story first published: Sunday, November 19, 2017, 12:29 [IST]
Other articles published on Nov 19, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍