ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 18 ഓവറില്‍ 1 വിക്കറ്റിന് 104 എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തുകയായിരുന്നു. ഫിന്‍ അലന്റെ (57) വിക്കറ്റാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. ഡെവോന്‍ കോണ്‍വേയും (38) കെയ്ന്‍ വില്യംസണും (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ഉമ്രാന്‍ മാലിക്കാണ് വിക്കറ്റ് നേടിയത്. രണ്ടാം മത്സരവും മഴമുടക്കിയിരുന്നു. ആദ്യ മത്സരം 7 വിക്കറ്റിന് ജയിച്ച കിവീസ് മൂന്ന് മത്സര പരമ്പര 1-0ന് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 47.3 ഓവറില്‍ 219 റണ്‍സാണ് നേടാനായത്. വാഷിങ്ടണ്‍ സുന്ദറിന്റെയും (51) ശ്രേയസ് അയ്യരുടെയും (49) ബാറ്റിങ്ങാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ന്യൂസീലന്‍ഡിനായി ആദം മില്‍നെയും ഡാരില്‍ മിച്ചലും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ടിം സൗത്തി രണ്ടും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഷോട്ട് ബോളുകളിലൂടെ തുടക്കത്തിലെ ഇന്ത്യന്‍ ഓപ്പണര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവീസ് പേസ് നിരക്കായി. സ്‌കോര്‍ബോര്‍ഡ് 39ല്‍ നില്‍ക്കവെ ശുബ്മാന്‍ ഗില്ലിനെ (22 പന്തില്‍ 13) ഇന്ത്യക്ക് ആദ്യം നഷ്ടമായി. ആദം മില്‍നെയുടെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. അധികം വൈകാതെ നായകന്‍ ശിഖര്‍ ധവാനും മടങ്ങി. 45 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ ധവാനെ ആദം മില്‍നെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. 16 പന്തുകള്‍ നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. മിച്ചലിന്റെ ഷോട്ട് ബോള്‍ തന്ത്രത്തില്‍ റിഷഭ് തലവെച്ചുകൊടുത്തു. പുള്‍ ഷോട്ടിന് ശ്രമിച്ച റിഷഭിന്റെ ഷോട്ട് ഗ്ലെന്‍ ഫിലിപ്സിന്റെ കൈയില്‍ ഭദ്രം. സഞ്ജു സാംസണെ പുറത്തിരുത്തി റിഷഭിനെ തുടര്‍ച്ചയായി പരിഗണിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു റിഷഭിന്റെ പ്രകടനം.
ടി20യിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന് വാഴ്ത്തപ്പെടുന്ന സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ വീണ്ടും അടിപതറിയിരിക്കുകയാണ്. 10 പന്തില്‍ 6 റണ്‍സ് മാത്രമെടുത്താണ് സൂര്യകുമാര്‍ പുറത്തായത്. മില്‍നെയുടെ പന്തില്‍ സ്ലിപ്പില്‍ ടിം സൗത്തിക്ക് ക്യാച്ച് നല്‍കിയാണ് സൂര്യകുമാറിന്റെ മടക്കം. ഒരുവശത്ത് പതിവ് ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍ 59 പന്തില്‍ 8 ബൗണ്ടറിയടക്കം 49 റണ്‍സ് നേടി മടങ്ങി. ഫിഫ്റ്റിക്ക് തൊട്ടടുത്ത് വെച്ച് ലോക്കി ഫെര്‍ഗൂസനെ സിക്സര്‍ പറത്താനുള്ള ശ്രമം ഡെവോന്‍ കോണ്‍വേയുടെ കൈയില്‍ ഭദ്രം.
സഞ്ജു സാംസണിന് പകരമെത്തിയ ദീപക് ഹൂഡക്കും കാര്യമായൊന്നും ചെയ്യാനായില്ല. 25 പന്ത് നേരിട്ട് 12 റണ്‍സെടുത്ത ഹൂഡ സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാദത്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് കിവീസ് നേടിയെടുത്തത്. ശര്‍ദുല്‍ ഠാക്കൂറിന് പകരം പ്ലേയിങ് 11ലെത്തിയ ദീപക് ചഹാര്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ 9 പന്തില്‍ 2 ബൗണ്ടറിയടക്കം 12 റണ്‍സെടുത്ത ദീപക് ചഹാറിനെ മിച്ചല്‍ സൗത്തിയുടെ കൈകളിലെത്തിക്കുകയായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനുള്ള ചഹാറിന്റെ ശ്രമം പാളിയപ്പോള്‍ അനായാസ ക്യാച്ച് നല്‍കി മടങ്ങേണ്ടി വന്നു.
അല്‍പ്പനേരം പിടിച്ചുനിന്ന യുസ് വേന്ദ്ര ചഹാല്‍ (8) മിച്ചല്‍ സാന്റ്നറുടെ പന്തില്‍ സൗത്തിക്ക് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ അര്‍ഷദീപ് സിങ്ങിനെ (9) മിച്ചല്‍ എല്‍ബിയിലും കുടുക്കി. ഒരുവശത്ത് ഫിഫ്റ്റിയോടെ വാഷിങ്ടണ്‍ സുന്ദര്‍ (51) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 64 പന്തില്‍ 5 ഫോറും 1 സിക്സുമാണ് സുന്ദര്‍ നേടിയത്. സുന്ദറിനെ പുറത്താക്കി സൗത്തി ഇന്ത്യയെ 47.3 ഓവറില്‍ 219 എന്ന സ്‌കോറിലേക്കൊതുക്കി.
പ്ലേയിങ് 11 - ഇന്ത്യ- ശുബ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ (ര), റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍
ന്യൂസീലന്‍ഡ്-ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (ര), ടോം ലാദം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ആദം മില്‍നെ, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍